ട്രെയിനുകൾ ഓഡിറ്റോറിയങ്ങളുമാകുന്നു. വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് ഇനി സഞ്ചരിക്കുന്ന ട്രെയിൻ വേദിയാകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള ട്രെയിനിലെ വിവാഹ പാക്കേജ് നിലവിൽ വന്നു.അതിഥികളുടെ എണ്ണം, ആവശ്യമായ ഭക്ഷണം, ആഡംബരം എന്നിവ മുൻകൂട്ടി അറിയിച്ചാൽ തിരഞ്ഞെടുക്കുന്ന പാതയിൽ വിവാഹം നടത്താം. അലയടിക്കുന്ന സമുദ്രത്തിന് മുകളിലെ രാമേശ്വരത്തെ പാലത്തിലോ ഭാരതപ്പുഴയുടേയോ നേത്രാവതി പുഴയുടേയോ പ്രവാഹത്തിന് മുകളിലോ വിവാഹമാകാം.
ട്രെയിനുകളുടെ നക്ഷത്ര സൗകര്യങ്ങൾ അനുസരിച്ചാകും നിരക്ക്. ഇന്ത്യൻ റെയിൽവേ കേറ്ററിങ്ങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ(ഐആർസിടിസി) നേതൃത്വത്തിലാണ് വിവാഹ പാക്കേജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഹാരാജ എക്സ്പ്രസ്, ഡെക്കാൻ ഒഡീസ്സി തുടങ്ങിയ നക്ഷത്ര ആഡംബര ട്രെയിനുകൾ ടൂറിസം മേഖലയിൽ ഇപ്പോൾ ഐആർസിടിസി ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശികളും വിദേശ ഇന്ത്യക്കാരും വിവാഹ പാക്കേജിൽ ആകൃഷ്ടരാകും എന്ന നിലയിലാണ് പദ്ധതിക്ക് തുടക്കം.