അന്യസംസ്ഥാനത്തു നിന്നെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ റീ റജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ മന്ത്രിതല സമിതി നടപടി തുടങ്ങുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ അംഗങ്ങളായ സമിതിയാവും വാഹന റജിസ്ട്രേഷൻ മാറ്റം സംബന്ധിച്ച ലഘൂകരിച്ച നടപടിക്രമങ്ങൾക്കു രൂപം നൽകുക. അന്യ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ ഒരു വർഷത്തിലേറെ കാലം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിച്ചാൽ വീണ്ടും നികുതിയടച്ചു പുതിയ റജിസ്ട്രേഷൻ നേടണമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. റീ റജിസ്ട്രേഷന്റെ ഗൗരവം മുൻനിർത്തി സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സംഘം അടുത്ത ആഴ്ചയോടെ ഈ വിഷയത്തിൽ ചർച്ച നടത്തി പരിഷ്കരണ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ.
സ്വന്തം നാട്ടിൽ നികുതി മടക്കി വാങ്ങിയിട്ടില്ലെങ്കിൽ രണ്ടു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പുതിയ സംസ്ഥാനത്തെത്തുമ്പോൾ വീണ്ടും നികുതി ഈടാക്കരുതെന്നു മന്ത്രിമാരുടെ ഈ ഉന്നതാധികാര സമിതി നേരത്തെ നിർദേശിച്ചിരുന്നു. വാഹന ഉടമ താമസം മാറുന്ന സാഹചര്യത്തിൽ പുതിയ സംസ്ഥാനത്തെത്തി 12 മാസത്തിനകം പുതിയ റജിസ്ട്രേഷൻ നേടണമെന്നാണ് 1988ലെ മോട്ടോർ വാഹന നിയമത്തിലെ 47—ാം വകുപ്പിലെ വ്യവസ്ഥ. ഇതിനായി പുതിയ സംസ്ഥാനത്തെ ഗതാഗത അതോറിട്ടി നിർദേശിക്കുന്ന റോഡ് നികുതി അടയ്ക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഘട്ടത്തിൽ തന്നെ 15 വർഷത്തേക്കു മുൻകൂർ നികുതി ഈടാക്കിയ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് ആദ്യ സംസ്ഥാത്ത് അടച്ച നികുതിയിൽ ബാക്കിയുള്ളതു മടക്കിക്കിട്ടാൻ അർഹതയുണ്ടെന്ന പ്രശ്നമുണ്ട്. ഇത്തരത്തിൽ ആദ്യ സംസ്ഥാനത്ത് അധികമായി ഈടാക്കിയ നികുതി മടക്കി നൽകുകയും പുതിയ സംസ്ഥാനത്തു വീണ്ടും നികുതി ഈടാക്കുകയുമൊക്കെ ചെയ്യുന്നതിലെ സങ്കീർണത ഒഴിവാക്കാനാണ് ഇപ്പോൾ മന്ത്രിതല സമിതി ആലോചിക്കുന്നത്. പകരം ആദ്യ സംസ്ഥാനത്ത് അടച്ച നികുതി തന്നെ കണക്കിലെടുത്ത് റജിസ്ട്രേഷൻ മാറ്റം സുഗമമാക്കാനുള്ള നടപടികളാവും സമിതി പരിഗണിക്കുക.