ബൈക്ക് മോഡിഫൈ ചെയ്താൽ റജിസ്ട്രേഷൻ റദ്ദാക്കും

മോടികൂട്ടാൻ വാഹനഭാഗങ്ങൾ ഭേദഗതി ചെയ്ത ഇരുചക്ര വാഹനങ്ങൾക്കെതിരെ കർശന നടപടിക്കു നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. ‘ചെത്തു ബൈക്കു’കൾക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇത്തരം വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനും വാഹനം പൂർവസ്ഥിതിയിലാക്കാനും നടപടിയെടുക്കണമെന്നാണു നിർദേശം. സംസ്ഥാനത്തെ എല്ലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും സർക്കുലറിന്റെ പകർപ്പ് എത്തിച്ചു.

മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച്, വാഹനഭാഗങ്ങൾ ഭേദഗതികൾ വരുത്തുന്നതിനുള്ള നിരോധനം എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാണെങ്കിലും ഇരുചക്ര വാഹനങ്ങൾക്കെതിരായ നടപടിക്ക് ഊന്നൽ നൽകിക്കൊണ്ടാണു സർക്കുലർ. വാഹനങ്ങളിൽ വരുത്തുന്ന മാറ്റം മൂലം അപകടത്തിൽ പെടുന്നതിൽ 60–70 ശതമാനവും ഇരുചക്രവാഹനങ്ങളായതിനാലാണ് ഇക്കാര്യത്തിൽ കർശന നടപടി ലക്ഷ്യമിടുന്നതെന്നു ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

പൊതുവിൽ കാണുന്ന മോടികൂട്ടലിന്റെ ദോഷഫലങ്ങൾ കോടതിവിധിയിൽ പരാമർശിച്ചതു സർക്കുലറിന്റെ ഭാഗമാക്കിയിട്ടുണ്ട്. സൈലൻസർ മാറ്റി, ചെകിടുപൊട്ടിക്കുന്ന ശബ്ദത്തിൽ വാഹനങ്ങൾ ചീറിപ്പായിക്കുന്നതും, കമ്പനി ഹാൻഡിൽ മാറ്റി പൈപ്പ്/ട്യൂബ് പോലെയുള്ളവ പിടിപ്പിക്കുന്നതും മഡ്ഗാർഡ് ഒഴിവാക്കുന്നതും മൂലമുള്ള ദൂഷ്യങ്ങൾ കോടതി പ്രത്യേകം പരാമർശിച്ചിരുന്നു. പിൻസീറ്റു യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയിലും സാരിഗാർഡും ഒഴിവാക്കരുതെന്നും ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റിനു പകരം കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ അനുവദിക്കരുതെന്നും കോടതി പറഞ്ഞതും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ നിയമവിരുദ്ധമായി ഭേദഗതി ചെയ്യുന്നതിനെതിരെ കഴിഞ്ഞ സെപ്റ്റംബർ നാലിനു പുറപ്പെടുവിച്ച ഓഫിസ് കത്തിന്റെ തുടർച്ചയായാണു പുതിയ സർക്കുലർ.