മൂല്യമേറിയ നോട്ടുകൾ വിലക്കിയതടക്കം സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ ഇരുചക്രവാഹന നിർമാതാക്കളെ പ്രതിസന്ധിയി ലാക്കുമ്പോഴും മികച്ച മുന്നേറ്റത്തിന്റെ തിളക്കത്തിലാണ് ഐഷർ ഗ്രൂപ്പിൽപെട്ട ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ്. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് ജനുവരിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ അഞ്ച് ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ‘ക്ലാസിക് 350’ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 39,391 ‘ക്ലാസിക് 350’ ആണു റോയൽ എൻഫീൽഡ് വിറ്റത്; 2016 ജനുവരിയിൽ വിറ്റ 27,362 യൂണിറ്റിനെ അപേക്ഷിച്ച് 43.96% അധികമാണിത്. പണലഭ്യതയിലെ പരിമിതികളെ അതിജീവിച്ചും ഹീറോയുടെ ‘സ്പ്ലെഡർ’ കഴിഞ്ഞ മാസവും മോട്ടോർ സൈക്കിൾ വിൽപ്പന കണക്കെടുപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2016 ജനുവരിയിൽ 1,99,345 ‘സ്പ്ലെൻഡർ’ വിറ്റത് കഴിഞ്ഞ മാസം 2,08,512 എണ്ണമായി വർധിച്ചു. രണ്ടാം സ്ഥാനം ഹീറോയുടെ തന്നെ ‘എച്ച് എഫ് ഡീലക്സി’നാണ്; 2016 ജനുവരിയിൽ 1,07,272 യൂണിറ്റ് വിറ്റത് കഴിഞ്ഞ മാസം 1,22,202 എണ്ണമായതോടെ ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കും ‘ഡീലക്സി’നു സ്വന്തമായി.
ഹോണ്ടയുടെ ‘സി ബി ഷൈൻ’ 70,294 യൂണിറ്റും ഹീറോ ‘പാഷൻ’ 56,335 യൂണിറ്റുമാണു കഴിഞ്ഞ മാസം വിറ്റത്. ഹീറോ ‘ഗ്ലാമറി’നും ബജാജ് ‘പൾസറി’നുമാണു കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ കനത്ത തിരിച്ചടി നേരിട്ടത്. 38,204 ‘ഗ്ലാമറാ’യിരുന്നു കഴിഞ്ഞ മാസം വിറ്റത്; 2016 ജനുവരിയിൽ വിറ്റ 63,009 യൂണിറ്റിനെ അപേക്ഷിച്ചു പകുതിയോളമാണിത്. 2016 ജനുവരിയിൽ 46,314 യൂണിറ്റ് വിറ്റ ബജാജ് ‘പൾസറി’ന്റെ കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 36,456 എണ്ണമായി കുറഞ്ഞു.
കഴിഞ്ഞ മാസം ഏറ്റവുമധികം വിൽപ്പന നേടിയ ആദ്യ 10 മോട്ടോർ സൈക്കിളുകൾ ഇവയാണ്(റാങ്ക്, മോഡൽ, 2016 ജനുവരിയിലെ വിൽപ്പന എന്ന ക്രമത്തിൽ):
1. ഹീറോ സ്പ്ലെൻഡർ — 2,08,512
2. ഹീറോ എച്ച് എഫ് ഡീലക്സ് — 1,22,202
3. ഹോണ്ട സി ബി ഷൈൻ — 70,294
4. ഹീറോ പാഷൻ — 56,335
5. ബുള്ളറ്റ് ക്ലാസിക് 350 — 39,391
6. ഹീറോ ഗ്ലാമർ — 38,204
7. ബജാജ് പൾസർ — 36,456
8. ബജാജ് പ്ലാറ്റിന — 23,963
9. ഹോണ്ട ഡ്രീം — 18,794
10. ഹോണ്ട യൂണികോൺ — 18,654.