സ്പെയിൻകാരൻ ‘ടാൽഗോ 250’ ബുള്ളറ്റ് ട്രെയിനിനു ബദൽ. രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന പദവിയിൽ നിന്നു ഗതിമാൻ എക്സ്പ്രസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയ ടാൽഗോ വരും ദിനങ്ങളിൽ ഇരുനൂറിലേറെ കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം നടത്തും.
∙ ചെലവു കുറവ്, ഊർജലാഭം
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലോടിയാണ് ഡൽഹി–ആഗ്ര റൂട്ടിൽ ഗതിമാൻ ആദ്യം റെക്കോർഡിട്ടത്. മൂന്നാം പരീക്ഷണത്തിൽ അനായാസം 180 കിലോമീറ്റർ കൈവരിച്ച ടാൽഗോ അതിനെ മറികടന്നു. മഥുര–പൽവൽ റൂട്ടിൽ 84 കിലോമീറ്റർ പിന്നിട്ടതു 39 മിനിറ്റുകൊണ്ട്. ടാൽഗോ ഓടിക്കാൻ പാളങ്ങളിലും സിഗ്‌നലിങ് സംവിധാനത്തിലും ചെറിയ പരിഷ്കാരങ്ങൾ മതി. ടാൽഗോ കോച്ചുകൾക്കു ഭാരം കുറവായതുകൊണ്ടു 30% ഊർജലാഭം. രാജധാനി, ശതാബ്ദി കോച്ചുകളെക്കാൾ വിലയും പരിപാലനച്ചെലവും കുറയും. ഇതേസമയം, മുംബൈ–അഹമ്മദാബാദ് റൂട്ടിലെ നിർദിഷ്ട ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്ന ആകെ ചെലവ് ഒരു ലക്ഷം കോടിയോളം രൂപ.
∙ പ്രാതൽ ഡൽഹിയിൽ, അത്താഴം നാട്ടിൽ
ബുള്ളറ്റ് ട്രെയിനിനു വേഗം 300–350 കിലോമീറ്റർ. പേരു സൂചിപ്പിക്കുന്നതു പോലെ, 250 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവുംവിധമാണു ടാൽഗോ 250ന്റെ രൂപകൽപന. നമ്മുടെ പാളങ്ങളിൽ ടാൽഗോയുടെ വേഗം, ശബ്ദം, കുലുക്കം, സുരക്ഷിതത്വം, സ്ഥിരത എന്നിവയാണു റെയിൽവേ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ടാൽഗോ പരീക്ഷ പാസായാൽ ഡൽഹിയിൽ നിന്നു പുലർച്ചെ പുറപ്പെട്ട് അത്താഴത്തിനു കേരളത്തിലെത്താം, ഏറെ വൈകാതെ.
∙ കഫത്തീരിയ, പവർ കാർ
പരീക്ഷണാർഥം ഇന്ത്യയിലെത്തിയതു മൂന്നു മാസം മുൻപ്. ഓരോ ട്രെയിനിലും എക്സിക്യൂട്ടീവ് ക്ലാസ് കാറുകൾ, ചെയർ കാറുകൾ, കഫത്തീരിയ, പവർ കാർ, സ്റ്റാഫ് കാർ. ഓരോ യാത്രക്കാരനും ഫുട് റെസ്റ്റ്, റീഡിങ് ലൈറ്റ്, മേശ, ഓഡിയോ എന്റർടെയിൻമെന്റ് എന്നിവയുണ്ട്. പൊതുവായി വിഡിയോ മോണിറ്ററുകളും. സാധാരണ ട്രെയിനുകളെക്കാൾ യാത്രച്ചെലവു കൂടുമെങ്കിലും ഇന്ത്യയ്ക്കിണങ്ങിയ ‘ബുള്ളറ്റാ’യേക്കും ടാൽഗോ.