ടാറ്റ മോട്ടേഴ്സ് സഫാരി തലമുറയിലെ ഇളമുറക്കാരനായ സ്റ്റോം പുറത്തിറക്കി. പതിനൊന്നാമത് നാഡ വാഹനമേളയിൽ (NADA Auto Show) വെച്ചാണു പുതിയ എസ് യു വി മോഡൽ ടാറ്റ അവതരിപ്പിച്ചത്. സെസ്റ്റ്, ബോൾട്ട്, ഇ എക്സ്ട്രാ തുടങ്ങിയ മോഡലുകളും മേളയിൽ പ്രദർശിപ്പിച്ചു.
സെസ്റ്റിനു സമാനമായി ഡ്രൈവ് നെക്സ്റ്റ്, കണക്ട് നെക്സ്റ്റ് കണക്ടിവിറ്റി ഫീച്ചറുകൾ സ്റ്റോമിലുണ്ട്. 2.2 ലിറ്റർ വാരികോർ എൻജിൻ. അഞ്ചു സ്പീഡ് ഗിയർ. 150 പിഎസ്, 320 എൻഎം ടോർക്ക് കരുത്തുള്ള വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 14 സെക്കൻഡുകൾ മതി. 14.1 കിലോമീറ്ററാണ് ഇന്ധനക്ഷമത.
എൽസിഡി സ്ക്രീൻ, ബ്ലൂടൂത്ത് കണക്ടിവിറ്റി, എഎം-എഫ്എം റേഡിയോ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 4x4 വേരിയന്റ് എത്തുന്നത് ഇലക്ട്രോണിക് ഷിഫ്റ്റ്-ഓണ്‍-ഫ്ലൈ (ESOF) ഫീച്ചർ സഹിതം. ഓട്ടത്തിനിടയിൽ തന്നെ 4x2 മോഡിലേയ്ക്കു മാറുവാൻ ഈ ഫീച്ചർ അനുവദിക്കുന്നു.
രണ്ടു വർഷം അല്ലെങ്കിൽ 75000 കിലോമീറ്റർ - ഇവയിലാദ്യം പൂർത്തിയാകുന്നതിനു വാറണ്ടി. എൽ എക്സ് വിഎക്സ് തുടങ്ങി രണ്ടു വേരിയന്റുകൾ. നേപ്പാളിൽ 42.25 ലക്ഷമാണ് പ്രാരംഭ വിലയെങ്കിലും ഇന്ത്യയിലെ വിലയെപ്പറ്റി അറിവായിട്ടില്ല.