കരസേനയ്ക്ക് 1,200 മൾട്ടി ആക്സിൽ ട്രക്കുകൾ വിൽക്കാനുള്ള കരാർ ലഭിച്ചതായി പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഏതെങ്കിലും ഇന്ത്യൻ കമ്പനിക്ക് കരസേന നൽകുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു.
വെടിക്കോപ്പുകളുടെയും സ്പെയറുകളുടെയും മറ്റു തന്ത്രപ്രധാന ഉപകരണങ്ങളുടെയും കയറ്റിറക്കിനായി സഞ്ചാരക്ഷമതയേറിയ 1,200 സിക്സ് ബൈ സിക്സ് മൾട്ടി ആക്സിൽ ട്രക്കുകളാണു കരസേനയ്ക്കു ലഭ്യമാക്കുകയെന്നും കമ്പനി വിശദീകരിച്ചു. 25 മാസത്തോളം നീണ്ട പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്ന ഓൾ വീൽ ഡ്രൈവ് മോഡലായ ‘സിക്സ് ബൈ സിക്സ്’ കരസേന തിരഞ്ഞെടുത്തതെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും മികച്ച പ്രകടനമാണ് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാറ്റ മോട്ടോഴ്സ് ‘സിക്സ് ബൈ സിക്സ്’ മൾട്ടി ആക്സിൽ ട്രക്ക് കാഴ്ചവച്ചതെന്നു നിർമാതാക്കൾ അവകാശപ്പെട്ടു.
ഇന്ത്യൻ സായുധ സേനകളിൽ നിന്നുള്ള ഏറ്റവും വലിയ ഓർഡർ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനൊൺ നൊറോണ അഭിപ്രായപ്പെട്ടു. ടാറ്റ മോട്ടോഴ്സിന്റെ ബിസിനസ് തന്ത്രങ്ങൾക്കും ഈ മേഖലയിലെ വളർച്ചാ സാധ്യതയ്ക്കുമുള്ള തെളിവു കൂടിയാണ് ഈ അംഗീകാരം. പുതിയ ട്രക്കുകൾ വൈകാതെ കരസേനയ്ക്കു കൈമാറി തുടങ്ങുമെന്നും നൊറോണ വെളിപ്പെടുത്തി.