ടാറ്റ മോട്ടോഴ്സിന്റെ ‘മാജിക് മന്ത്ര’ അടുത്ത മാസം

Tata Magic

ചെറു വാണിജ്യ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുതുമുഖമായ ‘മാജിക് മന്ത്ര’ അടുത്ത മാസം വിൽപ്പനയ്ക്കെത്തും. രാജ്യത്തെ പൊതുഗതാഗത മേഖല ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിച്ച ‘ടാറ്റ മാജിക്കി’ന്റെ പുതുവകഭേദമാണു ‘മാജിക് മന്ത്ര’. ഇതുവരെ മൂന്നു ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണു ‘മാജിക്കും’ വിവിധ വകഭേദങ്ങളും ചേർന്നു നേടിയത്. ‘മാജിക് മന്ത്ര’യ്ക്കൊപ്പം ‘മാജിക്’ ശ്രേണിയിൽ നിലവിലുള്ള മോഡലുകളുടെ വിൽപ്പനയും തുടരുമെന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.

‘ടാറ്റ മാജിക്’ ഇടംപിടിക്കുന്ന യാത്രക്കാർക്കുള്ള ചെറു വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനിക്ക് 85 ശതമാനത്തിലേറെ വിപണി വിഹിതമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ്(പ്രോഡക്ട് സ്ട്രാറ്റജി ആൻഡ് പ്ലാനിങ്) ആർ രാമകൃഷ്ണൻ അവകാശപ്പെട്ടു. കരുത്തേറിയ, 40 ബി എച്ച് പി ഡീസൽ എൻജിനുമായെത്തുന്ന ‘മാജിക് മന്ത്ര’ കൂടിയാവുന്നതോടെ ഈ വിഭാഗത്തിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘മാജിക്കി’ന്റെ അടിസ്ഥാന മോഡലുകൾക്കു കരുത്തേകുന്നത് 16 ബി എച്ച് പി എൻജിനാണ്.

ഇടപാടുകാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണു ടാറ്റ മോട്ടോഴ്സ് ‘മാജിക് മന്ത്ര’ അവതരിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ വിശദീകരിച്ചു. ‘മാജിക്’ ശ്രേണിയിൽ തന്നെ കൂടുതൽ ദൂരം പിന്നിടാനും വേഗം കൈവരിക്കാനും കയറ്റങ്ങൾ കീഴടക്കാനും കഴിവുള്ള വാഹനമാണു വിപണി ആഗ്രഹിച്ചത്. ഇവയെല്ലാം സാധ്യമാക്കാനാണു 40 ബി എച്ച് പി കരുത്തുള്ള, മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന, കോമൺ റയിൽ ഡീസൽ എൻജിനുമായി ‘മാജിക് മന്ത്ര’യുടെ വരവ്. അതേസമയം പുതിയ ‘മാജിക്കി’ന്റെ വിലയെക്കുറിച്ചു രാമകൃഷ്ണൻ സൂചനയൊന്നും നൽകിയില്ല. നിലവിൽ ‘മാജിക്’ ശ്രേണിയിൽപെട്ട രണ്ടായിരത്തോളം വാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് മാസം തോറും വിൽക്കുന്നത്. ‘മാജിക് മന്ത്ര’യുടെ വരവിനു മുന്നോടിയായി ഈ ശ്രേണിയുടെ വാറന്റി ഇരട്ടിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്; ഇപ്പോഴത്തെ ഒരു വർഷം അഥവാ 36,000 കിലോമീറ്ററിനു പകരം രണ്ടു വർഷം അഥവാ 72,000 കിലോമീറ്ററാവും ‘മാജിക്കി’ന്റെ പുതിയ വാറന്റി.

വിജയങ്ങളേറെ കൊയ്ത ‘എയ്സ്’ പ്ലാറ്റ്ഫോം ആധാരമാക്കി വികസിപ്പിച്ച ‘മാജിക്’ 2007 ജൂണിലാണ് അരങ്ങേറ്റം കുറിച്ചത്. പൊതുഗതാഗത വിപണി ലക്ഷ്യമിട്ടെത്തുന്ന, നാലു വീലുള്ള ആദ്യ ചെറു വാണിജ്യ വാഹനമായിരുന്നു ‘മാജിക്’. നിലവിൽ നാലു വകഭേദങ്ങളിലാണു ‘മാജിക്’ വിൽപ്പനയ്ക്കുള്ളത്: ‘മാജിക് ഡീസൽ’(ബി എസ് മൂന്നും നാലും), ‘മാജിക് സി എൻ ജി’(ബി എസ് നാല്), ‘മാജിക് ഐറിസ് ഡീസൽ’(ബി എസ് മൂന്നും നാലും), ‘മാജിക് ഐറിസ് സി എൻ ജി’(ബി എസ് നാല്). 2007 ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ, ഉത്തരാഖണ്ഡിലെ പന്ത്നഗർ ശാലയിൽ നിന്നാണു ‘മാജിക്’ നിരത്തിലെത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ ‘എയ്സ്’ ശ്രേണിയിലെ ചെറു വാണിജ്യ വാഹനങ്ങളുടെ മൊത്തം വിൽപ്പന 15 ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു.