ആഭ്യന്തര വിപണിയിലെ തിരിച്ചടികൾ അതിജീവിക്കാൻ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് കയറ്റുമതി ഊർജിതമാക്കുന്നു. വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കും മറ്റു വിദേശ വിപണികളിലേക്കുമുള്ള ബസ്, ട്രക്ക് കയറ്റുമതി മൂന്നിരട്ടിയായി വർധിപ്പിക്കാനാണു കമ്പനിയുടെ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ സാമ്പത്തിക മേഖലയിൽ കാര്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും ബസ്, ട്രക്ക് വിഭാഗത്തിൽ വിൽപ്പന മെച്ചപ്പെടാത്തതു ടാറ്റ മോട്ടോഴ്സിനെ പോലുള്ള നിർമാതാക്കളെ വിഷമവൃത്തത്തിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലാഭക്ഷമത മെച്ചപ്പെടുത്താൻ വിദേശ വിപണികളിലെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണു കമ്പനിയുടെ തീരുമാനം.
കയറ്റുമതിക്ക് കമ്പനി ഇപ്പോൾ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 45,000 വാഹനങ്ങൾ കയറ്റുമതി ചെയ്തത് മൂന്നു നാലു വർഷത്തിനകം ഒന്നര ലക്ഷമാക്കി ഉയർത്താനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിലവിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലദേശും നേപ്പാളുമൊക്കെയാണു ടാറ്റ മോട്ടോഴ്സിന്റെ പ്രധാന കയറ്റുമതി വിപണികൾ. വൈകാതെ മധ്യ പൂർവ മേഖലയിലെയും ദക്ഷിണ പൂർവ ഏഷ്യയിലെയും വിപണികളേക്കു കയറ്റുമതി ഊർജിതമാക്കാനാണു കമ്പനിയുടെ പരിപാടി.
ഇതിൽ പല വിപണികളിലും പ്രാദേശിക നിർമാതാക്കൾ ഇല്ലെന്നു രവി പിഷാരടി ചൂണ്ടിക്കാട്ടുന്നു. അതിനാൽ യൂറോപ്യൻ നിർമാതാക്കളോടാണു കമ്പനിയുടെ മത്സരം. എതിരാളികളുടെ മോഡലുകളുമായി കിട പിടിക്കുന്ന വാഹനങ്ങൾ 10% വിലക്കിഴിവിൽ വിൽക്കാൻ കഴിയുമെന്നത് അനുകൂല ഘടകമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയിലെ കയറ്റിറക്കങ്ങളെ മറികടക്കാൻ കയറ്റുമതിയെ ആശ്രയിക്കാനാവുമെന്നാണു പിഷാരടിയുടെ വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലെ വാഹന കയറ്റുമതിയിൽ ടാറ്റ മോട്ടോഴ്സ് 39% വളർച്ച കൈവരിച്ചിരുന്നു. 13,000 വാഹനങ്ങളാണു കമ്പനി ഈ കാലത്തു കയറ്റുമതി ചെയ്തത്. ഇക്കാലത്ത് ആഭ്യന്തര വിപണിയിലെ വിൽപ്പനയാവട്ടെ ഒരു ശതമാനം ഇടിവോടെ 66,000 യൂണിറ്റായിരുന്നു.
ഇന്ത്യയിലെ ട്രക്ക് വിൽപ്പന പൂർണമായും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടാണു നിലനിൽക്കുന്നത്. ഖനന, നിർമാണ മേഖലകളിൽ ഉണർവുണ്ടായാൽ ട്രക്ക് വിൽപ്പനയിലും കാര്യമായ പുരോഗതി കൈവരുമെന്നാണു വിലയിരുത്തൽ.