ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്ലോഗ്രാമിന്റെ ക്രാഷ് ടെസ്റ്റിൽ ഇന്ത്യയിലെ പല ജനപ്രിയ കാറുകളും തകർന്നപ്പോൾ നാലു സ്റ്റാറുമായി മുന്നേറുകയാണ് ടാറ്റയുടെ കോംപാക്റ്റ് സെഡാൻ സെസ്റ്റ്. സെസ്റ്റിന്റെ രണ്ടു പതിപ്പുകളിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ എയർബാഗ് ഇല്ലാത്ത മോഡൽ പരാജയപ്പെട്ടപ്പോള്‍ എയർബാഗ് ഓപ്ഷനായുള്ള മോഡല്‍ നാലു സ്റ്റാർ നേടി.
ആദ്യം ക്രാഷ് ടെസ്റ്റിൽ പൂർണ്ണമായും പരാജയപ്പെട്ട സെസ്റ്റിൽ മാറ്റം വരുത്തിയാണ് രണ്ടാം പ്രാവശ്യവും ടാറ്റ എത്തിയത്. വാഹനത്തിന്റെ ഘടനയ്ക്ക് ചെറുതായി ബലം കൂട്ടിയ ടാറ്റ എയർബാഗും പുതിയ സീറ്റ് ബെൽറ്റും കാറിൽ കൂട്ടിച്ചേർത്തു. നിലവിലെ പ്രൊഡക്ഷൻ മോഡലിൽ ഇല്ലാത്ത മാറ്റങ്ങളാണ് ടാറ്റ വരുത്തിയത്. എന്നാൽ ഇനി പുറത്തിറങ്ങുന്ന വാഹനങ്ങളിലെല്ലാം ഈ മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ചെറിയ മാറ്റങ്ങളിലൂടെ വാഹനം എങ്ങനെ സുരക്ഷിതമാക്കാം എന്ന് കാണിച്ചുതരികയാണ് ടാറ്റ ചെയ്തതെന്നാണ് ഗ്ലോബൽ എൻസിഎപി സെക്രട്ടറി ഡേവിഡ് വാർഡ് പറഞ്ഞത്. 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 3 സ്റ്റാറുമാണ് ലഭിച്ചത്.