ഇവർ മൈലേജിലെ രാജാക്കന്മാർ

റോക്കന്റിന്റെ വരെ മൈലേജ് എത്രയാണെന്ന് ചോദിക്കുന്നവരുള്ള നാടാണ് നമ്മുടേത്. അതിനാൽ തന്നെ ഇന്ത്യൻ വാഹന നിർമാതാക്കളുടെ വജ്രായുധം മൈലേജാണ്. മൈലേജ് യുദ്ധത്തിൽ ജയിക്കുന്നവരാണ് ഇവിടുത്തെ രാജാക്കന്മാർ. നമ്മുടെ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് അവകാശവാദവുമായി വരുന്ന അഞ്ച് വാഹനങ്ങളെ പരിചയപ്പെടാം.

മാരുതി സിയാസ് ഹൈബ്രിഡ്-28.09 കി മീ

Ciaz

ഡീസൽ ഹൈബ്രിഡ് എൻജിനുമായി എത്തുന്ന സിയാസ് ഇന്ത്യയിൽ ഏറ്റവുമധികം മൈലേജുള്ള വാഹനങ്ങളിലൊന്നാണ്. ലീറ്ററിന് 28.09 കി മി. സിയാസ് എസ് എച്ച് വി എസ് വാഗ്ദാനം ചെയ്യുന്നത്. പൂർണ ഹൈബ്രിഡ് കാറല്ല സിയാസ്. ലൈറ്റ് ഹൈബ്രിഡ് എന്നു വിശേഷിപ്പിക്കാം. ഇതിലെ പ്രധാന ഘടകം ഒരു സ്റ്റാർട്ട്-സ്റ്റോപ് സംവിധാനമാണ്. വാഹനം ചലനമില്ലാതെ കിടന്നാൽ എൻജിൻ പ്രവർത്തനം അവസാനിപ്പിക്കും. ക്ലച്ചിൽ കാലമർത്തിയാൽ എൻജിൻ വീണ്ടും പ്രവർത്തനം തുടങ്ങും. ഇത്തരത്തിൽ ഇന്ധനം ലാഭിക്കുന്നതുകൊണ്ടാണ് കൂടുതൽ മൈലേജ് ലഭിക്കുന്നത്. ഫീയറ്റുമായി ചേർന്ന് വികസിപ്പിച്ച 1.3 ലിറ്റർ എൻജിൻ തന്നെയാണ് ഡീസൽ ഹൈബ്രിഡിലും. 4000 ആർപിഎമ്മിൽ 89 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 200 എൻ‌എം ടോർക്കുമുണ്ട് കാറിന്.

മൈലേജ് കൂട്ടാം ഈസിയായി

Celerio Diesel

മാരുതി സെലേറിയോ ഡീസൽ - 27.62 കി മീ

മൈലേജിന്റെ കാര്യത്തിൽ‌ മുൻനിരയിലുള്ള മാരുതിയുടെ മറ്റൊരു കാറാണ് സെലേറിയോ ഡീസൽ. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച 793 സി സി, ഇരട്ട സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3500 ആർ പി എമ്മിൽ പരമാവധി 47 ബി എച്ച് പി കരുത്താണ് ഈ ചെറിയ ഡീസൽ എൻജിൻ സൃഷ്ടിക്കുക; 2000 ആർ പി എമ്മിൽ പരമാവധി 125 എൻ എം ടോർക്കും. രാജ്യത്തെ ഏറ്റവും പ്രവർത്തനചെലവു കുറഞ്ഞ കാർ എന്ന പെരുമയുമായെത്തുന്ന സെലേറിയോയ്ക്ക് ലീറ്ററിന് 27.62 കിലോമീറ്ററാണു ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ ആർ എ ഐ) സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത.

Baleno

മാരുതി ബലേനോ ഡീസൽ - 27.39 കി മീ

മാരുതി അടുത്തിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. പുത്തൻ വിപണന ശൃംഖലയായ ‘നെക്സ’ വിൽപ്പനയ്ക്കെത്തിക്കുന്ന ബലേനൊയുടെ എഐർഎഐ സാക്ഷിപ്പെടുത്തിയ മൈലേജ് ലീറ്ററിന് 27.39 കിലോമീറ്ററാണ്. പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയിൽ 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനാണ് ഉപയോഗിക്കുന്നത്. 4000 ആർപിഎമ്മിൽ 74 ബിഎച്ച്പി കരുത്തും 2000 ആർപിഎമ്മിൽ 190 എൻ‌എം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

Jazz

ഹോണ്ട ജാസ് - 27.3 കിമീ

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത 27.3 കിമീയാണ്. വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിക്കാത്തതുകൊണ്ട് പിൻവലിക്കേണ്ടി വന്ന ജാസിന്റെ രണ്ടാം വരവ് ഹോണ്ട ആഘോഷമാക്കി. ഡീസൽ എൻജിനുമായി എത്തുന്ന ഹോണ്ടയുടെ ആദ്യ ചെറുകാറാണ് ജാസ്. അമെയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 3600 ആർപിഎമ്മിൽ 98 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കും.

Swift Dzire

മാരുതി സ്വിഫ്റ്റ് ഡിസയർ ഡീസൽ - 26.5 കിമീ

ഇന്ത്യയിൽ ഏറ്റവുമധികം മൈലേജുള്ള കോംപാക്റ്റ് സെഡാനാണ് സ്വിഫ്റ്റ് ഡിസയർ ഡീസൽ. 26.5 കിമീയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഫിയറ്റുമായി ചേർന്ന് വികസിപ്പിച്ച 1.3 ലിറ്റർ എൻജിൻ തന്നെയാണ് ഡീസൽ ഹൈബ്രിഡിലും. 4000 ആർപിഎമ്മിൽ 75 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 190 എൻ‌എം ടോർക്കുമുണ്ട് കാറിന്.