തേഡ് പാർട്ടി ഇൻഷുറൻസ്: അറിയേണ്ടതെല്ലാം

പേരുപോലെ തന്നെ മൂന്നാമതൊരാൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയാണ് തേഡ് പാർട്ടി ഇൻഷുറൻസ്, അതായത് പോളിസി എടുത്ത വാഹനയുടമയൊഴികെയുള്ളവരുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുന്ന പോളിസി. ഇതിൽ ആദ്യ പാർട്ടി വാഹനഉടമയും രണ്ടാമത്തെ പാർട്ടി ഇൻഷുറൻസ് കമ്പനിയുമാണ്. ആദ്യ പാർട്ടിയുടെ വാഹനം മൂലം മറ്റുള്ളവർക്കുണ്ടാകുന്ന (മൂന്നാം പാർട്ടി) ജീവനാശത്തിനും നാശ നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാമെന്നു രണ്ടാമത്തെ പാർട്ടി കരാർ വെയ്ക്കുന്നു. 

ഒരു വാഹനത്തിന്റെ തേഡ് പാർട്ടി ഇൻഷുറൻസ് നാലു ഘടകങ്ങൾ ചേർന്നതാണ്. തേഡ് പാർട്ടി ബേസിക് പ്രീമിയം, ഓണർ കം ഡ്രൈവർക്കുള്ള കംപൽസറി പഴ്സനൽ ആക്സിഡന്റ് പ്രീമിയം, ഡ്രൈവർ അല്ലെങ്കിൽ ക്ലീനർക്കുള്ള ലീഗൽ ലയബിലിറ്റി പ്രകാരമുള്ള വൈഡർ കവറേജ് പ്രീമിയം, യാത്രക്കാരെ കയറ്റുന്ന വാഹനമാണെങ്കിൽ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാനുള്ള പാസഞ്ചർ പ്രീമിയം തുടങ്ങിയവയാണിത്. സർവീസ് ടാക്സും ചേർത്ത് അടയ്ക്കുമ്പോൾ മാത്രമേ ഒരു തേഡ് പാർട്ടി ഇൻഷുറൻസ് പൂർണമാകുന്നുള്ളു. വാഹനാപകടംമൂലം മൂന്നാമതൊരു വ്യക്തിക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷുറൻസ് കമ്പനികൾ കൊടുക്കുന്നത് നേരത്തെ പറഞ്ഞ തേഡ് പാർട്ടി ബേസിക് പ്രീമിയത്തിൽ നിന്നാണ്. 

വാഹന ഇൻഷുറൻസ് രണ്ടുതരമാണ്. ഒന്ന്: വാഹനവിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി. രണ്ട്: മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. 

വാഹനാപകടം മൂലം  പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽനിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം. എന്നാൽ വസ്തുവകകൾക്കു നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി സംഖ്യ 7.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 

വാഹനത്തിന്റെ ഐഡിവി അഥവാ കമ്പോള വില, വാഹനത്തിന്റെ കപ്പാസിറ്റി, ഏത് ആവശ്യത്തിനുപയോഗിക്കുന്നു, കാലപ്പഴക്കം എന്നിവ അടിസ്ഥാനമാക്കിയാണ് പാക്കേജ് പോളിസി അഥവാ ഫുൾ കവർ ഇൻഷുറൻസിൽ പ്രീമിയം നിശ്ചയിക്കുന്നത്. എന്നാൽ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വാഹനത്തിന്റെ എൻജിൻ കപ്പാസിറ്റിയും മറ്റു ഘടകങ്ങളും അടിസ്ഥാനപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ചതായതിനാൽ അതാത് വാഹനങ്ങളുടെ പട്ടിക പ്രകാരമാണ് പ്രീമിയം അടയ്ക്കേണ്ടത്. തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ യാതൊരുവിധ കിഴിവുകളും ലഭ്യമല്ല.