ഒഴിവാക്കാം ടയർ പൊട്ടിയുള്ള അപകട ഭീഷണി

Tyre Burst Accident
SHARE

എക്സ്പ്രസ്‌വേകളും നാലുവരി ദേശീയപാതകളുമൊക്കെയായി രാജ്യത്തെ റോഡുകളുടെ നിലവാരം ഉയർന്നതോടെ വാഹനങ്ങളുടെ വേഗമേറി; അതോടൊപ്പം ടയർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും കുത്തനെ ഉയർന്നു. വേനൽ കനക്കുകയും മൊത്തത്തിൽ ചൂടേറുകയും ചെയ്തതോടെ ടയർ പൊട്ടാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. അതിവേഗം പായുന്ന വാഹനത്തിന്റെ ടയർ പൊട്ടുന്നതോടെ ഗുരുതര അപകടങ്ങൾക്കാണു വഴിയൊരുങ്ങുന്നത്. ടയർ പൊട്ടി നിയന്ത്രണം വിടുന്നതോടെ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും മറ്റും ഗുരുതര അപകടങ്ങൾ തന്നെ സംഭവിക്കാൻ ഇടയാവുന്നതു പതിവാണ്.

പെട്ടെന്നു ടയർ പൊട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

∙ ഇടയ്ക്കിടെ വിശ്രമം: ചൂടേറിയ ദിവസം ടയറുകളെ തണുപ്പിക്കാനുള്ള മികച്ച മാർഗമാണ് ഇടയ്ക്കിടെയുള്ള വിശ്രമം. വാഹനം ഓട്ടം നിർത്തുന്നതോടെ തന്നെ ടയറിലെ വായുവിന്റെ താപനില കുറഞ്ഞുതുടങ്ങും. അതിനാൽ ഓട്ടത്തിനിടെ ഇടയ്ക്കിടെ വിശ്രമിച്ചാൽ ടയറിലെ വായുവിന്റെ താപനില ക്രമാതീതമായി ഉയരുന്നതു തടയാം.

∙ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ കടക്കരുത്: വാഹനത്തിന്റെ വേഗം കൂടുന്നതോടെ റോഡും ടയറുകളുമായുള്ള ഘർഷണവും വർധിക്കുമെന്ന് ഓർക്കുക. ഘർഷണം വർധിക്കുന്നതോടെ ടയറിനുള്ളിലെ വായുവിന്റെ താപനിലയും ഉയരും. അതിനാൽ വേനൽക്കാലത്ത് അതിവേഗം ഒഴിവാക്കുക. കഴിവതും മണിക്കൂറിൽ 100 കിലോമീറ്ററിൽ താഴെ മാത്രം വേഗത്തിൽ വാഹനം ഓടിക്കുക; ഇതുവഴി ടയറിലെ വായുവിന്റെ താപനില പരിധിക്കുള്ളിൽ നിലനിർത്താം.

∙ ടയറിലെ മർദം നിലനിർത്തുക; തണുത്ത ടയറിൽ കൃത്യമായി വായു നിറയ്ക്കുക: ടയറുകളിൽ നിർദിഷ്ട മർദത്തിലാണു വായു നിറച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. ടയർ പൊട്ടിത്തെറിക്കുന്നതു തടയുന്നതിൽ ശരിയായ വായുമർദം സുപ്രധാനമാണ്. ദീർഘദൂരയാത്രയ്ക്കു മുമ്പ് നിർബന്ധമായും ടയറുകളിലെ മർദം പരിശോധിക്കുന്നതു ശീലമാക്കുക. 

∙ നിലവാരമുള്ള ടയർ ഉപയോഗിക്കുക: ടയറിനു പഴക്കമേറുന്നതോടെ പാർശ്വഭിത്തികൾ ദുർബലമാകും; ഇത്തരം ടയറുകൾ എളുപ്പത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കഴിവതും കാലപ്പഴക്കമേറിയ ടയറുകൾ ഉപേക്ഷിക്കുക. ട്രെഡ് അവശേഷിച്ചാലും ഇല്ലെങ്കിലും തേയ്മാനം കുറവാണെങ്കിലുമൊക്കെ ആറു വർഷത്തിലധികം ഒരേ ടയർ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

∙ അമിതഭാരം അരുത്:  വാഹനത്തിൽ റോഡുമായി നിരന്തര ബന്ധത്തിലുള്ള ഏക ഭാഗമാണു ടയർ. അതുകൊണ്ടുതന്നെ അമിതഭാരം അതിസമ്മർദം സൃഷ്ടിക്കുന്നതും ടയറുകളിലാണ്. അമിതഭാരത്തിന്റെ ഫലമായി ടയർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നു പ്രത്യേകം ഓർക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA