ബുള്ളറ്റ് വെള്ളത്തില്‍ മുങ്ങിയാൽ ?

bullet
SHARE

കേരളത്തിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. വാഹനവും വീടുമെല്ലാം വെള്ളത്തിനടിയിലായി. വെള്ളത്തിലായ കാർ നന്നാക്കുന്നതിനെപ്പറ്റി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ബുള്ളറ്റ് വെള്ളത്തിലായാലോ? അതും ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന പഴയ ബുള്ളറ്റ്. പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ കാസ്റ്റ് അയൺ ബുള്ളറ്റ് നന്നാക്കിയെടുക്കുന്നതിനെപ്പറ്റി ലാലേഷ് സുരേന്ദ്രൻ പറയുന്നു.

കാസ്റ്റ് അയൺ ബുള്ളറ്റ് പൂർണമായി വെള്ളത്തിൽ മുങ്ങി പോയി...എന്തു ചെയ്യും..? നന്നാക്കി വീണ്ടും ഉപയോഗിക്കും...അല്ലാതെന്താ ചെയ്യുക ....വെള്ളം കേറി ചീത്തയായി പോകുമെന്ന് പ്രചരിപ്പിച്ചത് ചില ഏജൻസികളാണ്...കാറിന്റെ ബോഡിയുടെ കാര്യത്തിൽ അത് ഏകദേശം ശരിയാണ്..മഴ പെയ്യുക വെള്ളപൊക്കം ഇതൊക്കെ പ്രകൃതി പ്രതിഭാസമാണ്..അതിനെ തടയാനാവില്ല...വെള്ളം കേറിയ വണ്ടിയെന്നൊക്കെ പറയാൻ തുടങ്ങിയായാലൊക്കെ എങ്ങനാ...? മഴയത്ത് ആരും വണ്ടി ഓടിക്കാറില്ലേ...? ഉപ്പുവെള്ളമൊന്നുമല്ലല്ലോ മഴയായി പെയ്യുന്നത്...വെള്ളത്തിൽ കുറെ ദിവസം മുങ്ങി കിടന്നു പോയി..അത്രേയുള്ളൂ...ഇതു തക്കാളിയോ മാങ്ങയോ കമ്പ്യൂട്ടറോ ഒന്നുമല്ല ചീത്തയായി പോകാൻ ...മെറ്റൽ കൊണ്ട് നിർമിച്ച ഒരു യന്ത്രമാണ്...ഷാസി ഉൾപ്പെടെ എല്ലാ സ്‌പെയറും വാങ്ങാൻ കിട്ടുന്ന ഇക്കാലത്തു അതിനപ്പുറം വലിയ പ്രാധാന്യമൊന്നും നൽകേണ്ടതില്ല...എൻജിനുൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ തങ്ങി നിൽക്കുന്ന വെള്ളം നീക്കം ചെയ്യുക...പഴയതുപോലെ ഉപയോഗിക്കുക...അത്രേയുള്ളൂ...ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നാൽ കുറച്ചു ടെക്‌നിക്കൽ, ഇലക്ട്രിക്കൽ കുഴപ്പങ്ങളൊക്കെ ഉണ്ടാവും..ചിലത് ഉടൻ പരിഹരിക്കേണ്ടവ ആയിരിക്കും.. ബാക്കിയുള്ളവ കാലക്രമേണ ഉണ്ടാവുന്നു...അതു മുൻകൂട്ടി തിരിച്ചറിഞ്ഞു പരിശോധിച്ചു ശരിയാക്കിയാൽ പിന്നെ നോ പ്രോബ്ലം...

ബ്രിട്ടീഷ് ഡിസൈൻ ആയതിനാൽ കാസ്റ്റ് അയൺ ബുള്ളറ്റ് ഒരു സൈഡിൽ നിന്ന് വിവരിക്കാൻ തുടങ്ങിയാലേ പറ്റൂ...നിരവധി കാര്യങ്ങളുണ്ട്..വണ്ടിയുടെ ഘടകങ്ങൾ നിർമിച്ചിരിക്കുന്ന മെറ്റീരിയലുമായി ബന്ധപ്പെട്ടാണ് വെള്ളം കയറി പ്രശ്‍നങ്ങൾ ഉണ്ടാവുക..ഒരു മോട്ടോർ സൈക്കിളിൽ ബാറ്ററി, അല്ലോയ്‌സ്, അയൺ, കോപ്പർ, പ്ലാസ്റ്റിക്ക്, റബ്ബർ, സ്പോഞ്ച്, ഓയിൽ, ഗ്രീസ്, പെയിന്റ് ഇവയെല്ലാമുണ്ട്...പല രീതിയിലാണ് ഇവയെയെല്ലാം ബാധിക്കുക. ആദ്യം ഇലക്ട്രിക്കൽ പവർ സപ്ലൈയിൽ നിന്ന് തുടങ്ങണം.


യാതൊരു കാരണവശാലും വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിക്കരുത്. എൻജിൻ ചേംബറിനുള്ളിൽ നിറഞ്ഞിരിക്കുന്ന വെള്ളം കംപ്രസ് ആകും. പിസ്റ്റൺ കണക്റ്റിംഗ് റാഡ് ചേംബർ എല്ലാം തകരാറിലാകും. പിന്നെ എൻജിൻ പണിയേണ്ടി വരും.

1) ബാറ്ററി ഡിസ് കണക്ട് ചെയ്യുക. ബാറ്ററിയിൽ വെള്ളം കയറിയിട്ടുണ്ടോ എന്നു ചെക്ക് ചെയ്യണം .വെള്ളം കയറിയാൽ ഗ്രാവിറ്റി നഷ്ടമായി വാട്ടർ ചാർജിംഗിനെ ബാധിക്കും. ഹെഡ്‌ലാംപ് ഉപയോഗിക്കുമ്പോൾ വേഗത്തിൽ ചാർജ് കുറയും. ബാറ്ററി ലൈഫ് കുറയും.

2) ഫ്രണ്ട് ബാക്ക് വീൽ റിമ്മിനും ട്യൂബിനും ഇടയിൽ വെള്ളം/ചളി കയറി ഇരിക്കാൻ സാധ്യത. വീൽ കമ്പികൾ അലൈന്‍മെന്റ് ചെയ്തശേഷം പഴയ ട്യൂബ് കട്ടു ചെയ്തു റിബൺ പോലെ റിമ്മിനുള്ളിൽ ഇട്ടിട്ടുണ്ടാവും, കമ്പി കുത്തികയറി പഞ്ചർ ആവാതിരിക്കാനാണ്. ഇതിനുള്ളിൽ ഈർപ്പം/ചളി തങ്ങിയിരുന്നാൽ റിം വേഗത്തിൽ തുരുമ്പിക്കും, പൊടിഞ്ഞു പോകും. അഴിച്ചു ചെക്ക് ചെയ്യുക. വൃത്തിയാക്കി പെയിന്റ് ചെയ്യുക. മുന്നിലേയും പിന്നിലേയും ടയറുകൾ പരിശോധിക്കുക.

3) മുന്നിലേയും പിന്നിലേയും ബ്രേക്ക് ഷൂ നനഞ്ഞു കുതിർന്നു ലൈനർ ഇളകി വരുന്നുണ്ടോ എന്നു ചെക്ക് ചെയ്യുക. ഓട്ടത്തിൽ തനിയെ ഇളകി വന്നു ബ്രേക്ക് ജാമാകാൻ സാധ്യതയുണ്ട്. മുന്നിലേയും പിന്നിലേയും ബ്രേക്ക് കാം തുരുമ്പു കയറാൻ സാധ്യത ഉള്ളതിനാൽ രണ്ടു യൂണിറ്റും അഴിച്ചു വൃത്തിയാക്കി ഗ്രീസ് ഇടുന്നത് ഭാവിയിൽ കാം ജാമാവുന്നത് തടയും.

4) ഹാൻഡിൽ ബാറിനുള്ളിൽ വെള്ളം ഉണ്ടോയെന്ന് ഗ്രിപ്പ് ഊരി പരിശോധിക്കണം, ഉണ്ടെങ്കിൽ ഡ്രൈ ആക്കി ഓയിൽ സ്പ്രേ ചെയ്താൽ മതി.

5) ക്ലച്ച്, ആക്സിലറേറ്റർ, ഡീ കംപ്രസർ, സ്പീഡോ മീറ്റർ & ഫ്രണ്ട് ബ്രേക്ക് കേബിൾ എന്നിവയിൽ ഓയിൽ ഒഴിക്കുക. വെള്ളം കയറി കേബിളിനുള്ളിലെ ലൂബ്രിക്കന്റ് നഷ്ടമാകും.

6) ഫ്രണ്ട് ഫോർക്ക് ഓയിൽ വെള്ളം കയറിയിട്ടുണ്ടോ എന്നു ചെക്ക് ചെയ്യുക. ഉണ്ടെങ്കിൽ പുതിയ ഓയിൽ നിറയ്ക്കുക.

7) സ്പീഡോ & ആംപിയർ മീറ്റർ ഊരി ഉണക്കി എടുക്കുക. ഹെയർ ഡ്രയർ ഉപയോഗിച്ച് ചൂടാക്കിയാലും മതി. ആംപിയർ മീറ്റർ ചെക്ക് ചെയ്യുമ്പോൾ പഴയതുപോലെ നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ചലിക്കുക ആണെങ്കിൽ വെള്ളം കയറി തകരാറിലായി എന്നു മനസിലാക്കാം. സ്പീഡോ മീറ്റർ എന്തൊക്കെ ചെയ്താലും കുറെ നാൾ കഴിയുമ്പോൾ തുരുമ്പ് കയറി ചീത്തയാകും..

8) ഹെഡ് ലൈറ്റ്, പാർക്ക് ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ ബൾബുകൾ എന്നിവ അഴിച്ചു ഹോൾഡർ വൃത്തിയാക്കിയതിനു ശേഷം ഉണകകുക. പാർക്ക് ലൈറ്റുകൾ അതിന്റെ ബോഡി എന്നിവ ഏർത്ത് ക്ളീനാക്കണം.

9) ഇഗ്നിഷൻ ഓൺ ഓഫ് കീ ഹോൾനു ഉള്ളിൽ ഓയിൽ ഒഴിക്കണം തുരുമ്പ് കയറും. ഹാൻഡിൽ സ്വിച്ചുകൾ ഇളക്കി ചെളിയൊക്കെ ഉണ്ടെങ്കിൽ നീക്കം ചെയ്തു ഉണക്കിയെടുക്കണം. ഹോൺ സ്വിച്ച് വൃത്തിയാക്കിയെടുക്കണം. വയറിംഗ് സോൾഡറിങ് വിട്ടു പോയി അല്ലെങ്കിൽ കട്ട് ആയി നൂൽ കമ്പി ബോഡിയിൽ ടച്ചയാൽ ഫ്യൂസ് പോകും, അല്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആവില്ല. ഇരുഭാഗങ്ങളും പരിശോധിക്കേണ്ടതാണ്.

10) പെട്രോൾ ടാങ്ക് അടപ്പിന്റെ കീ ഹോളിലൂടെ ഓയിൽ ഒഴിച്ച് ഫ്രീ ആക്കണം. തുരുമ്പു കയറും. ടാങ്ക് അഴിച്ചു ഉള്ളിലുള്ള വെള്ളം കലർന്ന പെട്രോൾ നീക്കം ചെയ്തു ഉണക്കി എടുക്കുക.

11) എയർ ഫിൽറ്റർ നീക്കം ചെയ്യുക. പുതിയത് ഇടേണ്ടി വരും, അല്ലെങ്കിൽ നല്ലതുപോലെ കഴുകി ഉണക്കി എടുക്കുക.

12) കാർബറേറ്റർ അഴിച്ചു വൃത്തിയാക്കുക. ഉണക്കിയെടുക്കുക.

13) ഇഗ്നിഷൻ കോയിൽ, പോസിറ്റീവ്-നെഗറ്റീവ്, സ്പാർക്ക് പ്ലഗിലേക്കുള്ള കണക്റ്റിംഗ് പോയിന്റ് എച്റ്റി കേബിൾ, ബൂട്ട് എന്നിവ വൃത്തിയാക്കുക.

14) സൈലെൻസർ ഊരി മാറ്റി കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യുക.

15) ഡി കംപ്ലസർ യൂണിറ്റ് ഉള്ളിൽ തുരുമ്പു കയറും ഓയിൽ ഒഴിച്ച് ഫ്രീ ആകുക. അല്ലെങ്കിൽ അതിനുള്ളിലെ വാൽവ് റിട്ടേൺ വരാതെ ഓപ്പൺ ആയാൽ സ്റ്റാർട്ട് ആവില്ല. കിക്കർ ഫ്രീ ആയി താഴേക്ക് പോരും എൻജിൻ പ്രെഷർ കുറയും വലി, മൈലേജ്, ടോർക്ക് എന്നിവ കുറയും. എൻജിൻ നോക്കിങ്ങ് ഉണ്ടാവും.

16) സ്പാർക്ക് പ്ലെഗ് ഊരി മാറ്റി കിക്ക് ചെയ്താൽ എൻജിനിൽ വെള്ളം ഉണ്ടെങ്കിൽ പുറത്തേക്ക് തെറിച്ചു പോകും. സ്പാർക്ക് പ്ലെഗ് മാറ്റേണ്ട ആവശ്യമില്ല.

17) ഓയിൽ ഫിൽറ്റർ അഴിക്കുക. എൻജിന് താഴെയുള്ള ബോൾട്ടുകൾ അഴിച്ചു ഓയിൽ തുറന്നു വിടുക. പുറത്തേക്കുള്ള ഓയിൽ വരവ് നിൽക്കുമ്പോൾ ആ ഓയിൽ ഫിൽറ്റർ തന്നെ ഡീസലിൽ കഴുകി ഫിറ്റ് ചെയ്യുക. റോക്കെർ ആം ഡോർ തുറക്കുക. മുകളിൽ ജലാംശമുണ്ടോയെന്നു നോക്കുക. ഒന്നര ലിറ്റർ ഡീസൽ ഫിൽ ചെയ്യുക, മുകളില്‍ കൂടിയും ഒഴിക്കുക. ഡീസലിന്റെ പ്രത്യേകത വെള്ളവുമായി കലരും. വണ്ടി സ്റ്റാർട്ട് ചെയ്യുക. ഒരു മിനിറ്റ് പ്രവർത്തിപ്പിക്കുക. ടാപെറ്റ് ഡോർ വഴിയും ഡീസൽ ഒഴിച്ച് കൊടുക്കാം. കുറച്ചു കഴിഞ്ഞു ഫ്ലെഷ് ചെയ്യുക എഞ്ചിനകം വൃത്തിയാകും. പുതിയ ഓയിൽ ഫിൽറ്റർ & ഓയിൽ ഫിൽ ചെയ്യുക.

18) എൻജിൻ സൈഡ് കവർ ടോപ് എൻഡിൽ ജലാംശം ഉണ്ടെങ്കിൽ ഒരിക്കലും പുറത്തേക്കു വരില്ല. ടൈമിംഗ് വീൽ സൈഡ് കവർ അഴിച്ചാൽ ബാക്കിയുള്ള ജലാംശവും നീക്കം ചെയ്യാം. വണ്ടി വളരെ പെർഫെക്റ്റ് ആയിരിക്കണമെന്ന് ചിന്തിക്കുന്നവർക്ക് മാത്രം.

19) ടൈമിംഗ് യൂണിറ്റ് അഴിച്ചു വൃത്തിയാക്കുക. കോൺടാക്ട് പോയിന്റ്കൾ വൃത്തിയാക്കുക. ടൈമിംഗ് കാം സൈഡിൽ ഗ്രീസ് നിറയ്ക്കണം.

20) ക്ലെച്ച് & ഗിയർ ബോക്സിൽ വെള്ളം കയറും. പഴയ ഓയിൽ നിറച്ച്, കുറച്ചു ദിവസം ഓടിയിട്ടു പിന്നെ പുതിയ ഓയിൽ നിറച്ചാൽ മതിയാകും. ഗിയർ ബോക്സിൽ ഗ്രീസ് & ഓയിൽ നിറയ്ക്കുക. ക്ലെച്ചും ഗിയർ ബോക്സും ഒരേ സമയത്ത് ഇതുപോലെ ചെയ്യുന്നതാണ് നല്ലത്.

21) ഷാസിയിൽ ഉള്ള ഹോളുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. എയർ അടിച്ചു കളയുക. അല്ലെങ്കിൽ ആ ഹോൾ വഴി ഓയിൽ സ്പ്രേയ ചെയ്തു കൊടുക്കുക.

22) ബാക്കിലെ നമ്പർ പ്ലേറ്റ് അഴിച്ചു ചെക്ക് ചെയ്യുക. ചെളി അടിഞ്ഞു കൂടിയിരുന്നാൽ ബാക്ക് മഡ്‌ ഗാർഡ് തുരുമ്പിച്ച് പൊടിഞ്ഞു പോകും. ക്ലീൻ ചെയ്തു ഗ്രീസ് പുരട്ടുക. കൂട്ടത്തിൽ നമ്പർ പ്ലേറ്റ് ബോക്സിനുള്ളിലെ ഇലക്ട്രിക്കൽ ജോയിന്റ്കൾ വൃത്തിയാക്കുക. ബ്രേക്ക് ലൈറ്റ് ഹോൾഡർ പരിശോധിച്ച് വൃത്തിയാക്കണം.

23) ഇലക്ട്രിക്കൽ മെയിൻ ഏർത് ബാറ്ററി ബോക്സിനു പിറകിലായാണ് സ്ഥിതി ചെയ്യുന്നത്, അത് വൃത്തിയാക്കണം. കുറച്ചു ഓയിൽ / ഗ്രീസ് പുരട്ടുക. ജോയിന്റ് കണക്ഷൻ എല്ലാം സാൻഡ് പേപ്പർ കൊണ്ട് ഉരച്ചുശരിയാക്കുക. ഏതെങ്കിലും കാരണവശാൽ ഫ്യൂസ് തുടരെ തുടരെ പോകുന്നുണ്ടെങ്കിൽ എവിടെയോ ഷോർട്ട് സർക്യൂട്ട് ഉണ്ട്. ഹാൻഡിൽ സ്വിച്ച് ഉൾപ്പടെ എല്ലായിടവും പരിശോധിക്കണം.

24) സീറ്റിനുള്ളിലെ സ്പോഞ്ചിൽ വെള്ളം കെട്ടി കിടക്കും. അത് ക്രമേണ തുരുമ്പ് കയറി ഒടിഞ്ഞു പോകും. സീറ്റ് ഇളക്കി സ്‌പോഞ്ച് മാറ്റുക, ആ സീറ്റ് ഫ്ലാറ്റ് ഫോം പെയിന്റ് അടിച്ചു എടുക്കുക പുതിയതായി സീറ്റ് അടിക്കുക.

25) ക്രാഷ് ഗാർഡ് സൈലൻസർ പൈപ്പ് കയർ (Rope)ചുറ്റിയിട്ടുണ്ടെങ്കിൽ അഴിച്ചു ഉണക്കണം.

26) നിലവിലുള്ള പെയിന്റിംഗ് മോശമാണെങ്കിൽ തുരുമ്പിക്കാൻ സാധ്യതയുണ്ട്. കുറെ മാസത്തിനു ശേഷം പെയിന്റിംഗിൽ കുമിള പോലെ കാണപ്പെടുന്നു എങ്കിൽ തുരുമ്പ് പൊങ്ങുകയാണ്. വീണ്ടും പെയിന്റ് ചെയ്യേണ്ടി വരും.

Note - ചില ടൈപ്പ് എഞ്ചിനുകളിൽ അതിന്റെ ഡിസൈൻ കാരണം എൻജിൻ ഓയിൽ ജലാംശം പൂർണമായും നീക്കം ചെയ്യാൻ സാധിക്കില്ല. എന്തൊക്കെ ചെയ്താലും കുറച്ചു എൻജിനുള്ളിൽ തങ്ങി നിൽക്കും അത് പുതിയ ഓയിലുമായി കലർന്ന് വീണ്ടും പഴയ പടി ആകും. എൻജിൻ അഴിച്ചു റീസ്റ്റോർ ചെയ്തു പൂർണമായി നീക്കിയാലും ബുള്ളറ്റ് ഓയിൽ ത്രെഡ് ഉള്ള ടൈപ്പ് ഡീപ്പ് സ്റ്റിക്ക് ആണെങ്കിൽ വാട്ടർ സർവീസ് ചെയ്യുമ്പോൾ വീണ്ടും കയറും. എന്നാൽ പ്രെസ്സിങ് ടൈപ്പ് ഡീപ് സ്റ്റിക്കിൽ ഈ പ്രോബ്ലം ഉണ്ടാകില്ല. ഓയിലിൽ ജലാംശമുണ്ടെങ്കിൽ ക്രമേണ എഞ്ചിനുള്ളിൽ ഒരു ചളി പോലുള്ള മിശ്രിതം രൂപപ്പെടും. ഇത് ഓയിൽ പമ്പിങ്ങിനെ ബാധിക്കും. എൻജിൻ ഓവർ ഹീറ്റാകും. ഓരോ 2000 - 2500 Km കഴിയുമ്പോഴോ എല്ലാ വർഷമോ ഡീസൽ ഒഴിച്ച് ഫ്ലെഷ് ചെയ്ത ശേഷം പുതിയ ഓയിൽ നിറയ്ക്കുക. വെള്ളം കലർന്ന ഓയിൽ മാറാറായതിന്റെ സൂചനയാണ് എൻജിൻ ഓവർ ഹീറ്റിങ്‌.

എൻജിൻ ഓയിലിൽ വെള്ളം കലർന്ന് പ്രവർത്തിച്ചാൽ അതിൽ പുതിയ കെമിക്കൽസ് രൂപപ്പെടും. കെമിക്കൽ ആക്ഷൻ ഉള്ള ഈ ഓയിൽ കൈകളിലോ മുഖത്തോ വീണാൽ ചൊറിച്ചിലുണ്ടാകും. കണ്ണുകളിൽ വീഴാതെ സൂക്ഷിക്കുക. വീണാൽ ഉടൻ തന്നെ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ പല തവണ കഴുകുക. ഇൻഫെക്ഷൻ ഉണ്ടാകും. ഡോക്ടറെ കാണേണ്ടി വരും.

പുതിയ മോഡൽ UCE ബുള്ളറ്റ് കുറച്ചു കാര്യങ്ങളൊഴികെ ബാക്കി എല്ലാം ഇതേ രീതിയൊക്കെ തന്നെയാണ്. മറ്റു 100, 150, 220 cc ബൈക്കുകൾ ഫ്യുവൽ ഇഞ്ചക്ടർ ECU പവർ ബൈക്കുകൾ ബാറ്ററി ഡിസ്കണക്ട് ചെയ്തതിനുശേഷം വെള്ളം നീക്കം ചെയ്യുക. ടാങ്ക്കാർബറേറ്റർ അഴിച്ചു വൃത്തിയാക്കുക. സൈലൻസർ ഊരി അതിനുള്ളിലെ വെള്ളം നീക്കം ചെയ്യുക. പ്ലെഗ് ഊരി മാറ്റി കിക്കർ അടിച്ചാൽ എൻജിനുള്ളിലെ വെള്ളം പുറത്തേക്ക് തെറിച്ചു പോകും. പുതിയ എയർ ഫിൽറ്റർ ഇടുക. എഞ്ചിനുള്ളിലെ വാട്ടർ കലർന്ന ഓയിൽ നീക്കം ചെയ്ത ശേഷം ഇലക്ട്രിക്ക് ചെക്ക് ചെയ്യുക. ഒരു ലീറ്റർ ഡീസൽ നിറച്ചു കുറച്ചു നേരം പ്രവർത്തിപ്പിച്ചിട്ടു ആ ഡീസൽ നീക്കം ചെയ്യുക. പുതിയ ഓയിൽ നിറക്കുക, സ്റ്റാർട്ട് ആക്കുക. ഡ്രം ബ്രേക്ക് ആണെങ്കിൽ ബ്രേക്ക് ഷൂസ് പരിശോധിക്കുക. സ്പാർക്ക് പ്ലെഗ് മാറേണ്ട കാര്യമില്ല. മിസ്സിംഗ് കാണിക്കുന്നുവെങ്കിൽ ഇലക്ട്രിക്കൽ കണക്‌ഷൻ ബോഡി ഏർത് പരിശോധിക്കുക. സി.ഡി.യൂണിറ്റ് സി,വി, കാർബുറേറ്റർ സ്പാർക്ക് പ്ലഗിലേക്കുള്ള എച്ച്.റ്റി കേബിൾ & ബൂട്ട് പരിശോധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA