മിക്ക വാഹന നിർമാതാക്കളും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളെ വിവിധ കാറ്റഗറികളിൽപെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ കാർപറ്റ് വരെ വെള്ളം കയറിയവ, സീറ്റ് വരെ വെള്ളം കയറിയവ, ഡാഷ് ബോർഡിൽ വെള്ളം കയറിയവ, ആകമാനം വെള്ളത്തിൽ മുങ്ങിപ്പോയവ എന്നിങ്ങനെ വിവിധ കാറ്റഗറികൾ. ഡാഷ്ബോർഡിൽ വെള്ളം കയറിയ മിക്ക വാഹനങ്ങളും ടോട്ടൽ ലോസ് /കൺസ്ട്രക്ടീവ് ടോട്ടൽ ലോസ് ആയിട്ടുണ്ട്. പ്രളയത്തിൽ വാഹനം മുഴുവനായും മുങ്ങിപ്പോയവരും ഡാഷ് ബോർഡിൽ വെള്ളം കയറിയവരും നിരവധി പേരുണ്ട്. അതിനാൽ തന്നെ ടോട്ടൽ ലോസിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് കേരള ഹെഡ് ജോൺ ഫിലിപ്പ് നമ്മുടെ സംശയങ്ങൾ ദൂരീകരിക്കുന്നു:
ഐആർഡിഎ പോലെ ശക്തമായ ഒരു മാർക്കറ്റ് റെഗുലേറ്ററിനു താഴെയാണ് എല്ലാ ഇൻഷുറൻസ് കമ്പനികളും പ്രവർത്തിക്കുന്നത് എന്നതുകൊണ്ടു തന്നെ വിവിധ കമ്പനികളുടെ പോളിസി രേഖകൾക്ക് ഏറെക്കുറെ സമാന സ്വഭാവവുമാണുള്ളത്.
* നഷ്ടം കണക്കാക്കിയ ശേഷം വാഹനത്തിന്റെ ഐഡിവി (ഇൻഷുർ ചെയ്ത വില) യേക്കാൾ വാഹനം നന്നാക്കി എടുക്കുന്ന തുക കൂടിയാൽ, അല്ലെങ്കിൽ 75 ശതമാനത്തിൽ കൂടിയാൽ ടോട്ടൽ ലോസ് ആയി കണക്കാക്കി ഉടമയ്ക്ക് ഐഡിവി (ഇൻഷുർ ചെയ്ത വില) ഏകദേശം മുഴുവനായും നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനികൾ നൽകുന്നു.
* ടോട്ടൽ ലോസിൻമേലുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഐഡിവിയിൻമേൽ ഡിപ്രിസിയേഷൻ (വിലയിടിവ്) സംഭവിക്കുന്നില്ല. പോളിസി കാലാവധി മുഴുവൻ ഏകദേശം മൊത്തം ഐഡിവി തന്നെ നഷ്ടപരിഹാരമായി ലഭിക്കുന്നു.
* ടോട്ടൽ ലോസ് ആയ ഫിനാൻസ് (ബാങ്ക് വായ്പ) ഉള്ള വാഹനങ്ങളുടെ നഷ്ടപരിഹാരം, ഫിനാൻസ് ചെയ്ത ബാങ്കിന്റെ എൻഒസി ഇല്ലതെ ഇൻഷുറൻസ് കമ്പനികൾക്ക് ഒത്തുതീർപ്പാക്കാനാവില്ല.
* ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ, വാഹനത്തിന്റെ ആർസി ബുക്കിനോടൊപ്പം വാഹനം കൈമാറ്റം ചെയ്യുവാൻ ആവശ്യമായ വിവിധ ഫോമുകളും ഇൻഷുറൻസ് കമ്പനികൾക്ക് ഒപ്പിട്ട് നൽകേണ്ടതുണ്ട്. പ്രളയത്തിൽ ടോട്ടൽ ലോസ് ആയ വാഹനത്തിന് ഏകദേശം മുഴുവൻ ഐഡിവി യും നഷ്ടപരിഹാരമായി നൽകിക്കൊണ്ട് ആ വാഹനം ഉടമയിൽനിന്ന് ഏറ്റെടുത്ത് തുടർനടപടികൾ കൈക്കൊള്ളേണ്ട വിവേചനാധികാരം ഇൻഷുറൻസ് കമ്പനികൾക്കുണ്ട്. അതിനാൽ തന്നെ വാഹനം കൈമാറ്റം ചെയ്യാൻ ആവശ്യമായ രേഖകൾ നൽകാതെ ടോട്ടൽ ലോസിന്റെ നഷ്ടപരിഹാരം സാധ്യമാകുകയില്ല. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന പല കാര്യങ്ങളും നഷ്ടപരിഹാരത്തിന് കാലതാമസം വരുത്തുന്നു.
* ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ ആർസി ബുക്കും കൈമാറ്റ രേഖകളും ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം ലഭിക്കാൻ നൽകുന്നതുകൊണ്ടുതന്നെ സർക്കാരിലേക്ക് മുൻകൂർ അടച്ച റോഡ് ടാക്സിന്റെ റീഫണ്ട് നടപ്പില്ല. അതേസമയം ഇതിനായി ആഡ് ഓൺ കവർ എടുത്തവർക്ക് ഇൻഷുറൻസ് കമ്പനികൾ തന്നെ നഷ്ടപരിഹാരം നൽകുന്നു. (ഓർക്കുക– ഇത്തരം പ്രളയക്കെടുതികളിലും മറ്റും ടോട്ടൽ ലോസ് സംഭവിക്കുന്ന വാഹനങ്ങളുടെ റോഡ് ടാക്സിന്റെ പരിരക്ഷയ്ക്കായി ഒരു ആഡ് ഓൺ കവർ മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികൾക്കുമുണ്ട്. മിക്ക ഉപഭോക്താക്കളും ഈ കാര്യം അറിയാത്തവരാണ്.)
* തങ്ങളുടെ വാഹനം ഇൻഷുറൻസ് കമ്പനികൾ മേടിച്ച് മറ്റൊരാൾക്കു കൊടുത്ത് അവരത് പണിതു വിൽക്കുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് ടോട്ടൽ ലോസിനു പകരം, ഒരു നിശ്ചിത നഷ്ടപരിഹാര തുകയും വാഹനവും ഇൻഷുറൻസ് കമ്പനികൾ തന്നെ നൽകുന്നുണ്ട്. നേരത്തേ പറഞ്ഞതുപോലെ ടോട്ടൽ ലോസിന് പോയാൽ വാഹനത്തിൻമേലുള്ള പൂർണ വിവേചനാധികാരം ഇൻഷുറൻസ് കമ്പനിക്കു മാത്രമാണുള്ളത്.
∙ ഡോ. ബി. മനോജ്കുമാർ എസ്‌സിഎംഎസ് കൊച്ചി