കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് പ്രളയം കേരളത്തിന് നൽകിയത്. നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. പുതിയ വാഹനങ്ങളും നശിച്ചവയിൽ പെടുന്നു എന്നതിനാൽ റോഡ് ടാക്സ് അടക്കം നഷ്ടപ്പെടും എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. എന്നാൽ പ്രളയത്തിൽ നശിച്ച വാഹനങ്ങളുടെ റോഡ് ടാക്സ് തിരികെ നേടാൻ വഴിയുണ്ട്.
വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കിയാൽ റോഡ് ടാക്സ് അടച്ച തുക തിരികെ ലഭിക്കും. എത്ര നാൾ ഉപയോഗിച്ചു എന്നു നോക്കിയാണ് തുക തിരികെ ലഭിക്കുക. പ്രളയത്തിൽ അകപ്പെട്ട വാഹനം മാത്രമല്ല അപകടത്തിൽ പൂർണമായും നശിച്ച വാഹനങ്ങൾക്കും റജിസ്ട്രേഷൻ റദ്ദാക്കി ടാക്സ് തിരികെ വാങ്ങാം. പതിനഞ്ചു വർഷത്തേക്ക് റോഡ് ടാക്സ് എടുത്ത് കുറച്ചു നാൾ മാത്രം ഓടിയ കാർ ടോട്ടൽ ലോസായി പ്രഖ്യാപിക്കുമ്പോൾ പതിനായിരക്കണക്കിന് രൂപയാണ് കാറുടമയ്ക്ക് നഷ്ടം സംഭവിക്കുന്നത്. ഇതിലൂടെ ആ കാറുടമകൾക്ക് നഷ്ടം ഒരുപരിധി വരെ നികത്താം.
റജിസ്ട്രേഷൻ റദ്ദാക്കാൻ ആർടി ഓഫീസിൽ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വാഹനത്തിന്റെ ടാക്സ് ടോക്കണും ആർസിബുക്കും എൻജിൻ നമ്പറും ചെയ്സ് നമ്പറും രേഖപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കും. ഇതിനുശേഷം അവർ സമർപ്പിക്കുന്ന റിപ്പോർട്ടിന് അടിസ്ഥാനപ്പെടുത്തിയായിരിക്കും പണം തിരികെ ലഭിക്കുക.