വാഹന ഇൻഷുറൻസ് പോളിസികളിൽ തേർഡ് പാർട്ടി ആയാലും കോംപ്രിഹെൻസീവ് ആയാലും വാഹന ഉടമയായ ഡ്രൈവർക്ക് വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ കൂടി നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ? സ്വന്തമായി വ്യക്തിഗത അപകട ഇൻഷുറൻസുള്ളവർ മോട്ടോർ പോളിസികൾ എടുക്കുമ്പോൾ അതിന്റെ ഭാഗമായി വീണ്ടും വ്യക്തിഗത അപകട പരിരക്ഷയ്ക്ക് അധിക പ്രിമീയം നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ സാധിക്കുമോ? ഒന്നിലധികം വാഹനങ്ങൾ ഉള്ളവർക്ക് ഓരോ മോട്ടോർ പോളിസിയിലും വ്യക്തിഗത അപകട ഇൻഷുറൻസിന് വേണ്ടി പ്രിമീയം നൽകേണ്ടിവരുന്നത് അധിക ചെലവുണ്ടാക്കില്ലേ?
നിലവിലുള്ള വാഹന ഇൻഷുറൻസ് പോളിസികളിൽ വാഹന ഉടമയായ ഡ്രൈവർക്ക് വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം അപകടത്തിൽപ്പെടുമ്പോൾ മറ്റു വ്യക്തികൾക്കും മറ്റുള്ളവരുടെ വാഹനം ഉൾപ്പെടെയുള്ള വസ്തുവകകൾക്കും ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് നിയമപരമായി നിർബന്ധമായി എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികളിലും ഇത്തരം നഷ്ടങ്ങളോടൊപ്പം സ്വന്തം വാഹനത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കൂകൂടി പരിരക്ഷ ലഭിക്കുന്ന കോംപ്രിഹെൻസീവ് പോളിസികളിലും വാഹന ഉടമയായ ഡ്രൈവർക്ക് വ്യക്തിഗത പരിരക്ഷ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനായുള്ള പ്രിമീയം കൂടി കമ്പനികൾ ശേഖരിക്കുകയും ചെയ്യും. ഉടമയുടെ പേരിലുള്ള മറ്റ് അപകട ഇൻഷുറൻസ് പോളിസികൾ ഒന്നുംതന്നെ പരിഗണിക്കപ്പെടുന്നില്ല.
എന്നാൽ, 2019 ജനുവരി 1 മുതൽ നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ്, മോട്ടോർ പോളിസികളിൽനിന്നു വേർപെടുത്തിക്കൊണ്ട് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതായത്, മറ്റ് വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികൾ നിർദിഷ്ട അളവിൽ ഉള്ളവർ മോട്ടോർ പോളിസികൾ എടുക്കുമ്പോൾ അപകട ഇൻഷുറൻസ് വാങ്ങേണ്ടിവരില്ല.
നിർബന്ധ പരിരക്ഷ ഉയർത്തി
2002 ലെ ഇന്ത്യ മോട്ടോർ താരിഫ് പൊതുനിയമപ്രകാരം ജനറൽ ഇൻഷുറൻസ് കമ്പനികൾ മോട്ടോർ ഇൻഷുറൻസ് പോളിസികൾ നൽകുമ്പോൾ ഉടമയായ ഡ്രൈവറുടെ പരിരക്ഷ ഉറപ്പാക്കാൻ അപകട ഇൻഷുറൻസ് പോളിസികൾ നിർബന്ധമാണ്. ഇരുചക്ര മോട്ടോർ വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും സ്വകാര്യ കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് 2 ലക്ഷം രൂപയുമായിരുന്നു ഈ നിർബന്ധ പരിരക്ഷ. 2017 ൽ മദ്രാസ് ഹൈക്കോടതി ഉടമയ്ക്ക് ഉറപ്പായും ഉണ്ടായിരിക്കേണ്ട പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തണമെന്ന് ഐആർഡിഎയ്ക്ക് ഉത്തരവു നൽകുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ നിർബന്ധ പരിരക്ഷ 15 ലക്ഷമാക്കിയതോടെ ഇരുചക്ര മോട്ടോർ വാഹനങ്ങളിൽപ്പോലും തേർഡ് പാർട്ടി ഇൻഷുറൻസിന് നൽകേണ്ടുന്ന പ്രീമിയം തുക ഉയർന്നു. 15 ലക്ഷത്തിനു മുകളിൽ പരിരക്ഷ ആവശ്യമുള്ളവർ വീണ്ടും ഉയർന്ന പ്രീമിയം നൽകി ആഡ് ഓൺ പരിരക്ഷകൾ എടുക്കാനും നിർദ്ദേശിച്ചിരുന്നു.
ഉടമയുടെ പരിരക്ഷ
എന്നാൽ വാഹനം അപകടത്തിൽപ്പെടുമ്പോൾ ഉടമ ഡ്രൈവറായോ സഹ ഡ്രൈവറായോ വാഹനത്തിൽ ഉണ്ടായിരുന്നാൽ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കാണു പരിരക്ഷ ലഭിക്കുന്നത്. ഇതോടൊപ്പംതന്നെ, വാഹനത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റും വാഹനം മൂലം അപകടം ഉണ്ടായാലും പരിരക്ഷ ലഭിക്കും. ഉടമയ്ക്ക് നിയമസാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണമെന്നു മാത്രം. വ്യക്തികളുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളിൽ മാത്രമേ വ്യക്തിഗത അപകട ഇൻഷുറൻസ് പ്രസക്തമാകുകയുള്ളൂ. സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുടെ പേരിലുള്ള വാഹനങ്ങൾക്ക് ഇത്തരം പരിരക്ഷ ബാധകമാകുന്നില്ല.
വലിയ ഭാരം
ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ പുതിയ കാറുകൾക്ക് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ മിനിമം കാലാവധി 5 വർഷമാക്കിയിട്ടുണ്ട്. ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ പോളിസികൾ ചുരുങ്ങിയത് 3 വർഷവും. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രിമീയം ഒരുമിച്ച് മുൻകൂട്ടി അടയ്ക്കേണ്ടി വരുന്നു. ഇതിനു സമാനമായി, നിർബന്ധമായും എടുക്കേണ്ടുന്ന വ്യക്തിഗത പരിരക്ഷയും യഥാക്രമം 5 വർഷവും 3 വർഷവും കാലാവധിക്കു വാങ്ങേണ്ടിവരുന്നത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സ്ഥിതിയായി. തുടർന്ന്, വ്യക്തിഗത പരിരക്ഷ ടേം പോളിസികളുടെ കാലാവധിക്കു സമാനമാകേണ്ടതില്ലെന്നും ഒരു വർഷ കാലാവധിയുള്ള വ്യക്തിഗത പരിരക്ഷ വാങ്ങാമെന്നും വ്യക്തമാക്കി ഐആർഡിഎ ഒക്ടോബറിൽ ഉത്തരവിറക്കി.
കൂടുതൽ ഇളവ്
2019 ജനുവരി 1 മുതൽ മോട്ടോർ ഇൻഷുറൻസ് പോളിസി എടുക്കുന്ന വാഹന ഉടമയായ ഡ്രൈവർ, വ്യക്തിഗത അപകട പരിരക്ഷയ്ക്കു വേറെ പോളിസി (15 ലക്ഷത്തിന്റെ) ഉണ്ടെങ്കിൽ വാഹന ഇൻഷുറൻസിനൊപ്പം അത്തരം പോളിസി വാങ്ങേണ്ടതില്ല. ഏത് ജനറൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു വാങ്ങിയ വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികളും പരിഗണിക്കപ്പെടും.
ഒരേ ഉടമയ്ക്കു പല വാഹനങ്ങളുടെ പേരിൽ പ്രത്യേക വ്യക്തിഗത അപകട ഇൻഷുറൻസ് ആവശ്യമില്ല. ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് 15 ലക്ഷം രൂപയുടെ ഒരു വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ എല്ലാ വാഹനങ്ങൾക്കും മോട്ടോർ ഇൻഷുറൻസ് പോളിസി എടുക്കാൻ അതു മതിയാകും. വ്യക്തിഗത അപകട ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷത്തിൽ കുറയാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.