കാറിന്റെ ബോണറ്റ് തുറന്ന് എൻജിൻ റൂം ഇടയ്ക്കിടയ്ക്കു പരിശോധിക്കുന്ന നമ്മൾ പക്ഷേ, സുപ്രധാനമായ ബ്രേക്കിനെ കുറിച്ച് ആലോചിക്കാറുപോലുമില്ല. കാറിന്റെ അടിയിൽ കുനിഞ്ഞുനോക്കി ബ്രേക്ക് ഘടകങ്ങൾ പരിശോധിക്കുകയെന്ന ബുദ്ധിമുട്ടു തന്നെ കാരണം. ബ്രേക്ക് കാര്യക്ഷമമാണെന്ന് കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ബ്രേക്ക് ഫ്ലൂയിഡ്, പാഡ് എന്നിവയ്ക്ക് തകരാറൊന്നുമില്ലെങ്കിൽപോലും ബ്രേക്ക് സിലിണ്ടറിൽ വായു കടന്നാലും ബ്രേക്ക് കിട്ടാതെ വരാം. അതുകൊണ്ട് 10,000 കിലോമീറ്റർ ഇടവേളയിലെങ്കിലും ബ്രേക്കിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണം.
∙ ബ്രേക്ക് ഫ്ലൂയിഡ് - നമ്മുടെ കാറുകളിൽ ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റമാണ് ഉള്ളത്. ബ്രേക്കിൽ ചവിട്ടുമ്പോൾ ആ മർദം ആദ്യം ചെല്ലുന്നത് ബ്രേക്കിന്റെ മാസ്റ്റർ സിലിണ്ടറിലേക്കാണ്. അതുകൊണ്ട് സിലിണ്ടറിന്റെ സുരക്ഷ പ്രധാനമാണ്. സിലിണ്ടറിൽ ബ്രേക്ക് ഫ്ലൂയിഡിന്റെ അളവ് മുഴുവനായും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ബ്രേക്ക് സിലിണ്ടറിന് അമിത ജോലി ഭാരമുണ്ടാക്കും. ബ്രേക്ക് പാഡ്, ഡ്രം എന്നിവയെ അതു ബാധിക്കുകയും ചെയ്യും. കാറിന്റെ ഓരോ ഓയിൽ മാറ്റത്തിനൊപ്പവും ഫ്ലൂയിഡ് അളവ്, ബ്രേക്ക് പാഡിന്റെ തേയ്മാനം എന്നിവയുടെ പരിശോധന ഉറപ്പാക്കുക.
∙ ശീലമാക്കാം പരിശോധന– അലോയ് വീലുകളാണെങ്കിൽ വീലിലെ ബ്രേക്ക് ഘടകങ്ങൾ പരിശോധിക്കുക കുറച്ചുകൂടി എളുപ്പമാണ്. ബ്രേക്ക് പാഡിന് തേയ്മാനമുണ്ടോ, ലോഹഭാഗങ്ങളിൽ എന്തെങ്കിലും തകരാറുണ്ടോ എന്നിവ ഇവിടെ പരിശോധിച്ചാൽ അറിയാം.
∙ഡാഷ് ബോർഡിൽ കണ്ണുവേണം– പുതിയ കാലത്തെ കാറുകൾ സെൻസറുകളാൽ നിയന്ത്രിതമായതിനാൽ ഏതു ബ്രേക്ക് തകരാറും ആദ്യം ഡാഷ് ബോർഡിൽ പ്രത്യക്ഷപ്പെടും. ഓഡോ മീറ്ററിനു സമീപം സെൻസർ സിംബലുകൾ തെളിയുന്നുണ്ടോ എന്ന് ഇടയ്ക്കു പരിശോധിക്കാം. ബ്രേക്കുമായി ബന്ധപ്പെട്ട സിംബൽ തെളിഞ്ഞാൽ തകരാർ ഉണ്ടെന്നു സാരം.
∙ കഴുകണം കൃത്യമായി– കാറിന്റെ കാണുന്ന ഭാഗങ്ങൾ മാത്രമാണ് നമ്മൾ നിരന്തരം കഴുകുക. ഇടയ്ക്ക് കാറിന്റെ അടിഭാഗത്തെ ചെളിയും മറ്റും കഴുകിക്കളയാനും ശ്രദ്ധിക്കണം. ബ്രേക്ക് പാഡിലും മറ്റും ചെളി ദീർഘകാലം അടിഞ്ഞു കൂടിയിരിക്കുന്നത് നല്ലതല്ല. അടിഭാഗത്തുള്ള ബ്രേക്ക് ലൈനിൽ എന്തെങ്കിൽ തകരാർ ഉണ്ടോ എന്ന് ഈ സമയം പരിശോധിക്കുകയും ചെയ്യാം.
∙ സഡൻ ബ്രേക്കിടുന്നത്, ബ്രേക്ക് ഘടകങ്ങളുടെ അകാലചരമത്തിന് ഇടയാക്കും. പതുക്കെ പോകുമ്പോൾ പോലും ചിലർക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്ന ശീലമുണ്ട്. സെറാമിക് ഫൈബർ, ലോഹച്ചീള് എന്നിവ ചേർന്ന ബ്രേക്ക് പാഡുകൾ അതിവേഗം തേഞ്ഞുപോകാൻ ഇതു കാരണമാകും. ഇറക്കത്ത് ബ്രേക്ക് ചവിട്ടി വേഗം നിയന്ത്രിച്ച് ഓടിക്കുന്നതും ബ്രേക്ക് പാഡ് തേയാൻ കാരണമാകും. ഇവിടെ താഴ്ന്ന ഗിയർ ഉപയോഗിച്ചാണ് വേഗം നിയന്ത്രിക്കേണ്ടത്.