എന്താണ് ക്രൂസ് കൺട്രോൾ, എന്തിനാണ് ഈ സാങ്കേതിക വിദ്യ?
പണ്ട് ലക്ഷുറി കാറുകളിൽ മാത്രം കണ്ടിരുന്ന ക്രൂസ് കൺട്രോൾ സൗകര്യം(ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വേഗം നിശ്ചിത അളവിൽ സെറ്റ് ചെയ്യുന്നത്) ഇന്ന് 10 ലക്ഷം രൂപയ്ക്കു താഴെയുള്ള കാറുകളിൽ പോലും ലഭ്യം. നേരേ നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേകളിലാണ് ക്രൂസ് കൺട്രോളിന്റെ ശരിക്കുമുള്ള ഹരം ആസ്വദിക്കാനാവു. എങ്കിലും നോക്കിയും കണ്ടും ഓടിച്ചാൽ കേരളത്തിലെ റോഡുകളും ക്രൂസ് കൺട്രോളിന് അൽപസ്വൽപമൊക്കെ വഴങ്ങും.
∙ ഒട്ടേറെ വളവും തിരിവും കയറ്റിറക്കങ്ങളും ട്രാഫിക്കുമുള്ള റോഡുകൾക്കു പറ്റിയതല്ല ക്രൂസ് കൺട്രോൾ. ക്രൂസ് കൺട്രോൾ ഓൺ ചെയ്ത് ഓടിക്കുമ്പോൾ തുടർച്ചയായി റോഡിലെ വരി മാറ്റവും അപകടകരമാണ്. മഴ, മഞ്ഞ് എന്നിവ ഉള്ള സമയങ്ങളിലും ക്രൂസ് കൺട്രോൾ ഒഴിവാക്കുക.
∙ ചീറിപ്പായാനുള്ളതല്ല ക്രൂസ് കൺട്രോൾ. ഓടിക്കുന്നയാളുടെ ആയാസം കുറയ്ക്കാൻ ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ മാത്രം. 55-70 കിലോമീറ്ററാണ് ക്രൂസ് കൺട്രോളിന് അനുയോജ്യമായ വേഗം. ഇതിനപ്പുറം ആവേശം കാണിച്ചാൽ വാഹനം കയ്യിൽനിന്നെന്നു വരില്ല. കൂടാതെ ഇന്ധനക്ഷമത വർധിപ്പിക്കാനും ഈ പരിധിയിലുള്ള വേഗക്രമീകരണംകൊണ്ടു സാധിക്കും..
∙ ക്രൂസ് കൺട്രോൾ ഓൺ ചെയ്തു കഴിഞ്ഞാൽപിന്നെ വിശ്രമിക്കാമെന്നു കരുതരുത്. കാൽപ്പാദം എപ്പോഴും ബ്രേക്കിനും ആക്‌സിലേറ്ററിനും സമീപത്തായിത്തന്നെ വയ്ക്കുക. സ്റ്റിയറിങ്ങിൽനിന്നു കൈവിട്ടുള്ള കളിയും വേണ്ട. റോഡിന്റെ കയറ്റിറക്കങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടാം. ക്രൂസ് കൺട്രോൾ ഓൺ ആയതുകൊണ്ടുകൂടി അതിലൂടെയുള്ള അപകടത്തിന്റെ തീവ്രത വർധിക്കുകയും ചെയ്യും.
∙ റോഡിന്റെ വിദൂര കാഴ്ചയിൽ ജാഗ്രതയോടെ നോക്കിയിരിക്കുക. ക്രൂസ് കൺട്രോൾ ഓൺ ആയിരിക്കുമ്പോൾ റോഡിലെ മറ്റു വസ്തുക്കളോട് പ്രതികരിക്കാനുള്ള നിങ്ങളുടെ സമയം വളരെ കുറവായിരിക്കും. മുൻപിൽ പോകുന്ന വാഹനം പെട്ടെന്നു ബ്രേക്ക് ഇടുകയോ മറ്റോ ചെയ്‌തേക്കാം എന്നതിനാൽ അതുമായി നിശ്ചിത അകലം കിറുകൃത്യമായി പാലിക്കണം.
∙ ക്രൂസ് കൺട്രോൾ ഓൺ ചെയ്തുവച്ച് മറ്റൊരു വാഹത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. ആക്‌സിലേറ്റർ അമർത്തിത്തന്നെ ഓവർടേക്ക് ചെയ്യുക.