ഇന്ത്യയില്‍ വിൽക്കപ്പെടുന്ന കാറുകളില്‍ ഭൂരിഭാഗവും കുടുംബങ്ങളുടെ ഉപയോഗത്തിനായാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാന്‍ ഒരു വാഹനം എന്ന നിലയിലാണ് അവ ഉപയോഗിക്കുന്നതും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യക്കാര്‍ ഏറ്റവുമധികം പണം ചെലവാക്കുന്നത് ഒരു ഫോര്‍വീലറിനു വേണ്ടിയാണ്. സ്വാഭാവികമായും നാം ആഗ്രഹിക്കുക കുറഞ്ഞ വിലയ്ക്ക് വലുപ്പമേറിയതും കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമായ കാര്‍ ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പന നടക്കുന്നതും കമ്പനികള്‍ ഏറ്റവുമധികം നിർമിക്കാന്‍ ശ്രമിക്കുന്നതും ഇത്തരം കാറുകളാണ്.

ഇതില്‍ ഏറ്റവും അതിശയകരമായ കാര്യം, കുടുംബത്തിന്‍റെ സൗകര്യത്തിന് വേണ്ടി ഒരു വാഹനം വാങ്ങുന്ന ആള്‍ അവരുടെ സുരക്ഷയെക്കുറിച്ചു ചിന്തിക്കുന്നില്ല എന്നതാണ്. വാഹനാപകടം സംഭവിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സിന്‍റെ സുരക്ഷയെ കുറിച്ചല്ല പറയുന്നത്. (ഇന്ന് സുരക്ഷയുടെ പേരില്‍ ഏറ്റവുമധികം കച്ചവടം നടക്കുന്നത് അപകടമോ ദുരന്തമോ നടന്ന ശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ക്കാണ് എന്നതാണ് മറ്റൊരു വസ്തുത). ഇവിടെ വിഷയം വാഹനം നല്‍കുന്ന സുരക്ഷയാണ്. ഒരു അപകടം നടന്നാല്‍ നിങ്ങളുടെ വാഹനത്തിന് നിങ്ങളെയും കുടുംബത്തെയും സുരക്ഷിതരാക്കാന്‍ കഴിയുമോ എന്നതാണ് കാര്യം.

വാഹനത്തിന്റെ സുരക്ഷയെപ്പറ്റി ചിന്തിക്കേണ്ടത്, അതു വാങ്ങി ഓടിക്കുമ്പോഴല്ല, വാങ്ങുന്നതിനു മുന്‍പാകണം. ആധുനിക കാറുകളില്‍ നിങ്ങളെ അപകടങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഒട്ടേറെ സാങ്കേതിക വിദ്യകളുണ്ട്. എന്നാൽ എല്ലാ കാറുകളിലും ഇവയുണ്ടെന്ന് വിശ്വസിക്കരുത്. നിങ്ങളുടെ കാറില്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് അതു വാങ്ങുന്നതിന് മുന്‍പേ ഉറപ്പു വരുത്തണം.

അപകടത്തെ അതിജീവിക്കാനുള്ള വാഹനങ്ങളുടെ ശേഷി

അപകടത്തെ നേരിടാനുള്ള വാഹനങ്ങളുടെ ശേഷി പരിശോധിക്കുന്നവയാണ് ക്രാഷ് ടെസ്റ്റുകള്‍. ഓരോ വാഹനത്തിന്‍റെയും ടെസ്റ്റിന്റെ ഫലം ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതില്‍ ഉയര്‍ന്ന സ്റ്റാര്‍ റേറ്റിങ് ഉള്ളവ തിരഞ്ഞെടുക്കുന്നത് സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കും. ഇതിലും ഒളിഞ്ഞിരിക്കുന്ന ചില കെണികളുണ്ട്. ഒരേ കമ്പനിയുടെ തന്നെ, വിദേശത്തും ഇന്ത്യയിലുമുള്ള ഒരേ കാറിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ വ്യത്യാസമുള്ളതാകാം. അതുകൊണ്ടുതന്നെ കാറിന്‍റെ യൂറോപ്പിലെ ക്രാഷ് ടെസ്റ്റിന്‍റെ ഫലം മികച്ചതായതു കൊണ്ട് ആ കാര്‍ ഇന്ത്യയില്‍ സുരക്ഷിതമാകണം എന്നില്ല.

കാറുകളിലെ സുരക്ഷാ സംവിധാനത്തെ രണ്ടായി തിരിക്കാം.

ആക്ടീവ് സേഫ്റ്റി – വാഹനത്തിന് അപകടം ഉണ്ടാകാതെ നോക്കാനുള്ള സംവിധാനമാണ് ആക്ടീവ് സേഫ്റ്റി.

പാസ്സീവ് സേഫ്റ്റി – അപകടമുണ്ടായാൽ യാത്രക്കാരെ സംരക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് പാസ്സീവ് സേഫ്റ്റി.

പ്രധാന സുരക്ഷാ സംവിധാനങ്ങള്‍

ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം 

ഭൂരിഭാഗം കാറുകളിലുമുള്ള സുരക്ഷാ സംവിധാനമാണ് ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. മുന്നിലുള്ള ഒരു വസ്തുവിലോ വാഹനത്തിലോ ഇടിക്കുന്നത് തടയാനുള്ള ആക്ടീവ് സേഫ്റ്റി സംവിധാനമാണിത്. ബ്രേക്ക് ചെയ്യുന്നതിനൊപ്പം വാഹനം വെട്ടിച്ച് മാറ്റാനുള്ള സൗകര്യവും ഇത് ഒരുക്കുന്നു. തുടര്‍ച്ചയായി ബ്രേക്ക് പിടിച്ചും വിട്ടുമാണ് ഈ സിസ്റ്റത്തില്‍ വാഹനത്തിന്‍റെ വേഗം കുറയ്ക്കുന്നത്. ഇത്, പെട്ടെന്നു ബ്രേക്കിട്ട് വാഹനം തിരിക്കുമ്പോള്‍ മറിയാനുള്ള സാഹചര്യം ഒഴിവാക്കുന്നു.

ഇഎസ്പി

വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നതു വഴി ഉണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. ഒട്ടേറെ പേരാണ് ഇത്തരം അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ തടയാന്‍ ശേഷിയുള്ള ആക്ടീവ് സേഫ്റ്റി സംവിധാനമാണ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി). സെന്‍സറുകള്‍ ഉപയോഗിച്ചുള്ള ഈ സംവിധാനമുള്ളത് വിലയേറിയ കാറുകളില്‍ മാത്രമാണ്. ശരിയായ ദിശയിലോ വഴിയിലോ അല്ല വാഹനമെങ്കിൽ അതിനെ ശരിയായ ദിശയിലേക്ക് എത്തിക്കാൻ ഈ സെന്‍സറുകള്‍ സഹായിക്കും. ഓട്ടമാറ്റിക് ആയിത്തന്നെ ബ്രേക്ക് ഉപയോഗിച്ച് വേഗം കുറച്ച്, തെറ്റായ ദിശയിലേക്ക് വാഹനം പോകുന്നത് ഇഎസ്പി തടയും.

ക്രംബിള്‍ സോണ്‍

പാസ്സീവ് സുരക്ഷാ സംവിധാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഷാസിയുമായി ബന്ധപ്പെട്ട, ക്രംബിള്‍ സോണ്‍ എന്നറിയപ്പെടുന്ന ഭാഗമാണ്. അപകടം ഉണ്ടായാല്‍ പാസഞ്ചര്‍ കാബിനിലേക്ക് ആഘാതം അധികം ഏല്‍ക്കാതിരിക്കാനുള്ള സംവിധാനമാണിത്. ആഘാതത്തിന്‍റെ ഭൂരിഭാഗവും ക്രംബിള്‍ സോണിലേക്ക് ഏല്‍ക്കും വിധമാണ് ഇതിന്റെ രൂപകൽപന.

എയര്‍ ബാഗുകള്‍

എല്ലാവര്‍ക്കും പരിചയമുള്ള സുരക്ഷാ സംവിധാനമാണ് എയര്‍ബാഗ്‍. അപകടം ഉണ്ടായാല്‍ സെക്കൻഡിലൊരംശം കൊണ്ടുതന്നെ എയര്‍ബാഗുകള്‍ വിടര്‍ന്ന്, യാത്രക്കാര്‍ക്കു പരുക്കേല്‍ക്കുന്നതു തടയാറുണ്ട്. എന്നാല്‍ എയര്‍ബാഗുകള്‍ കൊണ്ടു മാത്രം സുരക്ഷ സാധ്യമാകുമോ? ഇല്ല എന്നതാണ് സത്യം. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചാലും അപകടത്തിൽ നിങ്ങള്‍ക്ക് പരുക്കു പറ്റാനുള്ള സാധ്യത കൂടുതലാണ്. അപകടമുണ്ടായാൽ നിങ്ങളുടെ ശരീരം ശക്തമായി കുലുങ്ങാതിരിക്കാനും മറ്റിടങ്ങളില്‍ പോയി ഇടിക്കാതിരിക്കാനുമാണ് എയര്‍ ബാഗുകള്‍ സഹായിക്കുക. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇതു കാര്യക്ഷമമായി നടക്കൂ. വാഹനത്തില്‍ എത്ര എയര്‍ ബാഗുണ്ടോ അത്രയും സുരക്ഷിതമാണ്. ചുരുക്കത്തില്‍, സുരക്ഷിതമായ വാഹനയാത്ര എന്നത് വാഹനമോടിക്കുമ്പോഴുള്ള ശ്രദ്ധ മാത്രമല്ല, വാഹനം വാങ്ങുമ്പോള്‍ മുതല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്ന് ചുരുക്കം.

ഒരു ചെറിയ കാറിന്‍റെ ഏറ്റവും കൂടിയ മോഡലിനായിരിക്കും ഒരു വലിയ കാറിന്‍റെ കുറഞ്ഞ മോഡലിനേക്കാള്‍ സുരക്ഷയുണ്ടാകുക എന്നും മനസ്സിലാക്കുക.

ബിഎസ് മോട്ടറിങ്ങിന്റെ മുൻ എഡിറ്ററും മഹീന്ദ്ര അഡ്വഞ്ചർ ഇനിഷിയേറ്റിവ് തലവനുമാണ് ലേഖകൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT