മോട്ടോർ വാഹന നിയമ പ്രകാരമുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പോളിസികളിൽ ഈടാക്കുന്ന പ്രീമിയം നിരക്ക് നിയമ പ്രകാരം നിശ്ചയിച്ചിരിക്കുന്നതിനാൽ ഒരുപോലെയാണെങ്കിലും കോംപ്രിഹെൻസീവ് പോളിസികളിൽ പ്രീമിയം ചെലവു കുറച്ചു നിർത്തുന്നതിന് വിവിധ മാർഗങ്ങളുണ്ട്.
ചെറു ക്ലെയിമുകൾ ഒഴിവാക്കാം
ക്ലെയിം ഉണ്ടാകാത്ത ഓരോ വർഷത്തിലും നോ ക്ലെയിം ബോണസ് എന്നറിയപ്പെടുന്ന നിശ്ചിത ശതമാനം തുക തൊട്ടടുത്ത വർഷം കോംപ്രിഹെൻസീവ് പോളിസികൾ പുതുക്കുമ്പോൾ പ്രീമിയം തുകയിൽ കുറവ് ലഭിക്കും. ആദ്യവർഷം 20%, രണ്ടാം വർഷം 25% എന്നിങ്ങനെ ആറാം വർഷം മുതൽ 50% വരെ പ്രീമിയത്തിൽ ഇളവ് ലഭിക്കുമെങ്കിലും ഇതിനിടയിൽ ക്ലെയിം ഉണ്ടായാൽ തൊട്ടടുത്ത വർഷം പ്രീമിയത്തിൽ ലഭിക്കുന്ന കുറവ് പൂജ്യം ശതമാനമായി മാറും.
ചെറിയ കേടുപാടുകൾ പരിഹരിക്കുന്നതിനായി ഇൻഷുറൻസ് ക്ലെയിം വാങ്ങിയെടുക്കാതിരുന്നാൽ പോളിസിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന നോ ക്ലെയിം ബോണസ് തുടരുന്നതിനും പോളിസി പുതുക്കുമ്പോൾ പ്രീമിയം തുക കുറച്ചു നിർത്തുന്നതിനും സാധിക്കും. നഷ്‌ടപ്പെടുന്ന നോ ക്ലെയിം ബോണസിനേക്കാൾ ഉയർന്ന തുക റിപ്പയർ ചെയ്‌തെടുക്കുവാൻ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ മാത്രം ഇൻഷുറൻസ് പരിരക്ഷ ക്ലെയിം ചെയ്‌തെടുക്കുവാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുതിയ വാഹനങ്ങളിൽ തൊട്ടടുത്ത രണ്ടു വർഷങ്ങളിൽ ലഭിക്കുന്ന നോ ക്ലെയിം ബോണസ് തുക കൂടി കണക്കിലെടുത്ത് വേണം ക്ലെയിം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
കൃത്യസമയത്ത് പോളിസി പുതുക്കണം
ഇരുചക്ര വാഹനങ്ങളുടെ പോളിസികൾ മൂന്നു വർഷത്തേക്കെടുക്കാൻ അനുവദിക്കുമെങ്കിലും കാറുകൾക്ക് ഒരു കൊല്ലം കാലാവധിക്കു മാത്രമാണ് പോളിസികൾ നൽകുന്നത്. പോളിസികൾ കൃത്യസമയത്ത് പുതുക്കാതെയിരിക്കുന്നത് ചെലവ് ഉയർത്തും. കാലഹരണപ്പെട്ട പോളിസികളിൽ ക്ലെയിം ഉണ്ടായാൽ പരിരക്ഷ ലഭിക്കുന്നില്ലെന്നു മാത്രമല്ല, 90 ദിവസത്തിനു മുകളിൽ ഇടവേളയുണ്ടായാൽ അതുവരെ അവകാശപ്പെട്ട നോ ക്ലെയിം ബോണസ് പൂർണമായും നഷ്‌ടപ്പെടും.
മാത്രമല്ല, പുതുതായി വാഹനം സർവേ നടത്തി കേടുപാടുകളില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ പിന്നീട് ഇൻഷുറൻസ് പുതുക്കുകയുമുള്ളൂ. സർവേ നടത്താനുള്ള അധിക ചെലവ് പോളിസി ഉടമ വഹിക്കേണ്ടിയും വരും.
ആഡ് ഓൺ പരിരക്ഷ
ലൈഫ് ഇൻഷുറൻസ് പോളിസികളിൽ മാരക രോഗങ്ങൾക്കും മറ്റും ലഭിക്കുന്ന റൈഡറുകൾ മാതിരി വാഹന ഇൻഷുറൻസ് പോളിസികളിലും ആഡ് ഓൺ പരിരക്ഷകൾ പല കമ്പനികളും നൽകുന്നുണ്ട്. വർഷം കഴിയുന്തോറും ക്ലെയിം ഇല്ലാതെ വാഹനം സൂക്ഷിച്ച് ഉപയോഗിച്ച് നേടിയെടുത്ത പ്രിമിയത്തിന്റെ 50% വരെയുള്ള നോ ക്ലെയിം ബോണസ് ഒരൊറ്റ ക്ലെയിമിലൂടെ ഇല്ലാതാകുന്നത് തടയുന്നതിനുള്ള ആഡ് ഓൺ പരിരക്ഷയുണ്ട്.
എൻസിബി ആഡ് ഓൺ അധിക പരിരക്ഷ വാങ്ങിയാൽ ക്ലെയിം ഉണ്ടായാലും അതുവരെ നേടിയെടുത്ത ബോണസ് നഷ്‌ടപ്പെടാതെ സൂക്ഷിക്കാം.