കരുത്തു കാട്ടുക, പിടിച്ചടക്കുക, കീഴടക്കി വാഴുക– സ്പാനിഷ് ഭാഷയിൽ ഡോമിനർ എന്ന വാക്കിന്റെ അർഥം ഇതൊക്കെയാണ്. പുതിയ മോഡലിനു പേരു തേടി ബജാജ് സ്പാനിഷ് ഭാഷവരെ പോയത് വെറുതെയല്ല. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഡോമിനർ. താരതമ്യം ചെയ്യുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളോടാണ് എന്നു പറയുമ്പോൾ ആളത്ര നിസ്സാരക്കാരനല്ല എന്നു വേണം കരുതാൻ. കെടിഎം390, നിൻജ 300, സിബിആർ 250 എന്നിവർക്കൊക്കെ വെല്ലുവിളിയുമായെത്തിയ വിപണിയിൽ പുതു ചരിത്രമെഴുതാനെത്തിയ, ഡോമിനറിനെ ഫാസ്റ്റ്ട്രാക്കിന്റെ ട്രാക്കിൽ ഇറക്കുകയാണ്.

Bajaj Dominar, Photo: Lenin Kottapuram

ഡിസൈൻ

Bajaj Dominar, Photo: Lenin Kottapuram

ക്രൂസറിന്റെ കംഫർട്ടും സ്പോർട്സ് ബൈക്കിന്റെ പെർഫോമൻസും സമാസമം കൂട്ടിയോജിപ്പിച്ചാണ് ഡോമിനർ എന്ന സ്പോർട് ടൂററിനെ ബജാജ് രൂപകൽപന ചെയ്തിരിക്കുന്നത്. പൾസർ എൻഎസ് 200 ന്റേയും ഡ്യുക്കാറ്റിയുടെ സൂപ്പർ മോഡലായ ഡയവലിന്റേയും ഡിസൈനിൽ നിന്നാണ് ഡോമിനറിന്റെ മസ്കുലർ നേക്കഡ് ഡിസൈൻ രൂപപ്പെടുത്തിയിരിക്കുന്നത്. തലയുയർത്തി നിൽക്കുന്ന രൂപകൽപന. കരുത്ത് വിളിച്ചോതുന്ന രീതിയിലുള്ള പാനലുകളും ബോഡി പാർട്ടുകളും ആരുടേയും ശ്രദ്ധകവരും.

Bajaj Dominar, Photo: Lenin Kottapuram

എൽഇഡി ഒാട്ടോ ഹെഡ്‌ലാംപിൽനിന്നു തന്നെ തുടങ്ങാം. നാലു തരത്തിൽ ബീം ക്രമീകരിക്കാവുന്ന ഹെഡ്‌ലാംപ് രാത്രിയെ പകലാക്കും. സ്റ്റൈലിഷ് അലോയ് വീൽ, തടിച്ച ഫോർക്കുകൾ 13 ലീറ്ററിന്റെ സ്കൂപ്പോടുകൂടിയ മസ്കുലർ ടാങ്ക്, ട്വിൻ സ്പാർ ഫ്രെയിം, ഒതുക്കമുള്ള എന്നാൽ സ്പോർട്ടിയായ ടെയിൽ പാനൽ, നീളം കുറഞ്ഞ സൈലൻസർ, കരുത്തുറ്റ സ്വിങ് ആം, ഇരട്ട സ്പ്രിങ്ങോടു കൂടിയ പിൻ മോണോ
സസ്പെൻഷൻ, കുത്തനെയുള്ള സ്ട്രിപ് ടെയിൽ ലാംപ്, മസ്കുലർ പിൻടയർ എന്നിങ്ങനെ ഒാരോ ഭാഗവും രണ്ടാമതൊന്നു നോക്കുന്ന രീതിയിൽ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്. പ്രീമിയം ഫീൽ നൽകുന്ന നിലവാരമുള്ള നിർമാണത്തിനു നല്ലൊരു കയ്യടി ബജാജിനു നൽകണം. വീതിയേറിയ ഒറ്റ ബാർ ഹാൻഡിലാണ്. മാർദവമുള്ള ഗ്രിപ്പുകൾ. പൾസറിലേതു പോലുള്ള പ്രകാശിക്കുന്ന സ്വിച്ചു
കളാണ്.

സ്വിച്ചുകളുടെ നിലവാരം അൽപം കൂടി മെച്ചപ്പെടാമായിരുന്നു. കെടിഎം മോഡലുകളുടേതുപോലുള്ള റിയർ വ്യൂ മിററുകളാണ്. വലിയ ഡിജിറ്റൽ കൺസോളാണ്. ടാക്കോമീറ്റർ, സ്പീഡോ മീറ്റർ, ഒാഡോ മീറ്റർ, ട്രിപ് മീറ്റർ, ക്ലോക്ക്, ഫ്യൂവൽ ഗേജ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഒപ്പം ഷിഫ്റ്റ് ഇൻ‌ഡിക്കേറ്ററുമുണ്ട്. ടാങ്കിനു മുകളിൽ ചെറിയൊരു ഡിജിറ്റൽ കൺസോളും നൽകിയിരിക്കുന്നു. ഇതിൽ സൈഡ് സ്റ്റാൻഡ് വാണിങ്, എബിഎസ്, ബാറ്ററി, എൻജിൻ താപനില എന്നിവയുടെ വാണിങ് ലൈറ്റുകൾ ഇണക്കിയിരിക്കുന്നു. ബൈക്കിൽ ബജാജിന്റെ ലോഗോ കാണാനാകുന്നത് ഈ ചെറു കൺസോളിൽ മാത്രമാണ്.

Bajaj Dominar, Photo: Lenin Kottapuram

എൻജിൻ

Bajaj Dominar, Photo: Lenin Kottapuram

കെടിഎം 390 ആർസി മോഡലുകളുെട എൻജിനാണ് ഡോമിനറിന്റെ എൻജിൻ പ്ലാറ്റ്ഫോം. ഡിടിഎസ്െഎ സാങ്കേതിക വിദ്യയോടു കൂടിയ ട്രിപ്പിൾ സ്പാർക്ക് ഫോർവാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഒാവർ സ്്ക്വയർ ബോർ എൻജിനാണ്. കരുത്തും പെർഫോമൻസും റിഫൈൻഡ്‌മെന്റും സമന്വയിക്കുന്ന ഈ എൻജിൻ തന്നെയാണ് ഡോമിനറിന്റെ ഹൈലൈറ്റുകളിൽ ഒന്നാമത്തേത്.8000 ആർപിഎമ്മിൽ 34.5 ബിഎച്ച്പി കരുത്ത് ഈ എൻജിൻ പുറത്തെടുക്കും. കൂടിയ ടോർക്ക് 8500 ആർപിഎമ്മിൽ 35 എൻഎമ്മും. ആറു സ്പീഡ് ട്രാൻസ്മി
ഷനാണ് ഈ കരുത്ത് പിൻവീലിലേക്കു പകരുന്നത്. ഫസ്റ്റ് താഴേക്കും ബാക്കി മുകളിലേക്കും എന്ന രീതിയിലാണ് ഗീയർ മാറ്റങ്ങൾ.

റൈഡ്

Bajaj Dominar, Photo: Lenin Kottapuram

182 കിലോഗ്രാം ഭാരമുണ്ട് ഡോമിനറിന്. എങ്കിലും ഈസിയായി കൈകാര്യം ചെയ്യാം. സ്പോർ‌ട്ടിയായ എന്നാൽ ദീർഘദൂര യാത്ര ഒട്ടും മടുപ്പിക്കാത്ത റൈഡിങ് പൊസിഷനാണ്. അൽപം മുന്നോട്ടാഞ്ഞിരിക്കുന്ന രീതിയിലാണ് ഹാൻഡിൽ ബാറിന്റെ പൊസിഷൻ. ഫുട് റെസ്റ്റിന്റെയും ബ്രേക്ക് പെഡലിന്റെയും പൊസിഷൻ സൂപ്പർ. ഇരിപ്പു സുഖമുള്ള നല്ല കുഷനുള്ള സീറ്റാണ്. എടുത്തു പറയേണ്ടത് ടാങ്ക് ഡിസൈനിനെക്കുറിച്ചാണ്.

Bajaj Dominar, Photo: Lenin Kottapuram

കാൽമുട്ടുകൾ ഭംഗിയായി ഉൾക്കൊള്ളുന്ന പാഡിങ് ഉള്ള ഡിസൈൻ ഗംഭീരം. മികച്ച ത്രോട്ടിൽ പ്രതികരണം എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. 3000 ആർപിഎമ്മിനുള്ളിൽതന്നെ മുക്കാൽ പങ്കു ടോർക്കും എൻജിൻ പുറത്തെടുക്കും. വെറും 8.2 സെക്കൻഡ് കൊണ്ട് ഡോമിനർ 100 കിലോമീറ്റർ വേഗം കൈവരിക്കും. മണിക്കൂറിൽ 148 കിലോമീറ്ററാണ് കൂടിയ വേഗം. സ്മൂത്തായ പവർ ഡെലിവറി. നേരിയ വിറയൽ പോലുമില്ലാത്ത പക്കാ റിഫൈൻഡായ എൻജിന്റെ പ്രകടനം പ്രശംസനീയം. ഗീയർ മാറ്റങ്ങൾ സൂപ്പർ സ്മൂത്താണ്.

ഉയർന്ന വേഗത്തിൽ പെട്ടെന്നു ഡൗൺ‌ ഷിഫ്റ്റ് ചെയ്യുമ്പോൾ വീൽ ലോക്കാകാതെ നിയന്ത്രണം ഉറപ്പു നൽകുന്ന സ്ലിപ്പർ ക്ലച്ച് സംവിധാനം ഡോമിനറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നേർരേഖയിലും വളവുകളിലും കാട്ടുന്ന മെയ്‌വഴക്കം എടുത്തു പറയണം. കുറഞ്ഞ സെന്റർ ഒാഫ് ഗ്രാവിറ്റിയും, വലിയ പെരിമീറ്റർ ഫ്രെയിമും കരുത്തുറ്റ മെറ്റൽ സ്വിങ് ആമും ഇക്കാര്യത്തിൽ ഡോമിനറിനെ എതിരാളികളെക്കാൾ മുന്നിൽ നിർത്തുന്നു. 150/60 സെക്‌ഷന്റെ വീതിയേറിയ ടയറാണ് പിന്നിൽ നൽകിയിരിക്കുന്നത്. ഉയർന്ന വേഗത്തിലും കോർണറിങ്ങിലും മിക
ച്ച നിയന്ത്രണം കിട്ടുന്നതിനായി സവിശേഷരീതിയിൽ നിർമിച്ച എംആർ എഫ് ടയറാണിത്. എബിഎസിന്റെ സുരക്ഷാ വലയമുള്ള ഡിസ്ക് ബ്രേക്കുകളാണ് ഇരു വീലിലും ഘടിപ്പിച്ചിരിക്കുന്നത്. മുന്നിൽ 320 എംമ്മിന്റെ ഡിസ്ക്കും പിന്നിൽ 230 എംഎമ്മിന്റെ ഡിസ്ക്കുമാണ്.

ടെസ്റ്റേഴ്സ് നോട്ട്

മസ്കുലർ ലുക്ക്, റിഫൈൻഡായ 400 സിസി എൻജിൻ, റൈഡിങ് കംഫർട്ട് എന്നിവയ്ക്കൊപ്പം എബിഎസും സ്ലിപ്പർ ക്ലച്ചുമടക്കമുള്ള സംവിധാനങ്ങളെല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ഡോമിനറിന്റെ പ്രത്യേകത. എബിഎസ് ഉള്ള മോഡലിന്. 1.53 ലക്ഷം രൂപയും എബിഎസ് ഇല്ലാത്തതിന് 1.39 ലക്ഷം രൂപയുമാണ് കൊച്ചി ഷോറൂം വില. ലീറ്ററിന് 25 കിലോമീറ്ററാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത.

Vehicle provided by: polular bajaj, vytila 8156969369
Riding Kit provided by: Autoqueen, Kochi 9847373966