ഗ്രാൻഡിൽ നിന്നു ഗ്രാൻഡിലേക്ക്
ഐ ടെൻ ഗ്രാൻഡാണ്, ഇപ്പോൾ കൂടുതൽ ഗ്രാൻഡായി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വരുന്ന കാറിന് ഇക്കൊല്ലം ചെറിയൊരു രൂപപരിണാമവും എൻജിനുകളിൽ കാതലായ മാറ്റങ്ങളും സംഭവിച്ചു. കാര്യമായ മാറ്റം വന്ന ഡീസൽ മോഡലിന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്
∙ യൂറോപ്പിനായി ജനനം: യൂറോപ്പിനായാണ് പുതിയ എെ ടെൻ ഗ്രാൻഡ് രൂപകൽപന ചെയ്തത്. എന്നാൽ ഇന്ത്യയിലാണ് ഏറ്റവുമധികം വിൽപന. അതുകൊണ്ടു തന്നെ പുതിയ ഗ്രാൻഡ് യൂറോപ്യനാണ്, ഇന്ത്യനുമാണ്. യൂറോപ്യൻ വിഭാഗമാണ് മുഖ്യമായും വികസനത്തിനു പിന്നിൽ പ്രവർത്തിച്ചതെങ്കിലും ഇന്ത്യയ്ക്കും ചെറിയ പങ്കുണ്ട്. 2012 മുതൽ ഇന്ത്യൻ എഞ്ചിനിയറിങ് അംഗങ്ങളും സജീവമായി ജർമനിയിലെ ടീമംഗങ്ങളോടൊപ്പം പങ്കെടുത്തു.
∙ ഇന്ത്യയിൽ ആദ്യം: യൂറോപ്പ് മോഡൽ ഇറങ്ങും മുമ്പ് എെ ടെൻ ഗ്രാൻഡ് ഇന്ത്യയിലിറങ്ങിയിരുന്നു. ഇന്ത്യയിലെ മോഡലിന് ചെറിയ മാറ്റങ്ങളുമുണ്ട്. പിന്നിലെ എ സി വെൻറ്. മറ്റൊന്ന് പിന്നിലെ വിൻഡോയുടെ വലുപ്പക്കൂടുതൽ. ഇതു രണ്ടും വിപണിയിലെ ഫീഡ്ബാക്ക് ഉൾക്കൊണ്ടു വരുത്തിയ മാറ്റങ്ങളാണ്. പിന്നീട് ഇത് മറ്റു വിപണികളിലേക്കും പകർന്നു.
∙ ഇപ്പോൾ: പഴയ രൂപത്തിൽ നിന്നു കാര്യമായ മാറ്റങ്ങളില്ല. പുറമെയുള്ള മാറ്റങ്ങൾ ഇവയൊക്കെ: പുതിയ ബമ്പറുകൾ. ഹണികോംബ് ഗ്രിൽ, പുതിയ ഫോഗ്ലാംപ് ക്ലസ്റ്റർ, ഡേ ടൈം റണ്ണിങ് ലാംപ്, പുതിയ അലോയ് വീൽ രൂപ കൽപന, പിന്നി്ൽ ഫോഗ്ലാംപിനു ചുറ്റും വലിയൊരു കറുത്ത സ്ട്രിപ്.
∙ ഉള്ളിൽ: എല്ലാം മോഡലിനും എയർ ബാഗും എ ബി എസും. പുതിയ ടച്സ്ക്രീൻ ഇൻസ്ട്രമെൻറ് കൺസോൾ, സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണങ്ങൾ സ്പോർട് മോഡലിലേക്കും എത്തി. ഉള്ളിൽ നിന്നു മടക്കാനാവുന്ന വിങ് മിറർ പോലെയുള്ള ചില സംഗതികൾ ഈ വേരിയൻറുകളിൽ ഇല്ലാതെയുമായി.
∙ നന്മകൾ നിലനിർത്തി: പുറം കാഴ്ചയിലുള്ള അപ് മാർക്കറ്റ് ഫീൽ പൊടിക്കു കൂടുതലാണ് ഉള്ളിലേക്കു കയറുമ്പോൾ. സീറ്റുകളും ഡോർ ട്രിമ്മും ഡാഷ് ബോർഡും സ്റ്റീയറിങ്ങുമെല്ലാം മേൽത്തരം. അന്തസ്സുള്ള ബീജ് ഫിനിഷും കറുപ്പുമാണ് മുഖ്യ നിറങ്ങൾ.
∙ സ്ഥലസൗകര്യം: വീൽ ബേസ് കൂടുതലുള്ളത് പിന്നിലെ യാത്രക്കാരുടെ അധികസ്ഥലമാണ്. പിന്നിലിരിക്കുന്നവരുടെ സുഖം കൂട്ടാൻ എ സി വെൻറുമുണ്ട്. ഈ വിഭാഗത്തിലെന്നല്ല, സെഡാൻ കാറുകൾക്കു പലതിനുമില്ലാത്ത സൗകര്യം. ഫാബ്രിക് സീറ്റുകൾ സുഖകരമായ ഇരിപ്പു തരുന്നു.
∙ ഡ്രൈവിങ്: ഡീസൽ മോഡൽ പോരെന്ന പഴയ ആരോപണം ഇനി അടിസ്ഥാനരഹിതം. പുതിയ തലമുറ യു ടു സി ആർ ഡി എെ എൻജിൻ അത്ഭുതമാണെന്നേ പറയേണ്ടൂ. ഒന്നാന്തരം പെർഫോമൻസ്, ശബ്ദവും ബഹളവുമില്ല, സിൽക്കി സ്മൂത്ത്. മൂന്നു സിലണ്ടർ എൻജിന് ശേഷി തെല്ലു കൂടി. ഇപ്പോൾ പെട്രോളിനൊപ്പം 1.2 ലീറ്റർ. 19.4 കെ ജി എം ടോർക്ക് 1750 ആർ പി എമ്മിലേ ലഭിക്കും. ഇത് മികച്ച ഡ്രൈവബിലിറ്റി നൽകുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ്. അടിക്കടി ഗിയർമാറ്റം വേണ്ട. പരമാവധി ശക്തി 75 പി എസ്.
∙ എല്ലാം കിറുകൃത്യം: ഗിയർമാറ്റം കൃത്യതയുള്ളത്. മോട്ടോറൈസ്ഡ് പവർസ്റ്റീയറിങ് എല്ലാ ഹ്യുണ്ടേയ്കളിലെയും പോലെ ലൈറ്റ്. വളച്ചൊടിച്ച് എടുക്കാം. ഫിനിഷിങ്ങിന്‍റെ കാര്യത്തിലെന്നപോലെ ഡ്രൈവിങ് സുഖത്തിലും ഹ്യുണ്ടേയ് പുതിയ മാനങ്ങൾ തീർക്കുന്നു.
∙ വില: അധികം കൂടിയില്ല. പെട്രോൾ മോഡലിന് 4.66 ലക്ഷത്തിലും ഡീസലിന് 5.78 ലക്ഷത്തിലും ആരംഭിക്കുന്നു.
∙ ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടേയ് 9895790650