കാത്തിരിപ്പിനൊടുവിൽ കോംപസ് എത്തിയപ്പോൾ ഫീയറ്റ്, ജീപ്പ് പ്രേമികളെ മാത്രമല്ല ഇന്ത്യൻ വാഹന ലോകത്തെ ആകമാനമാണ് ഞെട്ടിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ എന്ന കൊതിപ്പിക്കുന്ന വിലയിൽ വിപണിയിലെത്തിയ കോംപസ് എസ്‌യുവി സെഗ്മെന്റിൽ മാത്രമല്ല യുവി സെഗ്മെന്റിലും ചലനങ്ങളുണ്ടാക്കിയേക്കാം. ഹ്യുണ്ടേയ് ട്യൂസോണും ഹോണ്ട സിആർ–വിയുമെല്ലാം അടങ്ങിയ പ്രീമിയം ലക്ഷ്വറി സെഗ്മെന്റിലേയ്ക്കാണ് കമ്പനി കോംപസിന്റെ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ വില 15 ലക്ഷത്തിൽ ആരംഭിക്കുന്നതോടെ കോംപസ് മഹീന്ദ്രയുടെ ഗ്ലോബൽ എസ്‌യുവി, എക്സ്‌യുവി 500 ക്കും ടാറ്റ ഹെക്സയ്ക്കും ഭീഷണിയായിരിക്കുന്നു. കോംപസും പ്രധാന എതിരാളികളും തമ്മിലൊരു താരതമ്യം.
ഡിസൈൻ
ജീപ്പ് ഗ്രാന്റ് ചെറോക്കിയുടെ കുഞ്ഞനുജനാണ് കോംപസ്. വലിയ ഷോൾഡർ ലൈനും മസ്കുലറായ വീൽ ആർച്ചുകളും സെവൻ സ്ലോട്ട് ഗ്രില്ലും കോംപസിന് പരുക്കൻ എസ്‌യുവി ലുക്ക് സമ്മാനിക്കുന്നുണ്ട്. മഹീന്ദ്ര എക്സ് യുവിയേയും ഹ്യുണ്ടേയ് ട്യുസോണിനേയും ഹോണ്ട സിആർ–വിയേയും ടാറ്റ ഹെക്സയേയും അപേക്ഷിച്ച് നീളവും വീതിയും പൊക്കവും ജീപ്പിനാണ് കുറവെങ്കിലും വീൽബെയിസിന്റെ കാര്യത്തിൽ സിആർ–വിയെ കടത്തിവെട്ടുന്നുണ്ട് കോംപസ്.
കാഴ്ചയിലും ഉപയോഗക്ഷമതയിലുമൊക്കെ നിറയെ പുതുമകളോടെയാണ ടാറ്റ ഹെക്സ വിപണിയിലെത്തിയത്. ഗ്രില്ലും ഡേ ടൈം റണ്ണിങ് ലാംപും ആവശ്യത്തിലും തെല്ലധികമുള്ള ക്രോമിയം ഫിനിഷും കൂടുതൽ സ്പോർട്ടിയാക്കുന്നതിന് മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം ക്ലാഡിങ്ങുകളുമുണ്ട്. പൊതുവെ സൗമ്യം എന്നു തോന്നിക്കുന്ന രൂപമാണെങ്കിലും വലിയ വീൽ ആർച്ചുകളും മസ്കുലറായ ബോഡി ലൈനുകളും എസ് യു വി ഗൗരവവും നൽകുന്നു.
മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവിയായ എക്സ്‌യുവി 500 രണ്ടാം തലമുറയാണിപ്പോൾ വിപണിയിലുള്ളത്. ചീറ്റപുലിയെ അടിസ്ഥാനപ്പെടുത്തുന്ന ഡിസൈന് എസ് യു വിയുടെ ഗംഭീര്യം വേണ്ടുവോളമുണ്ട്. പുതുക്കിയ ഗ്രിൽ, പുതിയ ഹെഡ് ലൈറ്റുകൾ, എൽ രൂപത്തിലുള്ള ഫോഗ് ലാംപുകൾ, എസ് രൂപത്തിലുള്ള എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകൾ എന്നിവയാണ് പ്രധാന ആകർഷണം. മറ്റു മൂന്നു വാഹനങ്ങൾക്കും രണ്ടു നിര സീറ്റുകള്‍ മാത്രമുള്ളപ്പോള്‍. ഹെക്സയ്ക്കും എക്സ്‍യുവിക്കുമാണ് മൂന്നാം നിര സീറ്റുകളുള്ളത്.
കാഴ്ചയിലെ ഭംഗിക്കും കാലികമായ രൂപകല്‍പ്പനയ്ക്കുമാണ് ട്യൂസോൺ മുൻഗണന കൊടുത്തിട്ടുള്ളത്. ഫ്ളൂയിഡിക് രൂപകൽപനയുടെ പുതുമുറ പുതിയ ട്യൂസോൺ. മനോഹരമായ പ്രൊജക്ടർ ഹെഡ്‌ലാംപുകളും എൽ ഇ ഡി മുൻ പിൻ ലാംപുകളും 17 ഇഞ്ച് അലോയ് വീലുകളുമൊക്കെ ട്യൂസോണിന് സ്റ്റൈലിങ്ങും യുവത്വവും കൂട്ടുന്നു. രൂപകൽപനയിൽത്തന്നെ സുരക്ഷയിൽ കാര്യമായ ശ്രദ്ധ ചെലുത്തിയാണ് നിർമാണം.
ഹോണ്ടയുടെ പ്രീമിയം എസ്‌യുവിയായ സിആർ–വി സ്റ്റൈലിന്റെയും ഉപയോഗക്ഷമതയുടേയും കാര്യത്തിൽ ഒട്ടും പുറകിലല്ല. എസ്‌യുവിയുടെ ലുക്കും കരുത്തും യാത്രസുഖവും വേണ്ടുവോളമുണ്ട് സിആർ–വിക്ക്. രാജ്യാന്തര വിപണിയിൽ ഏഴു സീറ്റർ പതിപ്പ് വിപണിയിലുണ്ടെങ്കിലും ഇന്ത്യയിൽ അത് പുറത്തിറങ്ങിയിട്ടില്ല. കൂടാതെ ഡീസൽ എൻജിൻ വകഭേദവും സിആർവിക്കില്ല. എന്നാൽ ഉടൻ പുറത്തിറങ്ങുന്ന അടുത്ത തലമുറ സിആർവിക്ക് ഇവ രണ്ടുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്റീരിയര്‍
മികച്ച ഇന്റീരീയറാണ് ജീപ്പ് കോംപസിന് നൽകിയിരിക്കുന്നത്. മികച്ച നിലവാരമുണ്ട് ഇന്റീരിയർ പ്ലാസ്റ്റിക്കിന്. എന്നാൽ ക്രൂസ് കൺട്രോൾ, സൺറൂഫ്, ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, ഓട്ടോമാറ്റിക്ക് വൈപ്പർ എന്നിവ കോംപസിലില്ല. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ജീപ്പ് തയാറായിട്ടില്ല. എബിഎസ്, ഇഎസ്പി, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ആറ് എയർബാഗുകൾ തുടങ്ങിയ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.
ടാറ്റയുടെ വാഹനങ്ങളിൽ ഏറ്റവും മികച്ച ഇന്റരീയർ ഹെക്സയ്ക്ക് അവകാശപ്പെടാം. ലെതർ ഫിനിഷ് നൽകിയ സോഫ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡാണ് ഹെസ്‌യ്ക്ക്. ഓട്ടമാറ്റിക് എ സി, ടു ഡിൻ സ്റ്റീരിയോ, ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജി പി എസ്, റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെന്റ് . അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയുണ്ട്. മൂന്നു നിര സീറ്റുകളുണ്ട്. ലെഗ് റൂം ആദ്യത്തെ രണ്ടു നിരകൾക്കു ധാരാളം. മൂന്നാം നിരയ്ക്ക് ആവശ്യത്തിന് എ സി വെന്റുകൾ എല്ലാനിരയിലെ യാത്രക്കാർക്കും നൽകിയിരിക്കുന്നു.
ബ്ലാക്കിന്റേയും ബീജിന്റേയും കോമ്പിനേഷനാണ് എക്സ്‌യുവിയുടെ ഇന്റീയറിൽ. നിലവാരമുള്ള പ്ലാസ്റ്റിക്കിൽ തീർത്ത ഇന്റീരിയർ. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷന്‍, സ്റ്റീരിയോ, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ്, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍, ഫ്യുവല്‍ ഇന്‍ഫോ, ടയര്‍ പ്രഷര്‍ എന്നിവ അറിയാം സെന്റര്‍ കണ്‍സോളിലെ 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍. കൂടാതെ പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഇലക്ട്രിക് സണ്‍ റൂഫ് എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗ് (ഉയർന്ന് വകഭേദത്തിൽ 6 എയർബാഗുകൾ) എന്നിവയുണ്ട്.
രൂപത്തിലും ഉള്ളിലും ഫിനിഷിങ്ങിലും പ്രിമിയം ഫീൽ കാത്തുസൂക്ഷിക്കുന്നുണ്ട് ട്യൂസോൺ. സിംഗിൾ ടച് പാർക്കിങ് ബ്രേക്ക് മുതൽ കർട്ടൻ എയർബാഗുകള്‍ വരെയുണ്ട് ട്യൂസോണിൽ. ഡ്രൈവർക്ക് മുൻതൂക്കം നൽകുന്ന എർഗോണമിക് രൂപകൽപനയാണ് മുൻസീറ്റുകൾക്ക്. വലിയ 4.2 ഇഞ്ച് കളർ ഇൻട്രുമെൻറ് ക്ലസ്റ്റർ. 10 തരത്തിൽ കമ്രീകരിക്കാവുന്ന ഡ്രൈവർ സീറ്റ്. ഹീറ്റിങ് ഉള്ള ഓട്ടൊഫോൾഡിങ് വിങ് മിറർ.കാംപേസ് റീഡിങ് തരുന്ന റിയർവ്യൂ മിറർ. പുഷ് സ്റ്റാർട്ട്. ഇലക്ട്രിക്പാർക്ക് ബ്രേക്ക്. ക്ലസ്റ്റർ അയണൈസറുള്ള ഡ്യുവൽ സോൺ എസി. നാവിഗേഷനടക്കം എല്ലാ സൗകര്യങ്ങളുമുള്ള എട്ട് ഇഞ്ച് സ്ക്രീൻ എന്നിവ ട്യൂസോണിലുണ്ട്.
ആഡംബരം തുളുമ്പുന്ന ഇന്റീരിയറാണ് സിആർ–വിക്ക്. ഹോണ്ടയുടെ മെഷീൻ മിനിമം മാന്‍ മാക്സിമം തത്വത്തിൽ തയ്യാറിക്കിയതുമൂലം ഇന്റീരിയറിൽ ധാരാളം സ്ഥല സൗകര്യമുണ്ട്. വാഹനത്തിന്റെ വിവരങ്ങൾ നൽകുന്ന ടച്ച് സ്കീൻ ഇൻഫടെൻമെന്റ് സിസ്റ്റം തന്നെയാണ് റിവേഴ്സ് ക്യാമറയുടെ സ്ക്രീനായി പ്രവർത്തിക്കുന്നത്. ഡ്യുവൽ സോൺ ക്രൈമറ്റ് കൺട്രോൾ, സൺറൂഫ് എന്നിവയുണ്ട് സിആർവിയിൽ. കൂടാതെ ഓട്ടമാറ്റിക്ക് വകഭേദത്തിന് പാഡിൽ ഷിഫ്റ്റുമുണ്ട്. സുരക്ഷയ്ക്കായി ആറ് എയർ ബാഗുകളും ഇബിഡിയും വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോളും ഹിൽ സ്റ്റാർട്ട് അസിസ്റ്റും നൽകിയിരിക്കുന്നു.
എൻജിൻ
2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്. ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്.
2.2 ലീറ്റർ ഡീസൽ എൻജിന് രണ്ടു വകഭേദങ്ങളുണ്ട്. വാരികോർ 320 മാനുവൽ ട്രാൻസ്മിഷനോടൊപ്പം മാത്രം ലഭിക്കും. 4000 ആർ പി എമ്മിൽ 150 പി എസ് കരുത്തും 1700 മുതൽ 2700 വരെ ആർ പി എമ്മിൽ 320 എൻ എം ടോർക്കുമുണ്ട്. ഓട്ടോമാറ്റിക്, മാനുവൽ മോഡലുകളിൽ ലഭിക്കുന്ന വാരികോർ 400 എൻജിന് കൂടുതൽ ടോർക്കുണ്ട്. 4000 ആർ പി എമ്മിൽ 156 പി എസ് കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കും ലഭിക്കും. ഈ എൻജിനിൽ നാല് വീൽ ഡ്രൈവ് മോഡുമുണ്ട്.
2.2 ലീറ്റര്‍ നാലു സിലിണ്ടര്‍ എംഹോക്ക് എന്‍ജിനാണ് എക്സ്‌യുവിക്ക് കരുത്ത് പകരുന്നത്. 3750 ആർപിഎമ്മിൽ 140 ബിഎച്ച്പി കരുത്തും 1600 മുതൽ 2800 വരെ ആർപിഎമ്മിൽ 330 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ വകഭേദങ്ങളുണ്ട്. ഫ്രണ്ട് വീൽ ഡ്രൈവ് മോഡ് കൂടാതെ നാല് വീൽ ഡ്രൈവ് വകഭേദവുമുണ്ട്.
രണ്ട് ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ട്യൂസോണിലുള്ളത്. ഇരു എൻജിനുകള്‍ക്കും ആറ് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ട്. പെട്രോൾ എൻജിൻ 6200 ആർപിഎമ്മിൽ 155 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 19.6 കെജിഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 185 പിഎസ് കരുത്തും 1750 മുതൽ 2750 വരെ ആർപിഎമ്മിൽ 40.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
വില
ജീപ്പ് കോംപസിന്റെ ഡൽഹി എക്സ്ഷോറൂം വില 14.95 മുതൽ 20.65 ലക്ഷം വരെയാണ്. മഹീന്ദ്ര എക്സ് യുവിയുടേത് 12.03 മുതൽ 18.17 ലക്ഷം വരെയും ട്യൂസോണിന്റേത് 18.13 ലക്ഷം മുതൽ 23.86 ലക്ഷം രൂപ വരെയാണ്. ഹോണ്ട സിആർ–വിയുടേത് 21.54 ലക്ഷം മുതൽ 23.26 ലക്ഷം രൂപ വരെയും ടാറ്റ ഹെക്സയുടേത് 12.81 മുതൽ 16.13 ലക്ഷം രൂപവരെയുമാണ്.