ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രേമവുമാണ് ടൈറ്റാനിക് എന്നു മന്ത്രിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുക. അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിൽ ദ്രവിക്കാതെ കിടക്കുന്ന ആഡംബര സ്മാരകമാണ് യഥാർഥ ടൈറ്റാനിക്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ നീറ്റിലിറങ്ങിയ, പകരക്കാരനില്ലാത്ത ഏറ്റവും വലിയ ആഡംബര യാത്രാക്കപ്പൽ. ആയിരത്തിയഞ്ഞൂറിലധികം യാത്രക്കാരെ മരണത്തിന്റെ ആഴത്തണുപ്പിലേക്കു മുക്കിയ ദുരന്തക്കപ്പൽ. നൂറ്റാണ്ടൊന്നു കടന്നിട്ടും കഥകൾ തീരുന്നേയില്ല. പുതു സിദ്ധാന്തങ്ങളും കണ്ടെത്തലുകളും കഥകളും ടൈറ്റാനിക് സിനിമ പോലെ ബംപർ ഹിറ്റാണ്.
വൈറ്റ്സ്റ്റാർ ലൈനർ കമ്പനിയുടെ ഒളിംപിക്, ബ്രിട്ടാനിക് കപ്പലുകളുടെ കൂടപ്പിറപ്പാണ് ടൈറ്റാനിക്. കപ്പൽ ബിസിനസിൽ കൈപൊള്ളിയ ചരിത്രമാണ് വൈറ്റ്‍സ്റ്റാറിന്റേത്. ബ്രിട്ടാനിക് 1916-ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് തകർന്നു. ടൈറ്റാനിക് 1912ൽ മഞ്ഞുകട്ടയിൽ തട്ടിത്തകർന്നു. ഒളിംപിക്കാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. 24 വർഷം സേവനം നടത്തി.
ടൈറ്റാനിക് ദുരന്തം ഗൂഢാലോചനയാണെന്ന് പ്രബലമായൊരു വാദമുണ്ട്. 1998ൽ റോബിൻ ഗാർഡിനർ രചിച്ച 'ടൈറ്റാനിക്– ദി ഷിപ് ദാറ്റ് നെവർ സിങ്ക്' എന്ന പുസ്തകത്തിലാണ് ഗൂഢാലോചനാ സിദ്ധാന്തം വിശദമായി പറയുന്നത്. നീറ്റിലിറക്കി മൂന്നു മാസത്തിനുള്ളിൽ ഒരു ബ്രിട്ടിഷ് നേവൽഷിപ്പുമായി കൂട്ടിയിടിച്ച് ഒളിംപിക്കിനു കാര്യമായ കേടുപാടുണ്ടായി. വൻതുക നഷ്ടപരിഹാരവും നൽകേണ്ടി വന്നു. ഇൻഷുറൻസ് ക്ലെയിം കിട്ടിയതുമില്ല. ഈ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ കമ്പനി നിർമാണത്തിലിരിക്കുന്ന ടൈറ്റാനിക്കിനെയാണ് കണ്ടത്. പരമാവധി ഇൻഷുറൻസ് തുക അടിച്ചെടുക്കുക, ബിസിനസ് പച്ച പിടിപ്പിക്കുക. ഇതായിരുന്നു ലക്ഷ്യം. കട്ടപ്പുറത്തായ ഒളിംപിക്കിന്റെ തന്നെ ഭൂരിഭാഗം ഭാഗങ്ങളും ചേർത്ത് ടൈറ്റാനിക് പെട്ടെന്ന് പണിതിറക്കി. ഒരു ദിവസത്തിനകം പരീക്ഷണ ഓട്ടം തീർത്തു. ഉടൻ ലോകപര്യടനവും പ്രഖ്യാപിച്ചു. കടലിലൂടെയുള്ള ആഡംബര പര്യടനത്തിന് ആളുകൾ തിക്കിത്തിരക്കി.
സത്യത്തിൽ ടൈറ്റാനിക്കായി വേഷമിട്ടത് ഒളിംപിക്കായിരുന്നു. ആദ്യയാത്രയിൽ മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് തകർന്നതെന്നാണ് പൊതുവെ പ്രചരിക്കുന്നത്. എന്നാലത് സത്യമല്ലത്രെ. നേരത്തേ തയാറാക്കി നിർത്തിയ മറ്റൊരു കപ്പൽ കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. വെളിച്ചമെല്ലാം അണച്ച് കടലിൽ കിടന്നിരുന്ന കപ്പലിനെ ടൈറ്റാനിക്കിനു കാണാനുമായില്ല. മഞ്ഞുമല വാദമെല്ലാം കമ്പനിയുടെ ഗൂഢാലോചനക്കഥകളാണ്. ആദ്യമൊരിടി കഴിഞ്ഞ് ബലമില്ലാതായ കപ്പലായതിനാലാണ് മണിക്കൂറുകൾക്കകം രണ്ടായി പിളർന്നത്. ഏറെക്കുറെ പൂർണമായും തകർന്നിട്ടും അറ്റകുറ്റപ്പണിക്ക് ശേഷം സർവീസ് തുടങ്ങിയ ഒളിംപിക് 24 വർഷം സേവനം നടത്തി. ഇത് സംശയാസ്പദമാണ്. പുതിയ ടൈറ്റാനിക്കാണ് ഒളിംപിക് എന്ന പേരിൽ കടലിലിറക്കിയത്. ഇവയുടെ അപാരമായ രൂപസാദൃശ്യം സംശയമുളവാക്കുന്നെന്നും റോബിൻ ഗാർഡിനർ വാദിക്കുന്നു. 2017 ഏപ്രിൽ 15ന് കപ്പൽദുരന്തത്തിന് 105 വർഷം. ടൈറ്റാനിക്കുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളിതാ.
∙ നീറ്റിലിറക്കുമ്പോൾ, ഭൂമിയിലെ മനുഷ്യനിർമിതമായ ഏറ്റവും വലിയ ചലിക്കുന്ന വസ്തു. അന്നത്തെ വലിയ യാത്രാക്കപ്പൽ. 46,328 ടൺ ഭാരം. 882 അടി നീളം. 175 അടി ഉയരം. 9 ഡെക്കുകൾ. 46,000 കുതിരശക്തി പവർ. പരമാവധി വേഗത മണിക്കൂറിൽ 44 കിലോമീറ്റർ.
∙ പ്രതിദിനം കത്തിച്ചിരുന്നത് 600 ടൺ കൽക്കരി. ഇതിനുമാത്രം 176 ജോലിക്കാർ. ഓരോ 24 മണിക്കൂറിലും കടലിലേക്കു പുറന്തള്ളിയത് 100 ടൺ ചാരം.
∙. ആഡംബരത്തിന്റെ ധൂർത്തായിരുന്നു ടൈറ്റാനിക്. ജിംനേഷ്യം, സ്വിമ്മിങ് പൂൾ, ടർകിഷ് ബാത്ത്, പട്ടിക്കൂടുകൾ, സ്ക്വാഷ് കോർട്ട്. കൂടാതെ ദിനപത്രവും അച്ചടിച്ചിരുന്നു. ലണ്ടനിലെ റിറ്റ്സ് ഹോട്ടലിന്റെ ഇന്റീരിയറാണ് മാതൃകയാക്കിയത്
∙ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കരുതിയിരുന്നത് 20,000 കുപ്പി ബിയർ, 1500 കുപ്പി വൈൻ, 8000 സിഗാറുകൾ.
∙ കിടിലൻ പിരിയൻ ഗോവണി മറ്റൊരദ്ഭുതം. ഓക് പാനലിങ്, കൊത്തുവേലകൾ എന്നിവയാൽ സമ്പന്നം. അടിത്തട്ടിൽനിന്ന് ഏഴാം ഡെക്ക് വരെ പോകാനുള്ള പ്രധാന വഴിയായിരുന്നു ഈ ഗോവണി.
∙ ടൈറ്റാനിക് കാണാത്തവർ സഹോദര കപ്പലായ ഒളിംപിക് കണ്ടാലും മതിയായിരുന്നു. ടൈറ്റാനിക്കുമായി നല്ല സാമ്യമാണ്. ഗ്രാൻഡ് സ്റ്റെയർകേയ്സ് അതേപടി ഒളിംപിക്കിലുണ്ട്
∙ യാത്രക്കാരായി 1178 പേർ. പക്ഷേ 16 ലൈഫ് ബോട്ടുകളേ കരുതിയിരുന്നുള്ളൂ. നിയമാനുസൃതം വേണ്ടതിന്റെ മൂന്നിലൊന്നു മാത്രം.
∙ കപ്പലിന്റെ നിർമാണവേളയിലും ചോരപ്പാടുണ്ട്. 26 മാസത്തിനിടെ രണ്ടു തൊഴിലാളികൾ മരിച്ചു. 246 പേർക്കു പരിക്കേറ്റു
∙ ഭീമാകാരമായ മുഖ്യനങ്കൂരം വലിക്കാൻ 20 കുതിരകളെയാണ് ഉപയോഗിച്ചത്.
∙ 1911 മെയ് 31ന് കപ്പലിന്റെ നീറ്റിലിറക്കൽ കാണാനെത്തിയത് ഒരു ലക്ഷത്തിലധികം ആളുകൾ.
∙ ലഗാൻ റിവറിലൂടെ തടസ്സമില്ലാത്ത സഞ്ചാരത്തിനു കപ്പലിൽ പുരട്ടിയത് 22 ടൺ സോപ്പും മൃഗക്കൊഴുപ്പും.
∙ സതാംപ്ടണിൽ നിന്ന് യാത്ര തുടങ്ങിയശേഷം രണ്ടിടത്തേ നിർത്തിയുള്ളൂ; വടക്കൻ ഫ്രാൻസിലെ ചെർബോഗിലും അയർലൻഡിലെ കോബിലും (ക്യൂൻസ്ടൗൺ)
∙ ക്രൂ അംഗങ്ങളായി 885 പേരുടെ വലിയ സംഘം. ഇതിൽ 23 സ്ത്രീകൾ.
∙ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ 352 പാട്ടുകളടങ്ങിയ പുസ്തകം. ആവശ്യപ്പെടുന്നവ തത്സമയം അവതരിപ്പിക്കാൻ റെഡിയായി സംഗീതസംഘം.
∙ സമ്പന്ന യാത്രക്കാരിൽ ജോൺ ജേക്കബ് ആസ്റ്ററായിരുന്നു ഒന്നാമൻ. ആസ്തി രണ്ടു ബില്ല്യൻ ഡോളർ.
∙ മറ്റൊരു കോടീശ്വരനായ ബെഞ്ചമിൻ ഗുഗൻഹേം (Benjamin Guggenheim) പറഞ്ഞത്രെ; ഏറ്റവും മുന്തിയ വസ്ത്രങ്ങളണിഞ്ഞ് മാന്യരായി ഞങ്ങൾ കടലിലേക്ക് മുങ്ങാൻ കാത്തിരിക്കുകയാണ്. ഡെക്കിൽ ബ്രാൻഡി കുടിച്ച്, ശാന്തനായി സിഗാർ വലിച്ചിരിക്കുന്ന ബെഞ്ചമിനെയാണ് അവസാനമായി കണ്ടതെന്ന് രക്ഷപ്പെട്ടവർ ഓർക്കുന്നു.
∙ യാത്രക്കാർ കൊണ്ടുവന്ന ഒമ്പത് വളർത്തുനായ്ക്കളിൽ രണ്ടെണ്ണം രക്ഷപ്പെട്ടു.
∙ ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാൻ പറ്റാതിരുന്ന ഭാഗ്യവാന്മാരുമുണ്ട്. Guglielmo Marconi എന്ന ചോക്ലേറ്റ് കമ്പനി ഉടമ മിൽട്ടൺ എസ്. ഹെർഷേ, ആൽഫ്രഡ് വാണ്ടർബിൽറ്റ് എന്നിവർ. മൂന്നുവർഷത്തിനു ശേഷം ലുസിത്താനിയ കപ്പലിൽ യാത്ര ചെയ്യവേയാണ് ആൽഫ്രഡ് അന്തരിച്ചത്
∙ രക്ഷപ്പെട്ടവരിൽ അവസാനത്തെയാൾ മിൽവിന ഡീൻ 2009 ൽ മരിച്ചു. 97 വയസായിരുന്നു. അപകടസമയത്ത് മിൽവിനയുടെ പ്രായം രണ്ടുമാസം.
∙ ക്രൂ അംഗവും നാവികനുമായിരുന്ന ഫ്രഡറിക് ഫ്ലീറ്റാണ് കൂറ്റൻ മഞ്ഞുമല ആദ്യമായി കണ്ടത്. ഏപ്രിൽ 14ന് രാത്രി 11.40ന്. മുന്നറിയിപ്പ് നൽകിയിട്ടും ദുരന്തം ഒഴിവായില്ല. ബൈനോക്കുലർ ഉണ്ടായിരുന്നെങ്കിൽ മഞ്ഞുമല നേരത്തേ കാണാനാകുമായിരുന്നെന്ന് ഫ്ലീറ്റ് രക്ഷപ്പെട്ട ശേഷം പറഞ്ഞു. 1965ൽ 77–ാം വയസിൽ ആത്മഹത്യ ചെയ്തു.
∙ ഒഴുകുന്ന മഞ്ഞുമലയ്ക്ക് നൂറടിയോളം ഉയരമുണ്ടായിരുന്നു. ഫസ്റ്റ് ഓഫിസർ വില്ല്യം മക്മാസ്റ്റർ കപ്പൽ തിരിക്കാൻ നിർദേശിച്ചെങ്കിലും ഒന്നിനും സമയം കിട്ടിയില്ല. മഞ്ഞുമല കണ്ടതും കൂട്ടിയിടി സംഭവിച്ചതും 37 സെക്കൻഡിനുള്ളിൽ.
∙ ക്യാപ്റ്റൻ എഡ്‍വാർഡ് സ്മിത് താഴെ എൻജിൻ മുറിയിൽ വന്നിട്ട് നൊമ്പരത്തോടെ പറഞ്ഞു:‘ നിങ്ങൾ മികവോടെ ജോലി ചെയ്തു. ഇനി ഞാൻ നിങ്ങളെ മോചിപ്പിക്കുന്നു. നിങ്ങൾക്കു കടലിന്റെ നിയമമറിയാമല്ലോ. അവനവൻ മാത്രമാണ് തുണ. ദൈവം രക്ഷിക്കട്ടെ’.
∙ യാത്രയ്ക്കിടെ മഞ്ഞുമലയെപ്പറ്റി കപ്പലിന് ആറു സന്ദേശങ്ങൾ കിട്ടി. ഏപ്രിൽ 14ന് ലൈഫ്ബോട്ട് പരിശീലനം നിശ്ചയിച്ചിട്ടും പെട്ടെന്ന് ഒഴിവാക്കിയതിന്റെ കാരണം അജ്ഞാതം.
∙ ഏപ്രിൽ 15ന് പുലർച്ചെ 2.20ന് കപ്പൽ രണ്ടായി മുറിഞ്ഞുമാറി. അപ്പോഴത്തെ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ്. ഭൂരിഭാഗം പേരും 15 മിനിറ്റിനകം മരിച്ചു.
∙ ഈ തണുപ്പിലും ചെറിയ പരിക്കുകളോടെ രണ്ടു മണിക്കൂറിനു ശേഷം ജീവനോടെ കിട്ടിയ ഒരാളുണ്ട്. ചീഫ് ബേക്കർ ചാൾസ് ജോഗിൻ. വയറുനിറയെ വിസ്കി ആയിരുന്നതിനാൽ ചാൾസിന് തണുപ്പ് ഏശിയില്ലത്രെ.
∙ മധുവിധു ആഘോഷത്തിന് ടിക്കറ്റെടുത്ത 26 പേർ ദുരന്തത്തിന് ഇരകളായി.
∙ ടൈറ്റാനിക് തകരുന്നെന്ന് മനസ്സിലായിട്ടും കണ്ട ഭാവം നടിക്കാതെ പോയൊരു കപ്പലുണ്ട്- എസ്എസ് കാലിഫോർണിയൻ. അമേരിക്കയുടെയും ബ്രിട്ടന്റെയും അന്വേഷണങ്ങളിൽ കടുത്ത ഭാഷയിലാണ് ഈ കപ്പലിനെ കുറ്റപ്പെടുത്തിയത്. പിന്നീട്, 1915 നവംബറിൽ ഒരു ജർമൻ അന്തർവാഹിനി യു–35 കാലിഫോർണിയനെ മെഡിറ്ററേനിയൻ കടലിൽ മുക്കിത്താഴ്ത്തി.
∙ അപകടം നടന്നു രണ്ടു മണിക്കൂറിനു ശേഷമെത്തിയ ആർഎംഎസ് കർപാത്തിയ കപ്പലാണ് ടൈറ്റാനിക്കിലെ കുറെപ്പേരെ രക്ഷിച്ചത്. ലൈഫ്ബോട്ട് ഉപയോഗിച്ച് 705 പേരെ കരയ്ക്കു കയറ്റി. എന്നാൽ കർപാത്തിയക്കും അറ്റ്ലാന്റിക്കിലാണ് വിധി കുഴിമാടം ഒരുക്കിയത്. 1918 ജൂലൈയിൽ ജർമൻ അന്തർവാഹിനിയുടെ ബോംബാക്രമണത്തിൽ തകർന്നു തരിപ്പണമായി.
∙ ടൈറ്റാനിക് യാത്രക്കാരുടേതായി 306 മൃതദേഹങ്ങളേ കണ്ടെടുക്കാനായുള്ളൂ.
∙ 1985ൽ 12500 അടി താഴെ സമുദ്രാന്തർഭാഗത്തുനിന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ന്യൂഫൗണ്ട്‍ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ ദൂരെയാണിത്.
∙ ടൈറ്റാനിക്കിനെ പറ്റി നിരവധി പുസ്തകങ്ങളും ഡോക്യുമെന്ററികളും സിനിമകളും പുറത്തിറങ്ങി. ഏറ്റവും പ്രശസ്തം ജയിംസ് കാമറൂണിന്റെ സംവിധാനത്തിൽ 1997 ൽ റിലീസ് ചെയ്ത ടൈറ്റാനിക് സിനിമ തന്നെ. ജാക്കും റോസുമായി അഭിനയിച്ച ലിയനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്‍ലെറ്റ് ജോഡി ലോകമെങ്ങും തരംഗമായി. 200 മില്ല്യൺ ഡോളറായിരുന്നു നിർമാണച്ചെലവ്. 14 ഓസ്കർ നോമിനേഷനിൽ 11 എണ്ണം നേടി റെക്കോഡിട്ടു. ആഗോളതലത്തിൽ സിനിമ നേടിയത് 2 ബില്ല്യൺ ഡോളർ. ഏകദേശം 12867 കോടി രൂപ !
∙ ടൈറ്റാനിക്കിന്റെ മുഖമുദ്രയായി ഇന്നും ആസ്വാദകമനസ് മൂളുന്നു; My Heart Will Go On.. പാടിയത് പ്രശസ്ത കനേഡിയൻ ഗായിക സെലിൻ ഡിയോൺ.
∙ കപ്പലിനകത്തേക്ക് വെള്ളം ഇരച്ചുകയറുമ്പോഴും സംഗീതാവതരണം തുടരുന്നത് സിനിമയിൽ കാണാം. യാഥാർഥത്തിൽ സംഭവിച്ചതാണ്. അവരാരും രക്ഷപ്പെട്ടതുമില്ല.
∙ 75 പേജുകളാണ് ഒരാഴ്ചക്കുശേഷം ഇറങ്ങിയ ന്യൂയോർക് ടൈംസ് പത്രം വിശദമായ വാർത്തകൾക്കായി നീക്കിവച്ചത്
∙ ആഡംബരയാത്രയ്ക്കുള്ള ഫസ്റ്റ് ക്ലാസ് പാർലർ ടിക്കറ്റിന് ന്യൂയോർക്കിലെ വില എത്രയായിരുന്നെന്നു കൂടി അറിയുക. 4350 ഡോളർ. ഇന്നത്തെ മൂല്യം 44,76324 രൂപ !