Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതികതയിലും ക്യാപ്റ്റൻ

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
Ashok Leyland Captain Ashok Leyland Captain

കനത്ത ഭാരവും പേറി റോഡിനെ ‍െഞരിച്ചമർത്തി കടന്നു പോകുന്ന ഭീമൻ ടിപ്പർ. കാഴ്ചയിലുള്ള വലുപ്പത്തെക്കാൾ വലിയ സാങ്കേതികതയാണ് ഈ വാഹനങ്ങൾ ഒപ്പം ചുമക്കുന്നതെന്ന് എത്ര പേർക്കറിയാം? കടുത്ത പരിസ്ഥിതി സംരക്ഷണ നിബന്ധനകൾ സാങ്കേതികതയിൽ അടുത്തയിടെ വരുത്തിയ വലിയ മാറ്റങ്ങളാണ് കടുകട്ടി സാങ്കേതികതയായി ഈ വാഹനങ്ങളിലേക്ക് കയറിക്കൂടിയത്. ബി എസ് നാല് നിബന്ധനകൾ പാലിക്കാനായി എല്ലാ നിർമാതാക്കളും പ്രധാനമായും രണ്ടു രീതികൾ അവലംബിക്കുന്നു.

∙ മാർഗം ഒന്ന്: ശ്രോതസ്സിൽത്തന്നെ ശുദ്ധീകരണം. എൻജിനിൽ നിന്നു പുറം തള്ളുന്ന വാതകങ്ങൾ എൻജിനിൽത്തന്നെ പുനരുപയോഗം ചെയ്ത് ശുദ്ധീകരിച്ച് അന്തരീക്ഷത്തിലേക്കു വിടുക എന്ന രീതി. എക്സ്ഹോസ്റ്റ് ഗ്യാസ് റീ സർക്കുലേഷൻ (ഇ ജി ആർ) എന്ന ഈ സാങ്കേതികത താരതമ്യേന ലളിതമാണ്. ചിലവും കുറവ്. പുറംതള്ളുന്ന വാതകങ്ങൾ ശുദ്ധവായുവുമായി കലർത്തി തണുപ്പിച്ച് ഒരു തവണ കൂടി എൻജിനിലേക്ക് കടത്തി വിടും. പിന്നീട് ഒരു കാറ്റലിറ്റിക് അരിപ്പയിലൂടെ പുറന്തള്ളുന്ന എക്സ്ഹോസ്റ്റ് വാതകങ്ങൾ ബി എസ് നാലിനൊത്തവണ്ണം സംശുദ്ധമായിരിക്കും.

∙ ലക്ഷ്യം കൊള്ളാം, പക്ഷെ: പ്രശ്നങ്ങളുണ്ട്. അരിപ്പയായി പ്രവർത്തിക്കുന്ന ഫിൽറ്ററുകളിലൊന്നായ പാർട്ടിക്കിൾ ഒാക്സിലേഷൻ കാറ്റലിസ്റ്റിൽ (പി ഒ സി) കരി അടിഞ്ഞു കൂടും. ഏക പ്രതിവിധി ഈ ഫിൽറ്റർ ഇടയ്ക്കിടെ മാറുകയാണ്. മാറിയില്ലെങ്കിൽ ഇന്ധനക്ഷമത കുത്തനെ കുറയും, എൻജിന് ആയുസ്സുമുണ്ടാവില്ല. ഇന്ത്യയിലെ ഇന്ധന നിലവാരക്കുറവുമൂലം അടിക്കടി ഫിൽറ്റർ മാറ്റേണ്ടി വരുന്നത് ചെലവുയർത്തും. ഇതിനൊക്കെപ്പുറമെ 130 ബി എച്ച് പി വരെയുള്ള വാഹനങ്ങളിലേ ഈ പരിപാടി നടപ്പാക്കാനാവൂ.

∙ മാർഗം രണ്ട്: യൂറിയ വെള്ളത്തിൽ കലർത്തി എക്സ്ഹോസ്റ്റ് വാതകത്തിലെ ദുഷിച്ച രാസവസ്തുക്കൾ നശിപ്പിക്കുകയെന്ന രീതി ( എസ് സി ആർ). ഹാനികരമല്ലാത്ത െെനട്രജനും നീരാവിയുമായി വിഷ വാതകം പുറം തള്ളുന്ന ഈ രീതി ലളിതമാണെന്നു തോന്നുമെങ്കിലും സങ്കീർണമാണ്. പ്രായോഗിക പ്രശ്നങ്ങളുമുണ്ട്. ഒന്നാമത് ഡീസൽ അടിക്കുന്നതിനൊപ്പിച്ച് ഒരു നിശ്ചിത അനുപാതത്തിൽ യൂറിയയും തൊട്ടടുത്ത ടാങ്കിൽ നിറയ്ക്കണം. യൂറിയയുടെ ലഭ്യത വലിയൊരു പ്രശ്നമാണ്. പമ്പുകളിൽ ലഭ്യമല്ലാത്തതിനാൽ ചെറിയ കാനുകളിൽ ക്യാബിനിൽത്തന്നെ യൂറിയ സൂക്ഷിക്കുകയാണ് രീതി. ഇത് ലീക്കായാൽ െെഡ്രവറുടെ കാര്യം പോക്കാണ്.

∙ പിന്നെയും പ്രശ്നങ്ങൾ: ഉയർന്ന ശേഷിയുള്ള വാഹനങ്ങളിൽ ഉപയോഗിക്കാമെന്ന മികവുണ്ടെങ്കിലും വളരെ സങ്കീർമായ സെൻസർ നിയന്ത്രിത സംവിധാനം പണിമുടക്കാനുള്ള സാധ്യത അധികമാണ്. നല്ല െെഹവേകളിലൂടെ നിയന്ത്രിത വേഗത്തിൽ മാത്രം ഫലപ്രദമാകുന്ന ഈ സംവിധാനം ഇന്ത്യയിലെ സാഹചര്യങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത കൂടും.

∙ നമ്മുടെ ലെയ് ലൻഡ്: അങ്ങനെയിരിക്കയാണ് പ്രശ്നത്തിന് പരിഹാരമായി ലെയ് ലൻഡ് വരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച യൂറിയ അധിഷ്ഠിത ശുദ്ധീകരണ സംവിധാനങ്ങളുടെ നിർമാതാക്കളായ അൽബനേർ എന്ന സ്ഥാപനം ഏതാനും കൊല്ലം മുമ്പ് സ്വന്തമാക്കിയ ലെയ് ലൻഡ് 2010 മുതൽ ഈ എസ് സി ആർ സാങ്കേതികത ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ തുടർച്ചയായ സെൻസർ പരാജയങ്ങളും മറ്റു പ്രായോഗിക പ്രശ്നങ്ങളും ഈ സാങ്കേതികതയ്ക്കു പകരം തേടാൻ ലെയ് ലൻഡിനെ നിർബന്ധിതമാക്കി.

∙ പുതിയ വിദ്യ: അങ്ങനെയാണ് ഒന്നാം മാർഗത്തിെൻറ പരിഷ്കൃത രൂപമായ െഎ ഇ ജി ആർ വരുന്നത്. ഇന്ത്യൻ ഇ ജി ആർ എന്ന ഈ സാങ്കേതികത എക്സ്ഹോസ്റ്റ് വാതകങ്ങൾ ശുദ്ധവായുവുമായി ശുദ്ധീകരിച്ചെടുക്കുന്ന രീതി തന്നെ. എന്നാൽ കരി അടിയുന്നതും അടിക്കടി ഫിൽറ്റർ മാറുന്നതുമടക്കമുള്ള സാങ്കേതിക പരിമിതികൾ പരിഹരിച്ചു. 400 ബി എച്ച് പി വരെയുള്ള വാഹനങ്ങളിൽ ഉപയോഗിക്കും വിധം മാറ്റങ്ങളും വരുത്തി. 10 ശതമാനം അധിക ഇന്ധനക്ഷമതയും താരതമ്യേന വിലക്കുറവുള്ള ഈ രീതിയിൽ ലഭിക്കും.

∙ പ്രശ്നം തീർന്നു: വെറും നാലു സിലണ്ടറിൽ നിന്ന് 230 ബി എച്ച് പി വരെയുണ്ടാക്കുന്ന ക്യാപ്്റ്റൻ സീരീസ് അടക്കമുള്ള പുതുനിര ലെയ് ലൻഡ് വാഹനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്ന സാങ്കേതികത വാഹനവ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുകയാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്ധനക്ഷമതയും മികവുമുള്ള പേറ്റൻറുള്ള സാങ്കേതികതയിലേക്ക് ലോകം ഉറ്റു നോക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യയുടെ മറ്റൊരു വിജയം. ലെയ് ലൻഡ് വീണ്ടും ക്യാപ്റ്റൻ സീറ്റിലേക്കും.