വേഗം സമം പഗാനി

Pagani Huayra

വേഗത്തിന്റെ ട്രാക്കിലെ അർജന്റീന എന്നു കേൾക്കുമ്പോൾ യുവാൻ മാനുവൽ ഫാഞ്ജിയോയെന്ന ഇതിഹാസമാകും മനസിൽ ആദ്യമോടിയെത്തുക. ഫോർമുല വൺ പോരാട്ടത്തിൽ അ‍ഞ്ചു കിരീടങ്ങളുടെ ചക്രവർത്തിയായിമാറിയ ഫാഞ്ജിയോയുടെ വേഗം ഒരു ഓട്ടമൊബീൽ കമ്പനിയുടെ പിറവിക്കും പ്രചോദനമായിട്ടുണ്ട്. സ്പോർട്സ് കാറുകളുടെ വിപണിയിലെ സൂപ്പർ താരം പഗാനി ഓട്ടമൊബീൽസാണു ഫാഞ്ജിയോയുടെ വേഗത്തിനു മുന്നിൽ ആദരമർപ്പിച്ചു തുടങ്ങിയ വാഹനഭീമൻ. 

Pagani Zonda

∙ അർജന്റീനക്കാരൻ പഗാനി

ഇറ്റലിയിലെ സാൻ സെസാറിയോ പനാരോയിൽ നിന്നു ലോകമൊട്ടാകെ കുതിച്ചുപായുന്നുണ്ട് പഗാനി ലോഗോ പതിഞ്ഞ കാറുകൾ. എന്നാൽ പഗാനിയുടെ കഥയുടെ തുടക്കം യൂറോപ്യൻ ഭൂഖണ്ഡത്തിൽ പോലുമല്ല. അർജന്റീനയിലെ കാസിൽഡയിൽ ജനിച്ച ഹൊറാസിയോ പഗാനിയുടെ സൃഷ്ടിയാണ് ഈ സ്ഥാപനം. 1955 ൽ ജനിച്ച ഹൊറാസിയോയുടെ കുട്ടിക്കാലം തന്നെ വേഗക്കാറുകൾക്കിടയിലായിരുന്നു. കാറുകളുടെ ചെറുപതിപ്പുകൾ സൃഷ്ടിച്ച ബാല്യത്തിനൊടുവിൽ ഇൻഡസ്ട്രിയൽ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയ പഗാനി മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ വഴി തന്നെയാണ് തിരഞ്ഞെടുത്തത്.

Pagani Zonda Revolucion

കരിയറിന്റെ തുടക്കമാകട്ടെ കാരവനുകളും ട്രെയിലറുകളും ഡിസൈൻ ചെയ്തും നിർമിച്ചും. ഇതിനിടയിൽ ഫോർമുല 2 സിംഗിൾ സീറ്റുകളുടെ ഡിസൈനിങ് പഠിക്കാനും പഗാനി സമയം കണ്ടെത്തി. ഷെവർലെ പിക്ക് അപ്പുകൾക്കു വേണ്ടി ക്യാംപർ വാൻ നിർമിച്ചുതുടങ്ങിയ പഗാനിയുടെ കരവിരുതും തലമികവും ഫോഡ്, ടൊ‌യോട്ട, പ്യൂഷേ തുടങ്ങിയ നിർമിതികളിലേയ്ക്കും നീണ്ടു. ഒടുവിൽ ജന്മനാടായ അർജന്റീന വിട്ട് ഇറ്റലിയിലേക്കു കുടിയേറിയ പഗാനിയുടെ തീരുമാനം വേഗക്കാറുകളുടെ ജാതകം തന്നെ തിരുത്തുന്നതാണ് പിന്നീടു കണ്ടത്. 

∙ സ്വപ്നസംരംഭം, സ്വപ്നത്തുടക്കം

1983 ലാണ് അർജന്റീനയിൽ നിന്നു പഗാനി ഇറ്റലിയിലെത്തിയത്. ജീപ്പ് എന്ന വിഖ്യാത കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ഇറ്റാലിയൻ ജീവിതം തുടങ്ങിയ പഗാനി ലംബോർഗിനിയുടെ കൂടാരത്തിലേയ്ക്കെത്താൻ വൈകിയില്ല. പഗാനി കോംപോസിറ്റ് റിസർച് എന്ന സ്വന്തം സംരംഭം വഴിയാണ് ഹൊറാസിയോ ലംബോർഗിനിയുമായുള്ള ബന്ധമുറപ്പിച്ചത്. ലംബോർഗിനി കാറുകൾക്കുള്ള ഘടകങ്ങളാണ് പഗാനി കോംപോസിറ്റ് റിസർചിൽ നിന്നു പുറത്തിറക്കിയത്. പഗാനിയുടെ സ്വന്തം നിലയ്ക്കുള്ള വിസ്മയം വരാനും താമസമുണ്ടായില്ല. സി– 8 പ്രോജക്ടിലൂടെത്തിയ കാറിനു പഗാനി നൽകിയ പേരിലും കണ്ടൊരു വിസ്മയം. ഫാഞ്ജിയോ എഫ് 1 എന്നായിരുന്ന ആ പേര്. സുഹൃത്ത് കൂടിയായ മുൻ എഫ്– 1 ഡ്രൈവർ യുവാൻ ഫാഞ്ജിയോയ്ക്കുള്ള 'ഡെഡിക്കേഷൻ' ആയിട്ടാണ് പഗാനി തന്റെ പ്രഥമസൃഷ്ടിക്ക് ആ പേരിട്ടത്. 1992 ൽ പഗാനി ഓട്ടമൊബീൽസിനും ഫാഞ്ജിയോ എഫ് –1 പ്രോട്ടോടൈപ്പിന്റെ നിർമാണത്തിനും തുടക്കമിട്ട പഗാനിക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

∙ കാറ്റാണ് ഈ കാറ് !

പഗാനി ഓട്ടമൊബീൽസിന്റെ പ്രഥമനിർമിതിയുടെ വിതരണം മെഴ്സിഡസ് ബെൻസാണ് ഏറ്റെടുത്തത്. സാക്ഷാൽ യുവാൻ മാനുവൽ ഫാഞ്ജിയോയുടെ ആവശ്യപ്രകാരമാണ് പഗാനി ഓട്ടമോബീൽസ് മെഴ്സിഡസുമായി വാണിജ്യബന്ധമുണ്ടാക്കിയത്. ഫാഞ്ജിയോ എഫ് –1 എന്ന പേരിലായിരുന്നില്ല പഗാനിയുടെ കാർ നിരത്തിലെത്തിയത്. 1995 ൽ ഫാഞ്ജിയോ അന്തരിച്ചതോടെ ആ പേരിലുള്ള വിപണനം ഉപേക്ഷിക്കാൻ പഗാനി തീരുമാനമെടുക്കുകയായിരുന്നു. സോണ്ടാ സി 12 എന്ന പേരിൽ1999 ലെ ജനീവ മോട്ടോർ ഷോയിലാണ് പഗാനി കാറുകൾ അവതരിപ്പിക്കപ്പെട്ടത്. സോണ്ടയുടെ തന്നെ ഒട്ടേറെ മോഡലുകൾ വിപണിയിൽ തരംഗം സൃഷ്ടിച്ചു മുന്നേറിയതോടെ പഗാനി യുഎസ് വിപണിയിലേയ്ക്കും കുതിച്ചെത്തി. 2009 ൽ സോണ്ട സിൻക്വേ എന്ന കാർബൻ ടൈറ്റാനിയം ഫൈബർ നിർമിതിയിലൂടെ പഗാനി ലോകത്തെ ഞെട്ടിച്ചു. വെറും 3.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കുന്നവയാണ് സിൻക്വേ. 200 കിമീ ആകാൻ വേണ്ടത് 9.6 സെക്കൻഡുകൾ. ഉയർന്ന വേഗം മണിക്കൂറിൽ 349 കിലോമീറ്റർ. സിൻക്വേയുടെ തന്നെ 2.1 സെക്കൻഡ് കൊണ്ടു 100 കി.മീ തൊടുന്ന മിന്നൽ മോഡലും പിന്നാലെയെത്തി. സോണ്ടയുടെ പിന്മുറക്കാരനാണു കാർബറ്റേനിയം ഉപയോഗിച്ചു നിർമിച്ച പഗാനി ഹ്വായ്റ. കാറ്റിന്റെ രാജാവ് എന്ന നിലയ്ക്കാണ് ഹ്വായ്റ എന്ന പേരു തന്നെ.