ചില അവസങ്ങളിൽ ദൈവദൂതൻമാരെ പോലെ ചിലർ നമുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാറുണ്ട്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പൊകുന്ന അവർ നമുടെ മനസിലെ ആഴത്തിൽ സ്പർശിച്ചതിന് ശേഷമാണ് കടന്ന് പോകാറ്. അത്തരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ദൈവദൂതനെപ്പോലെയെത്തിയ തൃശൂർ തൃപ്പയാറിലെ ഓട്ടോ ഡ്രൈവർ അബ്ദുൾ വസീദിനായൊരു സ്റ്റേഹക്കുറിപ്പ്.....
കോട്ടയത്തിന് നിന്ന് ഗുരുവായൂരിലേക്കു പോകും വഴി തൃപ്പയാറിനു 5 കി.മീ അകലെ വലിയൊരു കുഴിയിലേക്ക് ചാടി കാറിന്റെ മുൻ ടയർ പഞ്ചറായി. ഞാനും സുഹൃത്തുക്കളായ അജി ചേട്ടനും, നമ്പൂതിരി ചേട്ടനും ചേർന്നു മുൻ ടയർ മാറ്റിയിടാൻ മഴക്കിടെ ശ്രമം തുടങ്ങി. ഊരിമാറ്റിയ ടയറിന്റെ സ്ഥാനത്ത് സ്റ്റെപ്പിനി ടയർ കയറ്റിയിട്ടപ്പോൾ അറിയുന്നു മാസങ്ങളായി നോക്കാതിരുന്ന സ്റ്റെപ്പിനി ടയറിനും കാറ്റില്ല. പരീക്ഷണത്തിന്റെ സമയം. കടത്തിണ്ണയിൽ ഇരിക്കുന്ന ഞങ്ങളുടെ അടുത്ത് ഹൈവേ പൊലിസ് സംഘം നിർത്തി. വിവരമറിഞ്ഞപ്പോൾ മൂന്നു കി.മീ പുറകിലേക്കു പോയാൽ പമ്പ് ഉണ്ടെന്നും കാറ്റടിക്കാമെന്നും പൊലീസ്. കാറ്റു കുറഞ്ഞു വരുന്ന ടയറുമായി കാറോടിച്ചു പമ്പിലേക്ക്.
ഉറക്കച്ചടവോടെയിരുന്ന പമ്പ് ജീവനക്കാരൻ സ്നേഹപൂർവ്വം പറഞ്ഞതിങ്ങനെ.. ‘ഇവിടുത്തെ കാറ്റടിക്കുന്ന സംവിധാനം കേടായിട്ടു ഒരാഴ്ചയായി’. പരസ്പരം കണ്ണിൽ നോക്കി വിഷമത്തിലായി ഞങ്ങൾ. കോട്ടയത്തു നിന്നു വരിക യാണെന്നുൾപ്പെടെ പറഞ്ഞതോടെ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു പറഞ്ഞ് അയാൾ കാറ്റടിക്കാൻ ശ്രമം തുടങ്ങി. പമ്പിലെ കേടായ കാറ്റു കുറ്റിയിൽ നിന്നു സ്വൽപ്പം വീതം കാറ്റാണ് Sയറിലേക്ക് കയറുന്നത്. 15 മിനിട് സമയം കൊണ്ട് കാറ്റ് നിറഞ്ഞു, പക്ഷെ ടയറിൽ നിന്നും കാറ്റ് ഇറങ്ങി പോകുന്ന ശബ്ദം ഇരട്ടി വേഗതയിലും. അർധരാത്രിയിൽ ചെയ്ത സേവനത്തിനു പ്രതിഫലം പോലും പറ്റാത്ത അയാൾ പറഞ്ഞു ഇനി 13 കി.മി മുന്നിൽ അടുത്ത പമ്പ് ഉണ്ടെന്ന്. അവിടെ വരെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. പക്ഷെ തൃപ്പയാർ എത്തുന്നതിനു മുമ്പേ കാറ്റ് തീർന്നു വണ്ടി നീങ്ങാതായി.
രാത്രി ഓട്ടം കഴിഞ്ഞു അർധരാത്രി ഒന്നേകാലോടെ വീട്ടിലേക്ക് ഓട്ടോയുമായി പോകാൻ നിൽക്കുന്ന വസീദിനെ അവിടെ വെച്ചു കണ്ടു. കാര്യം പറഞ്ഞപ്പോൾ ഇവിടെ നിന്നു 7 കി.മി. മുന്നോട്ടു പോയാൽ ഒരു പഞ്ചർ വർക്ക് സ് കടയിൽ ആൾ കാണുമെന്നു വസീദ്. മുന്നോട്ടു പോകാനാകാത്ത കാർ റോഡരികിലേക്ക് മാറ്റിയിട്ടു ഒന്നു കൂടി ടയർ ഊരി മാറ്റാൻ ഊർജം കുറഞ്ഞു നിന്ന ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ വസീദ് തന്നെ ടയർ ഊരിയെടുത്തു. തുടർന്നു ഞങ്ങളെ കയറ്റി പഞ്ചർ വർക്ക് സ് കടയിലേക്ക്. ഉറങ്ങി കിടന്ന കടയിലെ ആളെ വിളിച്ചുണർത്തി തകരാർ പരിഹരിച്ചു. 14 കി.മിദൂരം ഓട്ടോ ഓടി തിരിച്ചെത്തി വസിദ് തന്നെ യർ ഇട്ടു തന്നു. പോകും വഴിയെല്ലാം രാത്രിയിൽ ചെയ്ത വിവിധ സേവനങ്ങളുടെ സ്റ്റേഹസ്പർശമുള്ള കഥകൾ വസിദ് ഞങ്ങളോടു പറഞ്ഞു കൊണ്ടിരുന്നു.
ടയർ ഇട്ട ശേഷം രാത്രി രണ്ടു മണി വരെ ഞങ്ങൾക്കൊപ്പം ചിലവഴിച്ചതിനു കനത്ത തുക പ്രതിഫലം ചോദിക്കുമെന്നു കരുതിയ വസിദ് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ‘എനിക്ക് 160 രൂപ ഓട്ടോക്കൂലി മാത്രം മതി ചേട്ടന്മാരെ’ 200 രൂപ സ്നേഹപൂർവ്വം നൽകി ഗുരുവായൂരിലേക്ക് മുന്നോട്ടു പോകുമ്പോൾ വസിദ് ഓട്ടോയിൽ പോകുമ്പോൾ പറഞ്ഞ ഒരു സംഭവം മനസിൽ തുടിച്ചു കൊണ്ടിരുന്നു. അത് ഇങ്ങനെ : തൃപ്പയാറിൽ നിന്നു തൃശൂർ മെഡിക്കൽ കോളജിലേക്ക് കാൻസർ രോഗികൾ ഉൾപ്പെടെ ഓട്ടോറിക്ഷ ഓട്ടം വിളിക്കാറുണ്ട്.
പല ഓട്ടോക്കാരും വെയിറ്റിങ് ചാർജ് ഉൾപ്പെടെ ചേർത്ത് 1200 - മുതൽ 1600 വരെ ചാർജ് ഈടാക്കും. പക്ഷെ ഞാൻ 960 രൂപയെ ഈടാക്കു. പല രോഗികളും ചോദിക്കും ഇതെന്താ ഇങ്ങനെയെന്ന്. രോഗികൾ ഡോക്ടറെ കാണാൻ പോകുമ്പോൾ ഓട്ടോ പാർക്ക് ചെയ്ത ശേഷം മരുന്ന് ലഭിക്കുന്നതിനുള്ള നീണ്ട ക്യൂവിൽ കയറി താൻ നിൽക്കും.... രോഗി ഡോക്ടറെ കണ്ട് മരുന്ന് ചീട്ടുമായി വരുമ്പോഴേക്കും താൻ ക്യൂവിന്റ ഏറ്റവും മുൻനിരയിൽ കാണും. അപ്പോ അവർക്ക് വല്യൊരു കാത്തിരിപ്പ് ഒഴിവാകുകയും വെയിറ്റിങ് കൂലി ലാഭിച്ചു നൽകുകയും ചെയ്യാമല്ലോ.വസീദിന്റെ ഈ പോളിസി എല്ലാ സ്നേഹ നിധികളായ ഓട്ടോ ചേട്ടന്മാർക്കും സമർപ്പിക്കുന്നു.... വസീദിന്റെ സ്നേഹ മനസിനു നന്ദിയുടെ ആയിരം പൂച്ചെണ്ടുകൾ...