സി കെ വീനീതിന്റെ ഇഷ്ട വാഹനം, യാത്രകൾ

C K Vineeth
SHARE

നട്ടപ്പാതിരാത്രി... കോഴിക്കോട് ഹൈവേയിലൂടെ KL 07 CK 13 നമ്പറുള്ള ചുവന്ന ഔഡി കാർ പാഞ്ഞുപോകുയാണ്. ഒരു ജംക്‌ഷൻ കഴിഞ്ഞപ്പോൾ ആരൊക്കെയോ കാർ ഫോളോ ചെയ്യുന്നതുപോലെ... കുറെ ദൂരം ആയിട്ടും അവർ വിടാതെ പിന്തുടരുന്നു. കാർ സ്ലോ ചെയ്തതും ബൈക്കുകൾ വട്ടം വച്ചു നിന്നു. ആളുകൾ ചുറ്റും കൂടി. പിൻഡോർ തട്ടി വിളിച്ചു. ഡോർ ഗ്ലാസ് താഴ്ന്നു. കൂട്ടത്തിലൊരുവൻ ചോദിച്ചു..‘ചേട്ടാ.. ഒരു സെൽഫി എടുത്തോട്ടെ???’

ck-vineeth-3

പാതിരാത്രിയ്ക്ക് ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി സെൽഫി എടുക്കണമെങ്കിൽ അത് ഒരു ഫുട്ബോൾ ആരാധകനായിരിക്കും. മലബാറിൽ മാത്രം കാണുന്ന പ്രത്യേകതരം വട്ട്... പാതിരാത്രിയിലെ സെൽഫിക്കഥ പറയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിലെ മിന്നും താരം സി.കെ. വിനീതിന്റെ മുഖത്തെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല... 

വീ..വ.. ബ്ലാസ്റ്റേഴ്സ്... ബ്ലാസ്റ്റേഴ്സ്... സ്റ്റേഡിയം ആരാധകരുടെ ആർപ്പുവിളികൾകൊണ്ട് നിറയുകയാണ്... ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ.. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച സി.കെ.വീനീത്... ഫുട്ബോൾ ലഹരി തലയ്ക്കുപിടിച്ച യുവാക്കളുടെ ഹീറോ..ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴിന്റെ പ്രതീക്ഷയാണ് വിനീത്.   

ck-vineeth-2
C K Vineeth

പ്രണയം ഫുട്ബോളിനോട് 

ആദ്യ പ്രണയം ഫുട്ബോളിനോടാണ്. നവോദയ സ്കൂളിലെ ബോർഡിങ് കാലമാണ് ഫുട്ബോളിലേക്കു തിരിയുന്നത്. ബോർഡിങ് സ്കൂൾ ആയതുകൊണ്ട് വലിയ സ്ട്രിക്ട് ആണ്. എല്ലാം ടൈം ടേബിൾ അനുസരിച്ചേ നടക്കൂ. വൈകുന്നേരം കളിക്കാനുള്ള സമയമാണ്. നമുക്കിഷ്ടമുള്ള ഏതെങ്കിലും കളി തിരഞ്ഞെടുക്കാം. ക്രിക്കറ്റ് ആഴ്ചാവസാനം മാത്രം. അന്നുതൊട്ടു ഫുട്ബോൾ കളിക്കാൻ തുടങ്ങി. വേലായുധനായിരുന്നു ആദ്യ കോച്ച്. അവിടെ ടിവി കാണാനൊന്നും പറ്റില്ലായിരുന്നു. മാസത്തിൽ വീട്ടുകാർക്കു കാണാൻ വരാം. എന്റെ ഏട്ടൻ ശരത്ത് വരുമ്പോൾ ടീവിയിൽ കണ്ട ഫുട്ബോൾ മാച്ചുകൾ വിവരിച്ചു തരുമായിരുന്നു. ലിവർപ്പൂളാണ് പുള്ളീടെ ഇഷ്ട ടീം. അതോടെ നമ്മളും ഇംഗ്ലിഷ് ക്ലബ്ബുകൾ ഇഷ്ടപ്പെട്ടുതുടങ്ങി. പിന്നെ അത് അസ്ഥിക്കുപിടിച്ചു.  

പതുക്കെ അതൊരു ഹരമായി മാറി. പ്ലസ്ടു കഴിഞ്ഞ് ഫുട്ബോൾ ക്ലബ്ബുകളിൽ കളിക്കാൻ ഒത്തിരി അലഞ്ഞു.. അവസാനം കണ്ണൂർ എസ്എൻ കോളജിൽ ഫുട്ബോൾ കളിക്കാൻ സൗകര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ അവിടെ ബിഎ ഇക്കണോമിക്സിനു ചേർന്നു. കോച്ച് ഭരതൻ സാറിന്റെ കീഴിൽ അഞ്ചാറുകൊല്ലം ഫുട്ബോളിനു വേണ്ടി മാത്രം പഠിച്ചു. ഡിഗ്രിയും പിജിയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. കോച്ചിങ് ക്യാംപുകളും മാച്ചിനു പോകുന്നതും എല്ലാം ബുദ്ധിമുട്ടായപ്പോൾ അച്ഛൻ വാസു ഒരു ബൈക്ക് സമ്മാനിച്ചു. ഹോണ്ട യൂണിക്കോൺ. പിന്നെ യാത്രകൾ മുഴുവൻ അതിലായി. ഇന്നേവരെ ലോക്കൽ ബസിൽ കേറിയിട്ടില്ല!

യൂണിക്കോൺ വാങ്ങിയ ശേഷം കറക്കം ഫുൾ അതിലായി. എന്നുവച്ച് എന്നും ട്രിപ് പോകുകയല്ല.. പ്രാക്ടീസിനും മറ്റും പോകാൻ സൗകര്യമായി. കോളജ് കഴിഞ്ഞ ശേഷം കസ്റ്റംസിനു വേണ്ടി നാലഞ്ചു മാസം ചെന്നൈയിൽ കളിക്കാൻ പോയി. അതുകഴിഞ്ഞ് കെഎസ്ഇബിക്കു വേണ്ടി കളിച്ചു. അവിടെന്നാണ് സന്തോഷ് ട്രോഫി ക്യാംപിലേക്ക് സിലക്ട് ആകുന്നത്. ആ സമയത്ത് ഒരു വെള്ള സ്വിഫ്ട് വാങ്ങി. ഏഴര വർഷമായി പ്രഫഷനൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയിട്ട്... വിവ, പ്രയാഗ് യുണൈറ്റഡ്. ബാംഗ്ലൂർ എഫ്സി കറങ്ങി കേരള ബ്ലാസ്റ്റേഴ്സിൽ നിൽക്കുന്നു. 

‘എന്റെ സ്വിഫ്ട് തെക്കേ ഇന്ത്യ മുഴുവൻ കണ്ടിട്ടുണ്ട്’ വിനീത് പറയുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് വെള്ള സ്വിഫ്ട് കറുപ്പായി എന്നതൊഴിച്ചാൽ ഇപ്പോഴും വേറെ മാറ്റങ്ങൾ ഒന്നും ഇല്ല. പിന്നീട് ബുള്ളറ്റ് വാങ്ങി. കുറെ യാത്രകൾ ബുള്ളറ്റിനൊപ്പമായിരുന്നു. ‘ബെംഗളൂരുവിൽനിന്നു കണ്ണൂരിലെ വീട്ടിലേക്കൊക്കെ ബുള്ളറ്റിൽ പോന്നിട്ടുണ്ട്. ബൈക്ക് വാങ്ങിയതു മുതൽ ഇതുവരെ ലോക്കൽ യാത്രകൾക്കായി ബസ്സിൽ കയറേണ്ടി വന്നിട്ടില്ല’.

ck-vineeth
C K Vineeth

ഔഡി മൈ ഫേവറിറ്റ്

എന്റെ ഏറ്റവും പ്രിയപ്പെട്ട കാർ ബ്രാൻഡ് ആണ് ഔഡി. അതുകൊണ്ടാണ് ഈ ക്യൂട്ട് ക്യു3 സ്വന്തമാക്കിയിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ.  ഒറ്റയ്ക്കും കൂട്ടുകാരുമായൊക്കെ ഇഷ്ടംപോലെ യാത്ര പോകാറുണ്ടെങ്കിലും ഭാര്യ ശരണ്യയുമായി ഇതേവരെ പോയിട്ടില്ല. കാരണം യാത്രകളെല്ലാം പ്ലാൻ ചെയ്യാതെയുള്ളതാണ്.. ഫാമിലി  ആയി പോകുമ്പോൾ അതു നടക്കില്ലല്ലോ.. ഇതു വരെ വാങ്ങിയ എല്ലാ വാഹനങ്ങളും കണ്ണൂരിലെയും കൊച്ചിയിലെയും വീട്ടിലുണ്ട്. 

ആന ഓടിച്ച യാത്ര

കൂട്ടുകാരൊന്നിച്ചുള്ള യാത്രകളാണ് എന്നും ഇഷ്ടം. ഇപ്പോൾ പഴയപോലെ യാത്ര ചെയ്യനൊന്നും പറ്റാറില്ല. പ്രാക്ടീസ് ക്യാംപിനിടയ്ക്കു ലീവ് കിട്ടുമ്പോൾ മാത്രമേ എവിടെയെങ്കിലും പോകാൻ പറ്റൂ. ഐഎസ്എൽ കളിക്കാൻ തുടങ്ങിയ ശേഷം എപ്പോഴും തിരക്കാ.. ഫുട്ബോൾ മാച്ചുമായി ബന്ധപ്പെട്ട് തെക്കേ ഏഷ്യൻ രാജ്യങ്ങൾ എല്ലാം പോയിട്ടുണ്ട്. സിംഗപ്പൂർ, മലേഷ്യ, ലാവോസ്, മ്യാൻമാർ, ഖത്തർ, കംബോഡിയ എന്നിങ്ങനെ ഒത്തിരി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ കോച്ചിങ് ക്യാംപ് സ്പെയിനിൽ വച്ചായിരുന്നു. പല രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും യാത്രകൾ എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല.   

ഏറ്റവും കൂടുതൽ ആസ്വദിച്ച യാത്ര ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലേക്കുള്ളതാണ്. കഴിഞ്ഞ സീസണിൽ പ്രാക്ടീസിനിടയ്ക്കു ലീവ് കിട്ടിയപ്പോൾ രണ്ടു സുഹൃത്തുക്കളുമായി സ്വിഫ്ട് എടുത്ത് വിട്ടു. രാത്രി കാട്ടിൽ താമസം. വാച്ചറുമായി ഞങ്ങൾ കാട്ടിലൂടെ നടക്കാനിറങ്ങി. ഒരു കുന്നിനു മുകളിൽ കയറിയാൽ ആനയെ ഉറപ്പായും കാണാൻ പറ്റുമെന്നു പറഞ്ഞ് ഞങ്ങൾ അങ്ങോട്ടു നീങ്ങി. ചെറിയ വളവ് കഴിഞ്ഞതും വാച്ചർ ഓടിക്കോ എന്നലറിക്കൊണ്ടു തിരിഞ്ഞോടി... ആന പിന്നാലെ പാഞ്ഞു വരുന്നു... ഞങ്ങൾ നാലുപാടും ചിതറിയോടി... ഒരു ഒന്നൊന്നര ഓട്ടം... പക്ഷേ ആ യാത്ര ശരിക്കും ആസ്വദിച്ചു. പിന്നീടതുപോലെ പോകാൻ കഴിഞ്ഞിട്ടില്ല.      

ck-vineeth-1
C K Vineeth

സെൽഫി

മലബാറുകാരുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണല്ലോ... കളിക്കാരെപ്പോലെ വാഹന ഭ്രമം ഉള്ളവർ. വിനീതിന്റെ കാര്യത്തിലും മാറ്റമൊന്നും ഇല്ല. അതിനാൽതന്നെ കാറിൽ എപ്പോഴും ഒരു ഫുട്ബോൾ ഉണ്ടാകും. വിനീതിന്റെ കെ എൽ 07 സി കെ 13 എന്ന നമ്പറും ആളെയും മലബാറുകാർക്കെല്ലാം കാണാപാഠമാണ്. കണ്ണൂരിലെ വീട്ടിൽനിന്നു കൊച്ചിയിലേക്ക് ഔഡിയിൽ വരുമ്പോഴായിരുന്നു ആ നട്ടപ്പാതിര സെൽഫിക്കഥ സംഭവിച്ചത്. അതിനുശേഷം അസമയങ്ങളിൽ ആരെങ്കിലും കൈകാണിച്ചാൽ നിർത്താനൊക്കെ പേടിയാണ്. 

ഫാസ്റ്റ്ട്രാക്ക് ആരാധകനാണു വിനീത്. ഫോട്ടോസ് എടുക്കാൻ ചുവന്ന ഔഡിയുമായി തൃപ്പൂണിത്തുറ സ്കൂൾ ഗ്രൗണ്ടിലേക്കെത്തിയതും ആരാധകർ വിനീതിനെ വട്ടമിട്ടു. ചിലർക്ക് സെൽഫി, കുട്ടി ആരാധകർക്ക് ഓട്ടോഗ്രാഫ്..  ചേട്ടാ... ഇത്തവണയും ബ്ലാസ്റ്റേഴ്സിലല്ലേ?? പൊളിക്കണംട്ടാ.. ഉറപ്പായും മച്ചാ...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA