ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. നോട്ടു നിരോധനവും ജിഎസ്ടിയുമെല്ലാം ചെറിയ പ്രതിസന്ധികള്‍ നല്‍കിയെങ്കിലും വാഹന വിപണി ടോപ്ഗിയറില്‍ തന്നെയാണ്. വിപണിയിലെ ഒട്ടുമിക്ക നിര്‍മാതാക്കള്‍ക്കും 2017 മികച്ച വര്‍ഷം തന്നെയാണ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് വിപണനം അവസാനിപ്പിച്ചെങ്കിലും രാജ്യാന്തര വിപണിയിലെ പല പ്രമുഖരും ഇന്ത്യയിലെത്തുമെന്ന് 2017 പ്രഖ്യാപിക്കുകയുണ്ടായി. നിരവധി ജനപ്രിയ വാഹനങ്ങളുടെ അരങ്ങേറ്റവും 2017 നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ പ്രധാന വാഹനങ്ങളെയാണ് ചുവടെ കുറിക്കുന്നത്. വില്‍പ്പന കണക്കുകള്‍ മാത്രം പരിഗണിച്ചല്ല ഈ തിരഞ്ഞെടുപ്പ്.
കോംപസ്
ഇന്ത്യൻ വാഹനലോകത്ത് വലിയ തരംഗം സൃഷ്ടിച്ചായിരുന്നു ജീപ്പ് കോംപസ് എത്തിയത്. പ്രതീക്ഷിച്ച വിലയെക്കാൾ കുറഞ്ഞ വിലയ്ക്കെത്തിയ കോംപസ് ഏറെ ആരാധകരെ സൃഷ്ടിച്ചു. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന വാഹനമാണ് ജീപ്പ് കോംപസ്. 2017 ജൂലൈയിലാണു മൂന്നു വകഭേദങ്ങളോടെ ‘കോംപസ്’ നിരത്തിലെത്തിയത്: സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്. അരങ്ങേറ്റം കുറിച്ച് നാലു മാസത്തിനകം ‘കോംപസി’ന്റെ വിൽപ്പന 10,000 യൂണിറ്റിലെത്തി.
2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിന് ഇന്ത്യയിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്.
ഇഗ്നിസ്
കഴിഞ്ഞ വർഷം ആദ്യം മാരുതി സുസുക്കി പുറത്തിറക്കിയ മൈക്രോ എസ്‌യുവിയാണ് ഇഗ്നിസ്. ജനപ്രിയ കാറായ റിറ്റ്സിന്റെ പകരക്കാരനായി എത്തിയ വാഹനം ഏറെ ആരാധകരെ സൃഷ്ടിച്ചു. യുവാക്കളെ ലക്ഷ്യം വെച്ച് അർബൻ കോംപാക്ട് ക്രോസ്ഓവറായാണ് ഇഗ്നിസിനെ പുറത്തിറക്കിയത്. ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്.
1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ, 1.3 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 83 പി എസ് വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിൽ പിറക്കുന്ന 75 പി എസ് ആണ്; ടോർക്കാവട്ടെ 2,000 ആർ പി എമ്മിലെ 190 എൻ എമ്മും. പെട്രോൾ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) സഹിതവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുണ്ട്.
ഡിസയര്‍
മാരുതി സുസുക്കിയുടെ കോംപാക്റ്റ് സെഡാൻ സ്വിഫ്റ്റ് ഡിസയറിന്റെ പുതു മോഡലാണ് കഴിഞ്ഞ വർഷം മാരുതി പുറത്തിറക്കിയ ഏറ്റവും ജനപ്രിയ കാർ. ആരെയും ആകർഷിക്കുന്ന കിടിലൻ രൂപഭാവത്തിലെത്തിയ മാരുതിയുടെ മൂന്നാം തലമുറ ഡിസയർ വിപണിയിലും തരംഗം സൃഷ്ടിച്ചു. പുറത്തിറങ്ങി ആദ്യമാസം തന്നെ ഓൾട്ടോയെ പിന്തള്ളി രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറായി മാറി ഡിസയർ. ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്ന ഡിസയറിന്റെ പെട്രോൾ മോഡലിന് 22 കിലോമീറ്ററും ഡീസൽമോഡലിന് 28.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
1.2 ലിറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ അഞ്ച് സ്പീഡ് ഗിയറുകൾ. പെട്രോളിൽ ഫോർ സ്പീഡ് ഓട്ടോബോക്സും ഡീസലിൽ ഫൈവ് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പിൽ രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുമുണ്ട്.
നെക്‌സോണ്‍
കോംപാക് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പുറത്തിറക്കിയ വാഹനമാണ് നെക്സോൺ. കാഴ്ചപ്പകിട്ടും എതിരാളികളെ കടത്തിവെട്ടുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമായി എത്തിയ നെക്സനിന് ആദ്യ രണ്ടു മാസത്തിനിടെ ആറായിരത്തോളം യൂണിറ്റ് വിൽപ്പനയാണു ലഭിച്ചിരുന്നു. പുത്തൻ രൂപകൽപ്പന സിദ്ധാന്തമായ ‘ഇംപാക്ടി’ൽ അധിഷ്ഠിതമായ നാലാമതു ടാറ്റ മോഡലാണ് നെക്സോൺ. ഫ്ളോട്ടിങ് ടച് സ്ക്രീൻ, റിയർ എയർ വെന്റ് തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ വാഹനത്തിലുണ്ട്. പോരെങ്കിൽ മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയും ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലുമുണ്ട്.
പുതിയ 1.5 ലീറ്റർ റെവൊടോർക് ഡീസൽ എൻജിൻ കരുത്തേകുന്ന ‘നെക്സ’ന് ലീറ്ററിന് 21.50 കിലോമീറ്ററാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ ലീറ്ററിന് 17 കിലോമീറ്റർ ഇന്ധനക്ഷമതും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
വെര്‍ണ
ഹ്യുണ്ടേയ്‌യുടെ ഇടത്തരം സെഡാനായ വെർണയുടെ പുതു മോഡലുമായിട്ടാണ് ഹ്യുണ്ടേയ് കഴിഞ്ഞ വർഷമെത്തിയത്. അരങ്ങേറ്റം കുറിച്ച് 40 ദിവസത്തിനകം 1.24 ലക്ഷത്തോളം അന്വേഷണങ്ങളാണു കാറിനെ തേടിയെത്തിയതെന്നാണ് ഹ്യുണ്ടേയ് അറിയിച്ചത്. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി വെർണ എത്തിയപ്പോൾ ഹോണ്ട സിറ്റി, മാരുതി സിയാസ് തുടങ്ങിയ വാഹനങ്ങൾ ഭീഷണിമായി. ‘എലാൻട്ര’യ്ക്കും അടിത്തറയാവുന്ന പുതിയ ‘കെ ടു’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണു ഹ്യുണ്ടേയ് പുതുതലമുറ ‘വെർണ’ യാഥാർഥ്യമാക്കിയത്.
പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു ‘വെർണ’ വിൽപ്പനയ്ക്കുള്ളത്. കാറിലെ 1.6 ലീറ്റർ, വി ടി വി ടി പെട്രോൾ എൻജിന് പരമാവധി 123 ബി എച്ച് പി കരുത്തും 155 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.6 ലീറ്റർ, യു ടു, സി ആർ ഡി ഐ, വി ജി ടി ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ പരമാവധി 128 ബി എച്ച് പി വരെ കരുത്താണ്; 260 എൻ എം ടോർക്കും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി, റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.