ഒന്നു നിരീക്ഷിച്ചാൽ വളരെയധികം കൗതുകങ്ങൾക്കു സാധ്യതയുള്ള സ്ഥലമാണ് റോഡ്. നമ്മുടെ റോഡുകളിൽ വാഹനമോടിക്കുന്ന മനുഷ്യരെ പൊതുവായ ചില പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പല കാറ്റഗറികളാക്കി തരംതിരിക്കാൻ ഒരു ശ്രമം നടത്തുകയാണ്, ഒരു നർമത്തിന്.
ഏകാന്ത പഥികൻ
∙ റോഡിൽ താനും തന്റെ വണ്ടിയും മാത്രമേയുള്ളൂ എന്ന മട്ടിൽ വണ്ടിയോടിക്കുന്നവരാണിവർ. വേഗം കുറവായിരിക്കും. മുന്നും പിന്നും നോക്കാതെ തോന്നുന്നിടത്ത് ബ്രേക്കിടുക, ഇൻഡിക്കേറ്ററിനെക്കുറിച്ചു കേട്ടിട്ടേയില്ലാത്ത മട്ടിൽ വണ്ടി തിരിക്കുക തുടങ്ങിയവയാണ് സവിശേഷതകൾ.
ഉമ്മറത്തമ്മാൻ
∙ സ്വന്തം വീട്ടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന ഭാവത്തിൽ വണ്ടിയോടിക്കുന്ന വിഭാഗമാണിത്. വേഗം കുറവ്. ഇവർ വണ്ടിയെയും കൊണ്ടല്ല, വണ്ടി ഇവരെയുംകൊണ്ടു പോകുകയാണെന്നേ തോന്നൂ.
സൂയിസൈഡ് സ്ക്വാഡ്
∙ എന്തു വില കൊടുത്തും ചാവണമെന്ന ഉദ്ദേശത്തോടെ റോഡിലിറങ്ങുന്ന ഇക്കൂട്ടർ ഭൂരിഭാഗവും ബൈക്കിലായിരിക്കും. ഇവരുടെ സാന്നിധ്യം ഒരു ബൂമിങ് ശബ്ദത്തിലൂടെ മാത്രമേ അറിയാൻ സാധിക്കൂ. ‘എന്താ ആ പോയത്?’ എന്ന ചോദ്യം അതിനെത്തുടർന്നു പ്രതീക്ഷിക്കാം.
ഗരുഡൻ
∙ ഇരുചക്രവാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന വിഭാഗം ഒരു വെയ്റ്റ് ലിഫ്‌റ്റർ ഭാരം ഉയർത്താൻ ശ്രമിക്കുന്നതുപോലെ കൈമുട്ടുകൾ രണ്ടും പുറത്തേക്കുമടക്കി, കുനിഞ്ഞ് ഹാൻഡിലിൽ പിടിച്ച് പായുന്നതു കണ്ടാൽ, ഗരുഡൻ വണ്ടി റാഞ്ചിയെടുത്തു പോകുന്നതുപോലെ തോന്നിക്കും. സൂയിസൈഡ് സ്ക്വാഡിലെ ഉപവിഭാഗമായും കണക്കാക്കാം.
ഫാമിലി മാൻ
∙ വണ്ടിയിൽ പുറത്തേക്ക് ഊർന്നുകിടക്കുന്ന സാരി, ഷോൾ, ഞെരുങ്ങിയിരിക്കുന്ന യാത്രികർക്കിടയിൽ പുറത്തേക്കു കയ്യിട്ട് ബഹളംവയ്ക്കുന്ന കുഞ്ഞുകുട്ടികൾ, പുറത്തേക്കു തെറിക്കുന്ന ഓറഞ്ചിന്റെ തൊലി എന്നിവ സാധാരണ ലക്ഷണങ്ങൾ. വല്ലപ്പോഴും മാത്രം കാറെടുക്കുന്നവർ ആയതിനാൽ വശത്തേക്ക് പെട്ടെന്നു തെന്നിമാറുക, വളരെ പതിയെ റോഡിന്റെ ഒത്ത നടുവിലൂടെ മാത്രം പോകുക തുടങ്ങിയവ സാധാരണമായിരിക്കും. ഇവരെ ഓവർടേക്ക് ചെയ്യാൻ ഗ്യാപ് നോക്കുന്ന ഫ്രസ്‌ട്രേറ്റഡ് വാഹനങ്ങളുടെ ഒരു നീണ്ട ക്യൂ പിന്നിൽ ഉണ്ടാകും. മിക്കവാറും ഞായറാഴ്ച വൈകിട്ടാണ് ഇക്കൂട്ടർ റോഡിൽ ആധിപത്യം നേടാറുള്ളത്.
വാഴവെട്ടുകാരൻ
∙ അത്യാഹിതാവസ്ഥയിലുള്ള രോഗികളേയുംകൊണ്ട് അതിവേഗത്തിൽ പോകുന്ന ആംബുലൻസിനു പിന്നാലെ, ആ അവസരം മുതലാക്കി വാലുപോലെ വച്ചുപിടിക്കുന്നവരാണ് ഇക്കൂട്ടർ. ‘പുര കത്തുമ്പോൾ വാഴ വെട്ടുക’ എന്ന പരമ്പരാഗത കലാപരിപാടിയോട് ഇവരുടെ പ്രകടനത്തിന് സാദൃശ്യമുണ്ട്.
∙ ഇതിനു പുറമേ നിയമങ്ങൾ പാലിച്ച് വണ്ടിയോടിക്കാൻ ശ്രമിക്കുകയും അതുവഴി മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാകുകയും ചെയ്യുന്ന ഒരു കൂട്ടർ ഉണ്ടെങ്കിലും ശ്രദ്ധിക്കാൻ മാത്രമുള്ള എണ്ണം ഉണ്ടാകാറില്ല.
∙ (സ്ത്രീകൾ, ഓട്ടോറിക്ഷകൾ എന്നിവരെ പ്രത്യേക രണ്ട് കാറ്റഗറികളായി തിരിക്കണമെന്നു വാദമുണ്ടെങ്കിലും അക്കാര്യത്തിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്).