നാലു സിറ്റികളുടെ കഥയാണിത്. ഈ സിറ്റികൾ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സിറ്റികളല്ല, ഏറ്റവും ആഡംബരമുള്ള സിറ്റികളുമല്ല. ഏറ്റവും മൂല്യമുള്ള സിറ്റികളാണ്. നാലു തലമുറകളിലായി രണ്ടു ദശകങ്ങൾ പിന്നിട്ട് സിറ്റി വീണ്ടും മുന്നേറുന്നു. ഹോണ്ടയുടെ സിറ്റി ഇന്ത്യയിൽ ഇരുപതാമാണ്ടിൽ നിൽക്കുമ്പോൾ സിറ്റി പിന്നിട്ട വഴികളിലൂടെ.
∙ ഹാച്ച്ബാക്ക്: നമ്മൾ ആദ്യം കണ്ട സിറ്റി സെഡാനാണെങ്കിൽ ജപ്പാനിൽ 1981 ൽ ആദ്യം പിറന്ന സിറ്റി പഴയ മാരുതി 800 നെ അനുസ്മരിപ്പിക്കുന്ന കൊച്ചു ഹാച്ച് ബാക്കായിരുന്നു. തൊട്ടടുത്ത തലമുറയും ഹാച്ച് ബാക്ക് തന്നെ. 1986 ൽ വന്ന സിറ്റി രണ്ടാം തലമുറ കുറച്ചു കൂടി വലുപ്പം വച്ചെങ്കിലും മൂന്നു ഡോർ ഹാച്ച് രൂപം വിട്ടില്ല.
∙ മൂന്നാമൻ ഒന്നാമൻ: 1996 ൽ ജപ്പാനിൽ ഇറങ്ങിയ സിറ്റിയാണ് 1998 ൽ ഇന്ത്യയിലും എത്തിയത്. സിവിക് പ്ലാറ്റ്ഫോമിൽ സെഡാനായി സ്ഥാനക്കയറ്റം കിട്ടിയ സിറ്റി എല്ലാം തികഞ്ഞ ഒരു കൊച്ചു സെഡാനായിരുന്നു. ഇന്നും പുതുമയോടെ കാർ പ്രേമികൾ കൊണ്ടു നടക്കുന്ന സിറ്റി. 1.3 ലീറ്ററിലും 1.5 ലീറ്ററിലുമായി രണ്ട് ആധുനിക എൻജിൻ ഒാപ്ഷനുകൾ. പെട്രോളിൽ രണ്ട് എൻജിൻ സാധ്യത പിന്നീടൊരിക്കലും സിറ്റി നമുക്കു തന്നില്ല.
∙ തലമുറകൾ: 2003 ൽ അക്കാലത്തെ ഫ്യുച്ചറിസ്റ്റിക് രൂപവുമായി വന്ന ഇന്ത്യയിലെ രണ്ടാം തലമുറയാണ് സിറ്റിയെ റോഡിലെ സ്ഥിരം കാഴ്ചയാക്കി വളർത്തിയത്. 1.5 പെട്രോൾ എൻജിനും ഇന്ത്യയിലെ ആദ്യ സി വി ടി ട്രാൻസ്മിഷനുമൊക്കെയായി സിറ്റി രണ്ടാമൻ നന്നായൊന്നു വിലസി. എ ബി എസ് ആദ്യമായി സിറ്റിയിലെത്തുന്നതും ഈ മോഡലിലൂടെയാണ്.
∙ മൂന്നാമൻ: പിന്നീടു വന്ന സിറ്റിയിൽ എ ബി എസും എയർബാഗും സ്റ്റാൻഡേർഡായി. ഒന്നാം തലമുറ പോലെ വാഹനപ്രേമികളും വാഹന ശേഖരമുള്ളവരും സ്വന്തമാക്കാനാഗ്രഹിക്കുന്ന മോഡലാണ് ഇത്. ഇത്ര പെട്ടെന്നു മോഡൽ മാറ്റം എന്തിനെന്നു വരെ ചിലർ പരാതി പറഞ്ഞു; പുതിയ മോഡൽ സിറ്റി കാണും വരെ.
∙ ഇന്നത്തെ സിറ്റി: 2014 ൽ ആദ്യമായി സിറ്റി ഡീസലിലേറി. 1.5 പെട്രോളിനു പുറമേ അതേ ശേഷിയിൽ ഒരു ഡീസലും വന്നു. ഏറ്റവും വിജയകരമായ സിറ്റിയും ഡാഷ് ബോർഡ് നിറഞ്ഞു നിൽക്കുന്ന ടച് സ്ക്രീനടക്കം ആധുനികതയുടെ പര്യായമായി മാറിയ ഈ സിറ്റി തന്നെ. ഇതേ വരെ 2.76 ലക്ഷം കാറുകളിറങ്ങി. ഇന്ത്യയിലെ മറ്റു സിറ്റികളുടെ വിൽപന ഇങ്ങനെ: ഒന്നാമൻ: 59378, രണ്ടാമൻ 1.77 ലക്ഷം, മൂന്നാമൻ: 1.92 ലക്ഷം. ആകെ ഇതേ വരെ ഇന്ത്യയിൽ ഏഴു ലക്ഷം. ലോകത്തുള്ള സിറ്റികളടെ നാലിലൊന്നു വരും ഇത്.
∙ കേരളമെന്നു കേട്ടാൽ: ഒന്നാം നിര നഗരങ്ങളിൽ സിറ്റി ഏറ്റവുമധികം വിൽക്കുന്നത് ന്യൂഡൽഹിയിലെങ്കിൽ രണ്ടും മൂന്നും നിര നഗരങ്ങളിൽ വിൽപന ഏറ്റവുമധികം കേരളത്തിലാണ്. കൊച്ചിയും കൊല്ലവും. െെദവത്തിെൻറ സ്വന്തം നാട്ടുകാർ സിറ്റിയെ െെദവം നൽകി അനുഗ്രഹിച്ച കാറായാണ് കാണുന്നത്. ഏതു പ്രൊഫഷനലുകൾക്കും വ്യവസായികൾക്കുമൊക്കെ അന്തസ്സായി സ്വന്തമാക്കാവുന്ന കാർ. പണ്ട് അംബാസഡറിനെപ്പറ്റി പറയുന്നതു പോലെ ഏതു റോൾസ് റോയ്സിനൊപ്പവും പാർക്കു ചെയ്യാനാവുന്ന കാർ.
∙ ശൃംഖല: ഹോണ്ട സിറ്റിയിലൂടെ പടർന്നു പന്തലിക്കയാണ്. 1998 ൽ 12 ഡീലർമാരും 11 നഗരങ്ങളുമായിരുന്നുവെങ്കിൽ ഇപ്പോൾ 234 നഗരങ്ങളിലായി 349 ഡീലർഷിപ്പുകൾ. ചെറിയ നഗരങ്ങളിൽ പോലും രണ്ടു ഡീലർഷിപ്പുകളുണ്ട്. സിറ്റി വളരുകയാണ്. ഇനിയും കുറെയേറെ വളരാനുമുണ്ട്.