‘ചേട്ടനിതിലൊന്നും വലിയ പിടിയില്ലല്ലേ..?’ ‘മഹേഷിന്റെ പ്രതികാര’ ത്തിലെ ഈ ഡയലോഗ് ആണ് അപർണ ബാലമുരളിയെ കാണുമ്പോൾ ഓർമ വരുക. മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസി’യിലൂടെ അപർണയും ക്ലിക്ക് ആയി. നായികയായും ഗായികയായും മികവു തെളിയിച്ച അപർണ ആർക്കിടെക്ട് സ്റ്റുഡന്റ് കൂടിയാണ്. ഒട്ടേറെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന അപർണയ്ക്കു വാഹനങ്ങളും പ്രിയം തന്നെ.
∙ മിഡ്നൈറ്റ് ബ്ലൂ ഹെക്സ
ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയുന്ന ജില്ല് ജില്ല് കൊച്ചാണ് അപർണ. ആ ചുറുചുറുക്ക് കാർ തിരഞ്ഞെടുപ്പിലും ഉണ്ട്. ടാറ്റയുടെ മിഡ്നൈറ്റ് ബ്ലൂ ഹെക്സയിൽ കണ്ണുടക്കിയ കഥ അപർണ പറയും. ‘‘ഷൂട്ടിങ്ങിനും മറ്റും പോകുമ്പോൾ നല്ല യാത്ര ഉള്ളതിനാൽ ഒരു എസ്‌യുവി വേണം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ. അച്ഛനും ഞാനും കൂടി നോക്കാത്ത മോഡലുകൾ ഇല്ല. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോഡ് എൻഡവർ, ടാറ്റ ഹെക്സ എന്നിങ്ങനെ കുറെ മോഡലുകൾ നോക്കി. അതിൽ ഏറ്റവും ഇഷ്ടമായത് ഹെക്സയാണ്. മിഡ്നൈറ്റ് ബ്ലൂ കളർ കണ്ടപ്പോഴെ ക്ലീൻ ബൗൾഡ് ആയി. പിന്നെ മികച്ച ലെഗ് സ്പേസ്, നല്ല സീറ്റിങ്, വിശാലമായ ഇന്റീരിയർ എല്ലാം കിടു...’’
∙ പഠനം
ഹെക്സ കൂടാതെ ഒരു റെഡ് വൈൻ നിറമുള്ള വാഗൺ ആർ കൂടിയുണ്ട് അപർണയ്ക്ക്. കോളജിൽ പോകുമ്പോൾ വാഗൺ ആർ കൊണ്ടുപോകും. പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിആണ് അപർണ. ചെറുപ്പത്തിലേ വരയും ഡിസൈനിങ്ങും ഇഷ്ടമായിരുന്നു. അതാണ് ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണം.
∙ യാത്രകൾ
പഠനവുമായി ബന്ധപ്പെട്ടു ഡൽഹി, രാജസ്ഥാൻ, ആഗ്ര എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. കാണാൻ കളർഫുൾ രാജസ്ഥാൻ ആണ്. സിനിമയിൽ വന്നശേഷം പല വിദേശ രാജ്യങ്ങളും സന്ദർശിച്ചു. എങ്കിലും ഇന്ത്യയിലെ സ്ഥലങ്ങൾ കാണാനാണ് കൂടുതൽ താൽപര്യം.
∙ ഇഷ്ടസ്ഥലം
ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് സ്പെയിൻ. ഒരു ആർക്കിടെക്ട് എന്ന നിലയിൽ ഒട്ടേറെ കാണാനും അറിയാനും ഉണ്ട്. പഴയ ചാപ്പലുകളും അവിടത്തെ കെട്ടിടങ്ങളും എല്ലാം മനോഹരമാണ്. സമയവും സന്ദർഭവും ഒത്തുവന്നാൽ പറക്കും സ്പെയിനിലേക്ക്...
∙ കുടുംബം
തൃശൂരിൽ ആണ് സ്ഥിരതാമസം. അച്ഛൻ ബാലമുരളിയും അമ്മ ശോഭയും നന്നായി പാടും. ആ കഴിവും അപർണയ്ക്കുണ്ട്. സ്വന്തം ചിത്രങ്ങളിലെല്ലാം പാടിയതും അപർണ തന്നെ.
∙ പുതിയ സിനിമകൾ
ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ‘കാമുകി’ ആണ് വരാനിരിക്കുന്ന ചിത്രം.‘കണ്ടുകൊണ്ടേൻ’ എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ‘സർവം താളമയം’ എന്ന തമിഴ് സിനിമയാണ് അടുത്തത്. സംഗീതത്തിനു പ്രധാന്യമുള്ള ചിത്രമാണിത്.
∙ സ്വപ്നം
പ്രശസ്ത വ്യക്തികളുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിക്കണമെന്നതാണ് അപർണയുടെ സ്വപ്നങ്ങളിലൊന്ന്. ഒപ്പം മികച്ച ആർക്കിടെക്ട് ആയും അറിയപ്പെടണം.
∙ ഹെക്സ ഡ്രൈവിങ്
ഹെക്സ സ്വന്തമാക്കിയിട്ട് ആറുമാസം ആയതേയുള്ളൂ. ഈയിടെ കസിന്റെ വിവാഹത്തിനായി ബെംഗളൂരു വരെ ലോങ് ഡ്രൈവ് ചെയ്തു. ഞങ്ങൾ ഒൻപതുപേരുണ്ടായിരുന്നു. ദീർഘയാത്രയായിരുന്നിട്ടും യാതൊരു ക്ഷീണവുമില്ല. എല്ലാവരും കൂൾ ആയിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ പോകുമ്പോഴും ഹെക്സ വളരെ കംഫർട്ടബിൾ ആണ്. ഡ്രൈവ് ചെയ്യുമ്പോൾ മികച്ച വ്യൂ ആണ് ഹെക്സയുടേത്. സീറ്റ് നമ്മുടെ സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്യാം.