മൂന്നു യാത്രികർ, ആറുരാജ്യങ്ങൾ, 53 ദിവസം,15,600 കിലോമീറ്റർ. റോഡുകൾ ഇല്ലാത്ത മലനിരകളും താഴ്‌വാരങ്ങളും പുഴകളും വനാന്തരങ്ങളും താണ്ടിയ യാത്ര. മൈനസ് നാലു ഡിഗ്രി തണുപ്പിൽ മഞ്ഞിനെ വകഞ്ഞുമാറ്റിയും 55 ഡിഗ്രി ചൂടിൽ ഉണങ്ങിവരണ്ട പൊടിക്കാറ്റിനെ ചങ്കൂറ്റം കൊണ്ടു നേരിട്ടും കുതിച്ചുപാഞ്ഞ പകലുകൾ. മലവെള്ളപ്പാച്ചിലിൽ പിളർന്ന പാതകൾ താണ്ടിയ സാഹസികത. ഇന്ത്യൻ റൈഡർമാരായ ദീപക് കമ്മത്ത്, സുധീർ പ്രസാദ്, ദിലീപ് ഭട്ട് എന്നിവർ ബജാജ് ഡോമിനറിൽ നടത്തിയ ട്രാൻസ് സൈബീരിയൻ ഒഡീസി യാത്രയുടെ ചുരുക്കമാണിത്. ഈ റൂട്ടിൽ ഇന്ത്യൻ ബൈക്കേഴ്സിന്റെ ആദ്യ സാഹസിക യാത്രകൂടിയായിരുന്നു ഇത്. ഉസ്ബക്കിസ്ഥാനിൽനിന്നു തുടങ്ങി തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, മംഗോളിയ എന്നീ രാജ്യങ്ങൾ താണ്ടി റഷ്യയിലെ മഗധനിൽ യാത്ര അവസാനിക്കുമ്പോൾ മനുഷ്യനും യന്ത്രവും ചേർന്ന സാഹസിക വിജയത്തിന്റെ പതാക ഉയരുകയായിരുന്നു.
നരകത്തിലേക്കുള്ള റോഡ‍്
ചരിത്രങ്ങളുറങ്ങുന്ന, ഓൾഡ് സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന പാമിർ ഹൈവേയിൽ നിന്നായിരുന്നു തുടക്കം. ബൈക്കുകൾ വിമാനമാർഗം ഉസ്ബക്കിസ്ഥാനിൽ എത്തിക്കുകയായിരുന്നു. ഉസ്ബക്കിസ്ഥാനെയും കിർഗിസ്ഥാനെയും ബന്ധിപ്പിക്കുന്ന, 2000 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന, ഭീമൻ റോഡ്. ഔദ്യോഗികനാമം എം–41. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ രാജ്യാന്തര ഹൈവേയാണിത്. ‘നരകത്തിലേക്കുള്ള റോഡ‍്’ എന്ന ഓമനപ്പേരിലും ഇത് അറിയപ്പെടുന്നു.
ഭൂകമ്പം, ഉരുൾപൊട്ടൽ, ഹിമപാതം എന്നിവയാൽ തകർന്നു തരിപ്പണമായ, കല്ലും ചരൽമണ്ണും മണലും ഇടകലർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. ഡോമിനറിന്റെ എൻജിൻ കരുത്തും ഗ്രൗണ്ട് ക്ലിയറൻസും മികച്ച സസ്പെൻഷനുമാണ് ഇവിടെ തുണയായത്. റോഡിന്റെ ഇരുഭാഗവും ചെങ്കുത്തായ മലഞ്ചെരിവുകളാണ്. റോഡും കൊക്കയുമായി വേർതിരിക്കുന്ന ബാരിക്കേഡുകൾ ഇവിടെയില്ല. ചെറിയ അബദ്ധം പോലും മരണത്തെ ക്ഷണിച്ചുവരുത്തും. ഓഫ് റോഡ് യാത്രയ്ക്കു സമാനമായ അനുഭവം.
പാമിർ ഹൈവേയിൽനിന്നു കിർഗിസ്ഥാനിലേക്കു കടന്നാൽ അതിദുർഘടമായ പാതകളാണ്. ഭൂപ്രകൃതിയുടെ എൺപത്തഞ്ചു ശതമാനത്തിൽ അധികവും മലനിരകളായ കിർഗിസ്ഥാനിലെ പല മലമ്പാതകളും പാലങ്ങളും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒലിച്ചുപോയിരുന്നു. പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചുവച്ച സോങ് കുൾ, ഇസ്സിക് കുൾ തടാക തീരങ്ങളിലൂടെയുള്ള യാത്ര അവിസ്മരണീയം. ഇരുവശത്തുമായി കുത്തനെ ഉയർന്നു നിൽക്കുന്ന തരിശായ മലകൾക്കു നടുവിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന റോഡുകൾ. തെളിഞ്ഞ നീലാകാശത്തു പഞ്ഞിക്കെട്ടുകൾ പോലെ പ്രത്യക്ഷപ്പെടുന്ന മേഘങ്ങൾ, അസ്തമയസ്വർണപ്രഭയിൽ വിളങ്ങി നിൽക്കുന്ന താഴ്‌വാരം. കണ്ണുനീർത്തുള്ളിപോലുള്ള തടാകത്തിനു ചുറ്റും പച്ചപ്പുൽമേടുകൾ. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഈ രാജ്യം ലോകത്തിലെ ഏറ്റവും മനോഹരമായ ഹെയർപിൻ റോഡുകളുടെ നാടു കൂടിയാണെന്ന് ഓരോ കുന്നും തെളിയിച്ചുകൊണ്ടിരുന്നു.
കിർഗിസ്ഥാൻ – കസാക്കിസ്ഥാൻ
കിർഗിസ്ഥാനിലെ ഷാര്യൻ കാനോൺ മലയിടുക്കായിരുന്നു അടുത്ത വെല്ലുവിളി. മുന്നൂറു കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ഷാര്യൻ കാനോണിന്റെ ഒരു ഭാഗം ‘വാലി ഓഫ് കാസിൽ’ എന്നാണ് അറിയപ്പെടുന്നത്. കല്ലും ചരൽമണ്ണും ചെളിയും നിറഞ്ഞ ചെങ്കുത്തായ മലമ്പാതകളിൽ ഇരുചക്രവാഹന ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. ബൈക്കുകൾക്ക് അസാധ്യമെന്നു മുൻവിധിയുള്ള ഈ വഴി അനായാസമായാണു ഡോമിനർ തരണം ചെയ്തത്.
കസാക്കിസ്ഥാൻ – റഷ്യ
മഞ്ഞുപുതച്ചു നിൽക്കുന്ന പുൽമേടുകളിലൂടെയുള്ള യാത്ര അതീവ ഹൃദ്യം. കസാക്കിസ്ഥാനിൽനിന്നു വെസ്റ്റേൺ റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സന്ദർശിച്ച അൽത്തായി ക്രായി പ്രദേശത്തെ മനോഹരമായ റോഡിലൂടെ ചീറ്റപ്പുലിയെപ്പോലെ ഡോമിനർ കുതിച്ചു പാഞ്ഞു. ഏക്കറുകണക്കിനു പരന്നു കിടക്കുന്ന പുൽമേടുകളിൽ വിഹരിക്കുന്ന വന്യമൃഗങ്ങൾക്കിടയിലൂടെയായിരുന്നു യാത്ര.
റഷ്യ – മംഗോളിയ
ഏറ്റവും സുന്ദരമായ ഓർമകൾ നൽകുന്ന യാത്രയായിരുന്നു മംഗോളിയയിലേക്കുള്ളത്. മംഗോളിയൻ ചോപ്പേഴ്സ് മോട്ടോർ സൈക്കിൾ ക്ലബ് സ്വീകരണം ഒരുക്കുകയും യാത്രയിൽ കൂട്ടു വരികയും ചെയ്തു. ഇന്ത്യൻ – മംഗോളിയൻ അംബാസഡർ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണു സ്വീകരിച്ചത്. രാജ്യത്തിന്റെ അതിഥികളായി കരുതി ദേശീയോത്സവമായ ‘നാദത്തിൽ’ പങ്കെടുപ്പിക്കുകയും ചെയ്തു.
ദ് റോഡ് ഓഫ് ബോൺസ്
3000 കിലോമീറ്റർ ദൈർഘ്യമുള്ള ആർ 504 കോലിമ ഹൈവേഎല്ലുകളുടെ റോഡ് എന്നറിയപ്പെടുന്നു. നിർമാണജോലിക്കിടെ മരിച്ചവരുടെ അസ്ഥികൾ റോഡിന്റെ അടിത്തറ കെട്ടാൻ ഉപയോഗിച്ചിട്ടുള്ളതിനാലാണ് ‘ദ് റോഡ് ഓഫ് ബോൺസ്’ എന്ന പേരു കിട്ടിയത്. റോഡിന്റെ പല ഭാഗങ്ങളും തകർന്നിരുന്നു. കുത്തനെയുള്ള റോഡുകളും മലവെള്ളച്ചാട്ടങ്ങളും മരുഭൂമിയും പുഴകളും താണ്ടിയുള്ള സാഹസിക യാത്രയായിരുന്നു മധ്യ ഏഷ്യ സമ്മാനിച്ചത്. പുൽമേടുകൾ നിറഞ്ഞ കുന്നുകൾ, നദിയോരങ്ങൾ, മരുഭൂമി, ചതുപ്പു താഴ്‌വാരം എന്നിവ വെല്ലുവിളി ഉയർത്തി. പലപ്പോഴും ചരലുകൾക്കു മുകളിലൂടെ തെന്നിനീങ്ങിയ ബൈക്കിനെ ബാലൻസ് ചെയ്യാൻ സഹായിച്ചത് മികച്ച സസ്പെൻഷനും ഉയർന്ന നിലവാരത്തിലുള്ള ബ്രേക്കിങ് സംവിധാനവുമായിരുന്നു.
ദ് റോഡ് ഓഫ് ബോൺസ് – ഓൾഡ് സമ്മർ റൂട്ട്
കോലിമ ഹൈവേ അറ്റകുറ്റപ്പണി കഴിഞ്ഞപ്പോൾ റ്റോംറ്റോറിലൂടെയുള്ള 420 കിലോമീറ്ററോളം വരുന്ന ഭാഗം ഒഴിവാക്കിയിരുന്നു. ഓൾഡ് സമ്മർ റൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന, തീർത്തും അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ ഭാഗം അഡ്വഞ്ചർ ബൈക്ക് യാത്രികരുടെ പറുദീസയാണ്. പശപ്പുള്ള കളിമണ്ണും ചരലും നിറഞ്ഞ ഈ പാതയിലുള്ള പല പാലങ്ങളും തകർന്നു പോയിരുന്നു. ബാക്ക് അപ് സപ്പോർട്ട് വാഹനത്തിന്റെ സഹായമില്ലാതെ ആരും ഈ റൂട്ടിൽ യാത്ര പൂർത്തീകരിച്ചതായുള്ള വിവരം ലഭ്യമല്ല. ഇവിടെയും ഡോമിനർ വിജയക്കൊടി പാറിച്ചു.