ഇത്തവണത്തെ ഒാട്ടൊ എക്സ്പൊ കുറെ സസ്പെൻസുകൾക്ക് വിരാമമിട്ടു, ഏറെ നീണ്ട ചില കാത്തിരിപ്പുകൾക്കും. ടൊയോട്ടയുടെ പുതിയ സെഡാൻ വയോസല്ല യാരിസ് ആണെന്ന ആദ്യ സസ്പെൻസ് യാരിസ് പ്രദർശനത്തോടെ പൊട്ടി. രണ്ടാമത് അത്ഭുതം ഹോണ്ടയുടെ പുതിയ അമേയ്സ്. നാലു മീറ്ററിൽത്താഴെ നീളത്തിൽ ഒരു കാർ എങ്ങനെ പൂർണതയോടും ഭംഗിയോടും നിർമിക്കാമെന്നു അമേയ്സ് പറഞ്ഞു തരും. പുത്തൻ അമേയ്സിെൻറ ചാരുത കണ്ട് നിലവിലെ അമേയ്സ് ഉപഭോക്താക്കൾ തലയിൽ െെക വച്ചു പോയി. അത്രയ്ക്കുണ്ടു മാറ്റം. മൂന്നാമതായി ഹോണ്ട സിവിക് വീണ്ടും ഇന്ത്യയിലേക്ക്. ചെറു സെഡാനായി അമേയ്സ്, തൊട്ടു മുകളിൽ യാരിസ്, അതിനും രണ്ടു പടി മുകളിൽ സിവിക്.കൊതിപ്പിക്കുന്ന ഈ കാറുകളിലേക്ക്.
∙ അമേയ്സ്: രണ്ടാം തലമുറ നിരവധി മാറ്റങ്ങളോടെ പുതിയൊരു വാഹനമായി. പുതിയ പ്ളാറ്റ്ഫോം നിർമിച്ചത് ഹോണ്ട തായ്ലൻഡാണ്. ധാരാളം ക്രോം എടുത്തണിഞ്ഞ ചെറു എസ് യു വി പോലെ ഉയരം കൂടിയ മുൻഭാഗമാണ് പുതുമ. പിൻവശവും ഭംഗിയായി. അക്കോർഡ് ഹൈബ്രിഡിൽ നിന്ന് നിരവധി സവിശേഷതകൾ അമേയ്സിലെത്തി യിട്ടുണ്ടെന്നു ഹോണ്ട. ടച് സ്ക്രീൻ ഇൻഫടെയ്ൻമെന്റ് സിസ്റ്റം. ബ്ളാക്ക് ബീജ് സങ്കലന ഇന്റീരിയർ. മുൻതലമുറയേക്കാൾ വലിയ ക്യാബിൻ. എഞ്ചിൻ വിശദാംശങ്ങളൊന്നും വ്യക്തമല്ല. നിലവിലെ വിലയിൽ വ്യത്യാസങ്ങളൊന്നും വരാൻ സാധ്യതയില്ല. ഇക്കൊല്ലം അമേയ്സ്, സിവിക്, പുതിയ ബി ആർ വി എന്നിവ പുറത്തിറങ്ങും.
∙ യാരിസ്: കൊച്ചിയിൽ അടുത്തവാരം നടക്കുന്ന മനോരമ ഒാട്ടൊ എക്സ്പൊയിലൂടെ യാരിസ് കേരളത്തിലെത്തും. മധ്യനിരയിൽ സിറ്റിക്കും സിയാസിനും വെർനയ്ക്കും എതിരാളി. വില സിറ്റിയെക്കാൾ കുറവ്. എന്നാൽ പ്രീമിയം തെല്ലും കുറയില്ല. നിലവിൽ തായ്‍ലൻഡിൽ ലഭിക്കുന്ന വാഹനത്തിൽ 87 ബിഎച്ച്പി 1.2 ലീറ്റർ പെട്രോൾ എൻജിനാണ്. എന്നാൽ ന്യൂഡൽഹിയിൽ പ്രദർശിപ്പിച്ചത് 1.5 ലീറ്റർ പെട്രോൾ എൻജിനുള്ള കാറാണ്. ഡീസൽ എൻജിനും വന്നേക്കും.
7 എയർബാഗ്, ടോപ് മൗണ്ടഡ് റിയർ എസി, ടയർ പ്രഷർ മോണിറ്റർ, മുന്നിൽ പാർക്കിങ് സെൻസറുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യുവുന്ന ഡ്രൈവർ സീറ്റ്, അക്വസ്റ്റിക് ആൻഡ് വൈബ്രേഷൻ കൺട്രോൾ ഗ്ലാസുകൾ, ഹാൻഡ് ജെസ്റ്റർ ഓഡിയോ, വെഹിക്കിൾ സ്െറ്റബിലിറ്റി കൺട്രോൾ, ഓട്ടമാറ്റിക്ക് ഹെഡ്‌ലാംപ്, ഇംപാക്റ്റ് സെൻസിങ് ഡോർ ലോക്ക് എന്നിവ യാരിസിലുണ്ടാകും. 1999 മുതൽ രാജ്യാന്തര വിപണിയിലുള്ള യാരിസ് ടൊയോട്ടയുടെ ജനപ്രിയ കാറുകളിലൊന്നാണ്. 120 രാജ്യങ്ങളിൽ യാരിസുണ്ട്.
∙ സിവിക്ക്: പ്രീമിയം സെഡാനായ സിവിക് വീണ്ടും. 2013 ല്‍ വിൽപന നിലച്ചതാണ്. സിറ്റിക്കുണ്ടായ ജനപ്രീതിയാണ് തിരിച്ചുവരവിനു പിന്നിൽ.1.8 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനാവും കരുത്തേകുക. 1.6 ലിറ്റർ ഐ ഡി ടെക് ഡീസൽ എൻജിനും പ്രതീക്ഷിക്കാം. കാഴ്ചയിൽ പഴയ സിവികിനെ പിന്നിലാക്കുന്ന ചാരുത. ഉള്ളിലെ സൗകര്യങ്ങളും കാലികമായി. വില 15– 20 ലക്ഷം രൂപ നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.