ഒരു നൂറ്റാണ്ടിന്റെ വിജയചരിത്രം അവകാശപെടാനുണ്ട് ബിഎംഡബ്ല്യുവിന്. ലോകത്തിലെല്ലായിടങ്ങളിലും ഏറ്റവും മികച്ച വാഹനനിർമാതാക്കൾ എന്ന പേരിനർഹരാകാൻ എങ്ങനെയായിരിക്കും രണ്ടാം ലോകയുദ്ധത്തിൽ തകർന്നു പോയ ഒരു രാജ്യത്തിന് സാധിച്ചിട്ടുണ്ടാകുക? എന്തായിരിക്കും ഈ ലോകോത്തര വാഹനനിർമാതാക്കളുടെ വിജയരഹസ്യം? എങ്ങനെയാണ് ബിഎംഡബ്ല്യു തങ്ങളുടെ നിർമാണ നിലവാരം കാത്തുസൂക്ഷിക്കുന്നത്?
വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബിഎംഡബ്ല്യു ബ്രാൻഡ് അംബാസിഡർ സച്ചിൻ ടെണ്ടുൽക്കറുടെ വിടവാങ്ങൽ പ്രസംഗത്തിലെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്. വിട്ടുവീഴ്ചകൾക്ക് ഒരുക്കമില്ലാത്ത കണിശതയാർന്ന നിർമാണം തന്നെയാണ് ഈ ജർമൻ വാഹനനിർമാതാവിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള തങ്ങളുടെ നിർമാണശാലകളിലെല്ലാം ഈ തത്വം തന്നെയാണ് അവർ സ്വീകരിക്കുന്നതും നടപ്പിലാക്കുന്നതും.
ബിഎംഡബ്ല്യുവിന്റെ വാഹനങ്ങൾ അസംബിൾ ചെയ്യാനായി ചെന്നൈയിലെ നിർമാണശാല ആരംഭിക്കുന്നത് 2007ലാണ്. ഇതുവരെ 50000 വാഹനങ്ങൾ ഇവിടെ നിന്നും നിർമിച്ച് ഉപഭോക്താക്കളിലെത്തിച്ചു. ബിഎംഡബ്ല്യു 3 സീരിസ്, 3 സീരിസ് ഗ്രാൻഡ് ടുറിസ്മോ, 5 സീരിസ്, 6 സീരിസ് ജിടി, 7 സീരിസ്, എക്സ് വൺ, എക്സ് ത്രീ, എക്സ് 5 തുടങ്ങിയ വാഹനങ്ങളാണ് ചെന്നൈ പ്ലാന്റിൽ അസംബിൾ ചെയ്യുന്നത്. കൂടാതെ മിനി കൺട്രിമാനും ഇവിടെ അസംബിൾ ചെയ്യുന്നുണ്ട്.
ബിഎംഡബ്ല്യു പതിനൊന്നാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സ്കിൽ നെക്സ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ബിഎംഡബ്ല്യു പ്ലാന്റ് സന്ദർശനം സംഘടിപ്പിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും അണ്ണാ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജീനിയറിങ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എന്‍ജിനും ട്രാന്‍സ്മിഷനും അസംബിൾ ചെയ്തതോടെയാണ് സ്കിൽ നെക്സ്സ്റ്റിനു തുടക്കമയത്.
ജർമ്മൻ എൻജിനിയറിങ്
ബിഎംഡബ്ല്യുവിന്റെ നിർമാണശാല സ്ഥിതി ചെയ്യുന്നത് മഹീന്ദ്ര വേൾഡ് സിറ്റിയിലാണ്. വിവിധ സ്ഥലങ്ങളിലായി നിർമിക്കുന്ന ഘടകങ്ങൾ അസംബിൾ ചെയ്യുന്നതിവിടെയാണ്. വാഹനങ്ങളുടെ ബോഡി പൂർണ്ണമായും നിർമിക്കുന്നത് ജർമനിയിലാണ്. അവിടുന്ന് എത്തിക്കുന്ന ബോഡിയിലേക്ക് തദ്ദേശീയമായി നിർമ്മിക്കുന്ന ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നു. അസംബ്ലി ലൈനിന്റെ വിവിധ ഘട്ടങ്ങളിലായി ഇവയെല്ലാം കൂട്ടിച്ചേർത്ത് കാറായി പുറത്തേയ്ക്കിറങ്ങുന്നു. ഏകദേശം 25 വ്യത്യസ്ത വർക്ക് സ്റ്റേഷനുകളിലായാണ് ഇവയെല്ലാം കൂട്ടിച്ചേർക്കുന്നത്. എൻജിനും ട്രാൻസ്മിഷനുമാണ് ആദ്യം ബോഡിയിൽ ഫിറ്റ് ചെയ്യുന്നത്. പിന്നീട് ആക്സിലും ഡോർപാനലുകളും വയറിങ് ഹാർനെസുകളും ഫിറ്റ് ചെയ്യും. എക്സ്ഹോസ്റ്റ് സിസ്റ്റവും എസിയും മറ്റുഘടകങ്ങളും ഫിറ്റ് ചെയ്തതിന് ശേഷം അവസാനമാണ് സീറ്റുകൾ ഘടിപ്പിക്കുന്നത്.
തുടർന്ന് വാഹനത്തിന്റെ എല്ലാഭാഗങ്ങളും പരിശോധിക്കും അതിന് ശേഷം റോഡ് ടെസ്റ്റാണ്. റോഡ് ടെസ്റ്റിന് ശേഷം വാഹനം വിവിധ ഡീലർഷിപ്പുകളിലേക്ക് എത്തിക്കും. സെയിൽസ് ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രമാണ് കാർ നിർമിക്കുന്നത്. ദിവസവും ഏകദേശം 46 വരെ കാറുകൾ നിർമിക്കും.
സ്കിൽ നെക്സ്റ്റ്
രാജ്യത്തെ എൻജീനിയറിങ് മേഖലയ്ക്ക് ഊർജ്ജം പകരാനാണ് ബിഎംഡബ്ല്യു സ്കിൽ നെക്സ്റ്റ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പ്രമുഖ എന്‍ജീനിയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 365 ബിഎംഡബ്ല്യു എന്‍ജിനുകളും ട്രാന്‍സ്മിഷനുകളും സൗജന്യമായി നൽകും. സ്‌കില്‍ നെക്സ്റ്റ് പദ്ധതിയിലൂടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക അറിവിന്റെ കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിക്കുമെന്നും അതുവഴി കൂടുതൽ സാങ്കേതിക വിദഗ്ധരെ രാജ്യത്തിന് ലഭിക്കുമെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു.