ട്രംപിന്റെ ബീസ്റ്റിനെ തകർക്കാൻ പുടിന്റെ ഹൈടെക് കാര്‍

russian-presidential-limo
SHARE

കാലം ആയിരത്തിതോള്ളായിരത്തി നാൽപതുകളിലേക്ക് മടങ്ങുകയാണെങ്കില്‍ ലോകമന്ന് ഇരുചേരികളായി വിഭജിക്കപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. മത്സരവും വിദ്വേഷവും വൈരാഗ്യവും നിറഞ്ഞ പിന്നീടുള്ള 50 വര്‍ഷങ്ങള്‍ക്ക് ശീതസമരം എന്നായിരുന്നു പേര്. 1990 കളില്‍ ഗോര്‍ബ്ബച്ചേവിന്റെ പെരിസ്റ്റോറിക്കയും ഗ്ലാസ് നോസ്റ്റും യുഎസ്എസ്ആറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ അമേരിക്കയുടെ സ്ഥാനാരോഹണത്തിന് കാലം വേദിയായി. അല്‍പ്പമൊന്ന് ഉടഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ റഷ്യ ഒട്ടു തയാറായിരുന്നില്ല. ഒറ്റയ്ക്ക് നിന്നുകൊണ്ടുതന്നെ പല മേഖലകളിലും അമേരിക്കയോട് അവര്‍ മത്സരിക്കുകയും ശക്തമായി വെല്ലുവിളിക്കുകയും ചെയ്തു. പക്കലുള്ള ആയുധ ശേഖരത്തില്‍ തുടങ്ങി നിസാരമെന്ന് സാധാരണക്കാര്‍ കരുതുന്ന ഭരണാധികാരികളുടെ ഔദ്യോഗിക വാഹനങ്ങളില്‍ വരെ ആ മത്സര ചൂട് കാണാം.

russian-presidential-limo-1
New Kortezh

ലോകത്ത് ഏറ്റവും കരുത്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സുരക്ഷയൊരുന്നത് ബീസ്റ്റാണെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനം കര്‍ത്തേഷാണ്. ഒബാമയുടെ കാലത്തുണ്ടായിരുന്നു ബീസ്റ്റില്‍ നിന്ന് പുതിയ ഹൈടെക് കാറിലേക്ക് ട്രംപ് ഉടന്‍ കൂടുമാറും എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നാലാം പ്രാവശ്യവും റഷ്യയുടെ തലവനായി സ്ഥാനം ഏറ്റെടുക്കാന്‍ പുടിനെത്തുന്നത് ബീസ്റ്റിനെ വെല്ലുന്ന അതിസുരക്ഷ കര്‍ത്തേഷിലാണ്.

മെബാക്ക് പുള്‍മാന്‍ എസ് 600 ലിമോ ഗാര്‍ഡില്‍ നിന്നാണ് പുതിയ വാഹനത്തിലേക്ക് പുടിന്‍ ചുവടുമാറുന്നത്. മെയ് 7ന് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പുതിയ കര്‍ത്തേഷിനെ അവതരിപ്പിക്കുമെന്ന് റഷ്യയുടെ വ്യവസായവ്യാപാര മന്ത്രി ഡെനിസ് മന്തുറോവ് വ്യക്തമാക്കി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം എന്ന പേരില്‍ പുറത്തിറങ്ങുന്ന കാര്‍ തുടക്കത്തില്‍ റഷ്യന്‍ പ്രസിഡന്റിന് വേണ്ടിയായിരിക്കും നിര്‍മിക്കുക. റോള്‍സ് റോയ്‌സ് ഫാന്റത്തെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യമുള്ള വാഹനമാണ് പുതിയ കര്‍ത്തേഷ്. പോര്‍ഷയുടേയും ബോഷിന്റേയും സഹായത്തോടെ റഷ്യയിലെ സെന്റര്‍ സയന്റിഫിക്ക്് റിസേര്‍ച്ച് ഒട്ടൊമൊബൈല്‍ ആന്റ് ഓട്ടോമോട്ടീവ് എന്‍ജിന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പുടിന്റെ പുതിയ ലിമോസീനെ വികസിപ്പിച്ചത്.

russian-presidential-limo-3
New Kortezh

പുടിന്റെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മിക്കുന്ന കാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പോര്‍ഷെയുടെ 4.6 ലിറ്റര്‍ വി 8 ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. പരമാവധി 592 ബിഎച്ച്പി കരുത്തും 880 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എൻജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഏകദേശം 5 ടണ്‍ ഭാരമുണ്ട് കര്‍ത്തേഷിന്.

ബാലിസ്റ്റിക് മിസൈല്‍, ഗ്രനൈഡുകള്‍ രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ പുതിയ കാറിലുണ്ടാകും. സുരക്ഷാകാരണങ്ങളാല്‍ കാറിലെ സജ്ജീകരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും കവചിത ഇന്ധന ടാങ്കും നേരിട്ടു വെടിയേറ്റാലും ഏല്‍ക്കാത്ത ബോഡിയും പുതിയ കാറിലുണ്ടാകും. കൂടാതെ ബോംബ് പൊട്ടിയാല്‍ വരെ അകത്തിരിക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കും പുതിയ കാര്‍ എന്നാണ് കരുതുന്നത്.

russian-presidential-limo-4
New Kortezh

സെഡാന്‍, എംപിവി, എസ്‌യുവി എന്നിങ്ങനെ മൂന്നു ബോഡി ഘടനകള്‍ കര്‍ത്തേഷിനുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന കാഡിലാക്ക് വണ്‍ രാഷ്ടതലവന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അതിന് വിപരീതമായി പുടിന്റെ അതിസുരക്ഷകാറിന്റെ മോഡലുകള്‍ ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും. ആദ്യ ഘട്ടമായി 200 വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ പ്രസിഡന്റനുള്ള അതേ സുരക്ഷ പൊതുജനങ്ങള്‍ക്കുള്ള കാറിലുണ്ടാകുമോ എന്നു വ്യക്തമല്ല. സുരക്ഷയ്ക്ക് മാത്രമല്ല ആഢംബരത്തിനും മുന്‍തൂക്കം നല്‍കിയാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ലിമോകളിലുള്ള അത്യാഡംബര സൗകര്യങ്ങളെല്ലാം കര്‍ത്തേഷിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA