വിമാനദുരന്തങ്ങളിൽ തന്നെ ഏറെ അപൂർവമെന്നു പറയാവുന്ന ഒന്നിനായിരുന്നു 1980 ആഗസ്റ്റ് 19 നു റിയാദ് എയർപോർട്ട് സാക്ഷിയായത്. സുരക്ഷിതമായി ലാൻഡു ചെയ്ത വിമാനത്തിന് അകത്തുണ്ടായിരുന്നവരെല്ലാം ശ്വാസം മുട്ടി മരിക്കുക എന്ന ഞെട്ടിപ്പിക്കുന്ന ദുരന്തം, അതിൽ ജീവൻ നഷ്ടപെട്ടത് 287 യാത്രക്കാർക്കും 14 വിമാന ജീവനക്കാർക്കുമടക്കം 301 പേർ. കറാച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് 287 യാത്രക്കാരും 14 വിമാന ജീവനക്കാരുമായി പറന്നതായിരുന്നു സൗദി എയര്‍ലൈന്‍സിലെ 163 വിമാനം. ലോക്ക്ഹീഡിന്റെ ട്രൈസ്റ്റാർ എന്ന മൂന്ന് എൻജിനുകളുള്ള വിമാനമായിരുന്നുവത്.
ആദ്യ സ്റ്റോപ്പായ റിയാദിൽ വളരെ സുരക്ഷിതമായാണ് വിമാനം ലാൻഡ് ചെയ്തത്. റിയാദിൽ നിന്ന് 18.20നു പറന്നുയരുന്നതുവരെ യാതൊരു കുഴപ്പങ്ങളും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. പറയർന്നുയർന്നതിന് ശേഷം ഏഴാം മിനിറ്റിൽ വിമാനത്തിന്റെ കാർഗോ കമ്പാർട്ടുമെന്റിലെ സി–3യിൽ തീപിടിച്ചിരിക്കുന്നു എന്ന വിവരം ഫസ്റ്റ് എൻജിനീയർക്കു ലഭിക്കുന്നു. അതിനുള്ളിൽ തന്നെ വിമാനത്തിലെ കാർഗോ കമ്പാർട്ടുമെന്റിലെ തീ ക്യാബിനിലേക്ക് പടർന്നിരുന്നു. തീപിടുത്തം കാരണം മൂന്ന് എൻജിനുകൾ ഉള്ള വിമാനത്തിന്റെ രണ്ടാമത്തെ എൻജിന്റെ പ്രവർത്തനം ക്യാപ്റ്റന് നിർത്തേണ്ടിവന്നു. തുടർന്ന് റിയാദ് എയർപോർട്ടിലേക്ക് അടിയന്തിര സന്ദേശം അയച്ചതിന് ശേഷം റിയാദിൽ തിരിച്ചറിക്കുന്നു.
തീപിടിത്തം റിപ്പോർട്ട് ചെയ്തതിന് 15 മിനിറ്റിന് ശേഷം 18.36 ന് വിമാനം റിയാദ് റൺവേ ഒന്നിൽ ലാൻഡ് ചെയ്യുന്നു. എന്നാൽ അടിയന്തിരമായി ഇവാക്യുവേഷന് ഓർഡർ നൽകാതെ ടാക്സിവേയിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് വിമാനം നിന്നത്. രണ്ട് എൻജിനുകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാത്തത് അഗ്നിശമന സേനാ അംഗങ്ങളെ വിമാനത്തിന്റെ അടുത്തെത്തി രക്ഷപ്രവർത്തനം നടത്തുന്നതിൽ നിന്ന് തടഞ്ഞു കൂടാതെ വിമാനത്തിന്റെ വാതിൽ തുറക്കാനുണ്ടായ പ്രയാസവും അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചു. പിന്നീട് ലോകം സാക്ഷിയായത് അതിദാരുണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ദുരന്തത്തിനായിരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ വിമാനത്തിന്റെ വാതിൽ തുറക്കുമ്പോള്‍ തീപിടിത്തം റിപ്പോർട്ട് ചെയ്തതിന് ശേഷം ഏകദേശം 45 മിനിട്ടുകൾ കഴിഞ്ഞിരുന്നു. വാതിൽ തുറന്ന് മിനിറ്റുകൾക്കകം തീ വിമാനത്തെ ആകെ വിഴുങ്ങി. അവസാനത്തെ തീയിലും പൊട്ടിത്തെറിയിലുമാണ് 301 പേർ മരിച്ചത് എന്നായിരുന്നു ആദ്യത്തെ കണക്കൂട്ടൽ എന്നാൽ വിമാനം ലാൻഡ് ചെയ്ത് അധികസമയം ആകുന്നതിന് മുന്നേതന്നെ വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത് എന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്.
മാനുഷിക പിഴവുകൊണ്ടാണ് ഈ അപകടമുണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. ലാൻഡ് ചെയ്തപ്പോൾ തന്നെ ക്യാപ്റ്റൻ ഇവാക്വുവേഷൻ നിർദ്ദേശിക്കാത്തതും ഏറ്റവും അടുത്ത ടാക്സി വേയിൽ നിർത്താതെ അവസാനത്തെ ടാക്സിവേയിൽ നിർത്തിയതും എൻജിനുകൾ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കാതിരുന്നതും എന്തുകൊണ്ടാണെന്നുള്ള ചോദ്യങ്ങളൊക്കെ ഉണ്ടായെങ്കിലും കാരണങ്ങൾ ഇന്നും ദുരൂഹമായി തുടരുന്നു. ഇന്നുവരെ ലോകത്തുണ്ടായ വിമാനദുരന്തങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധികംപേർ മരിച്ച ആറാമത്തെ വിമാനാപകടമായിരുന്നു സൗദി എയർ 163 ലേത്.