കശ്മീരിലേക്കുള്ള ആ ഇരുപത്തൊന്നു ദിവസത്തെ യാത്രയിൽ സാദിക്ക് പാഷയും ആ നാലുപേരും ഒരു ഹോട്ടൽ മുറിപോലും എടുത്തില്ല. എന്നാലോ രാജകീയസുഖത്തോടെ താമസിക്കുകയും ചെയ്തു. ട്രാവലർ പിടിച്ചായിരിക്കും പോയത് എന്നാണോ? അല്ല. വാഹനം പജീറോ സ്പോർട്ട്. പിന്നിൽ ഒരു ട്രയിലറും. തന്റ പജീറോ സ്പോർട്ടിന്റെ പിന്നിൽ ഈ ട്രെയ്‌ലർ ഘടിപ്പിച്ചാൽ പിന്നെന്തിന് മറ്റു റൂമുകൾ തേടിപ്പോകണം? ജനറേറ്ററും ബാത്ത്റൂമും അടുക്കളയും അഞ്ചുപേർക്ക് എസി ക്യാബിനിൽ ബെഡ്ഡും അടക്കം ഈ ട്രെയ്‌ലറിലുണ്ട്. പ്രവാസജീവിതം കഴിഞ്ഞെത്തിയ ഈ സഞ്ചാരപ്രേമി ലോകം ചുറ്റാനായി സ്വയം ഉണ്ടാക്കിയെടുത്തതാണ് ഈ ട്രയിലർ എന്നറിയുമ്പോൾ അമ്പരപ്പ് ഇരട്ടിയാകുന്നു. വിദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി വൻ കമ്പനികൾ നിർമിച്ചെടുക്കുന്ന ഈ വിദ്യ സാദിക് പാഷ എന്ന കാസർകോടുകാരന്റെ മനസ്സിൽ എങ്ങനെയെത്തി?
ഉപേക്ഷിക്കാം കാരവാനുകൾ
ബൈക്ക് മെക്കാനിക്ക് ജോലിയിൽനിന്നു ഷിപ്പ് എൻജിനീയറിങ് രംഗത്തേക്കു വന്ന വിജയഗാഥയാണ് സാദിക്ക് പാഷയുടേത്. വിദേശത്ത് ആയിരുന്നു. പ്രവാസജീവിതത്തിനുശേഷം ലോകസഞ്ചാരത്തിനിറങ്ങുമ്പോൾ ഒരു വ്യത്യസ്തത വേണം എന്നുള്ളതുകൊണ്ടാണ് സ്വന്തമായി ട്രെയിലർ നിർമിച്ചതും കറങ്ങിയതും. ഈ ട്രെയിലറിലെ സൗകര്യങ്ങളറിഞ്ഞാൽ നടൻമാർ തങ്ങളുടെ കാരവാനുകൾ ഉപേക്ഷിക്കും. ജനറേറ്റർ, ടിവി, ബാറ്ററി, ചുറ്റിനും നാലു സിസിടിവി ക്യാമറകൾ, മോണിറ്റർ, മ്യൂസിക് സിസ്റ്റം, അടുക്കള, ഇൻഡക്‌ഷൻ കുക്കർ, ഗ്യാസ് അടുപ്പ്, ബയോ ടോയ്‌ലറ്റ്, ഫാൻ, എൽഇഡി ലൈറ്റുകൾ, 250 ലീറ്റർ ശുദ്ധജലടാങ്ക്, 280 ലീറ്റർ മാലിന്യടാങ്ക്, ഒന്നരമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനുള്ള ക്യാബിനുകൾ. ഊൺമേശകൾ, കസേരകൾ.... ഇത്രയൊക്കെ സൗകര്യങ്ങൾ നൽകുന്ന ഈ ട്രെയിലർ സെറ്റ് ചെയ്യാൻ വെറും പത്തുമിനിറ്റ് മതിയാകും. ഫ്രിഡ്ജ് അടക്കം എല്ലാം സോളാറിൽ പ്രവർത്തിക്കും, എസി വേണമെങ്കിൽ മാത്രം ജനറേറ്റർ ഉപയോഗിച്ചാൽ മതി. പുറത്ത് മറ്റൊരു ടോയ്‌ലറ്റ് ഉണ്ട്. ആകെ ഭാരം 1280 കിലോഗ്രാം. ചെലവ് പത്തുലക്ഷത്തിനുമുകളിൽ.
സ്ഥിരത എങ്ങനെയുണ്ട്?
ഒറ്റയ്ക്ക് പണിതിറക്കിയ ആദ്യ ട്രെയിലറിൽ കശ്മീർ വരെ പോയ ചരിത്രമുണ്ട് സാദിക്ക് പാഷയ്ക്കും സുഹൃത്തുക്കൾക്കും. പതിനെട്ടു സംസ്ഥാനങ്ങളിലൂടെ കടന്നുപോയ ഈ അപൂർവ വാഹനത്തിന് സഞ്ചരിക്കുന്ന വീടെന്നു ഗ്രാമീണർ പേരിട്ടു. സാപ്കോ എന്നു സാദിക്ക് പാഷയും. സാദിക്ക് പാഷ ആൻഡ് കമ്പനി എന്നതിന്റെ ചുരുക്കപ്പേരാണ് സാപ്കോ. പുത്തൻ എസ്‍യുവികളിലെല്ലാം ട്രെയിലർ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. ട്രെയിലറിന്റെ ചലനം കൂടി കണക്കിലെടുത്ത് പ്രവർത്തിക്കുന്ന എബിഎസ് ചില മുന്തിയ എസ്‌യുവികളിലുമുണ്ട്. സ്ഥിരത ഉറപ്പുവരുത്താനായി പലതരം പരീക്ഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. സാപ്കോയുമായി ഹൈവേയിൽ ചീറിപ്പാഞ്ഞിട്ടുണ്ട്. കൊടുംചുരങ്ങൾ കയറിയിട്ടുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു സാദിക്ക് പാഷ. മഹീന്ദ്ര എക്‌സ്‌യുവിയിൽ വരെ ഈ ട്രെയിലർ ഘടിപ്പിക്കാം.
നീളം 18 അടിയാണ്. ഇത് എട്ട് അടിയാക്കി ചുരുക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഇതാണു സൗകര്യം. ഹിമാലയൻ യാത്രയൊക്കെ ട്രെയിലറിൽ രസകരമായി പൂർത്തിയാക്കിയിട്ടുണ്ട്. യാത്രാകമ്പം കയറിയനാളിൽ ആദ്യം ടെന്റ് ട്രെയിലർ ആയിരുന്നു. പിന്നീട് സുരക്ഷയെക്കരുതി ഫയർപ്രൂഫ് ബോഡിയുമായി ഇന്നത്തെ ആർ വി ട്രെയിലർ രൂപകൽപ്പന ചെയ്തു. അഞ്ചുപേരുമായി 21 ദിവസം കൊണ്ട് 8800 കിലോമീറ്റർ താണ്ടിയിട്ടുണ്ട് ഈ കാർവീട്..
അഞ്ചുേപർക്ക് കിടക്കാനുള്ള രണ്ട് ബെഡുകൾ, സോഫ, ഇരിപ്പിടം, ഒട്ടേറെ സ്റ്റോറേജ് സൗകര്യങ്ങൾ എന്നിങ്ങനെയാണ് ഉൾവശത്തിന്റെ സവിശേഷതകൾ. ഫയർപ്രൂഫ് ബോഡിയും നാലു സിസിടിവി ക്യാമറകളും സുരക്ഷിതത്വത്തിനുണ്ട്.
യാത്ര പാഷൻ ആയ സാദിക്ക് പാഷയ്ക്ക് ഭാര്യ സീനത്ത്, മക്കൾ മുഹമ്മദ് സലിം നാദിർഷ, ഷെറിൻ, ആമിന സുൾഫത്ത് എന്നിവർ പൂർണ പിന്തുണ നൽകുന്നു. ഇനി മലേഷ്യയിലേക്ക് ട്രെയിലറുമായി റോഡുമാർഗം പോകാനൊരുങ്ങുകയാണ് പാഷ. കൂട്ടിന് ചങ്ക് സുഹൃത്ത് അമീറുമുണ്ട്. അതൊരു കാസർഗോഡൻ വീരഗാഥയാക്കാനുള്ള പണിപ്പുരയിലാണ് ഇവർ. കൂടുതൽ വിവരങ്ങൾക്ക്–9496188188