ചില്ലുകണ്ണാടികളും വര്‍ണവസ്ത്രത്തുണ്ടുകളും നീളന്‍മീശയുള്ള അപ്പുപ്പന്റേയും കല്ലുമാലകളിഞ്ഞ പെണ്ണുങ്ങളുമുള്ള ചിത്രങ്ങളും രജനീകാന്തിന്റെയും കമല്‍ഹാസന്റേയും അമിതാഭ് ബച്ചന്റേയുമൊക്കെ ചിത്രങ്ങളുള്ള വണ്ടികള്‍... നീളന്‍ പാതയിലൂടെ തനി നാടന്‍ ഭംഗിയോടെ രാജകീയത്വത്തോടെ വരുന്ന ചരക്കു ലോറികള്‍ അന്നും ഇന്നും നമുക്കൊരു കൗതുകമാണ്. വിമാനം കാണും പോലെ നമ്മുടെ കുട്ടിക്കൂട്ടങ്ങളും, ഇത്തിരി നൊസ്സുള്ള വല്യോരുമൊക്കെ അതങ്ങനെ നോക്കി നില്‍ക്കും. ഡ്രൈവറെ മണിയടിച്ച് എന്നെങ്കിലുമൊരു രാത്രിയില്‍ ദൂരേയ്ക്ക് ആ വണ്ടിയുടെ ഉയരത്തില്‍ കയറി കാഴ്ചയൊക്കെ കണ്ട് പോകണമെന്നു കൊതിക്കുന്നവരും ഏറെ. ലോകത്തിന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാന്‍ കൊതിക്കുന്ന കാഴ്ചകളിലൊന്നാണീ അലംകൃത ട്രക്കുകൾ കാമറയും കൊണ്ടു നിരത്തിലിറങ്ങിയ പടംപിടിക്കലുകാര്‍ക്കെന്നും പ്രിയപ്പെട്ടതാണ് കണ്ണഞ്ചിപ്പിക്കുന്ന, ചിരിപ്പിക്കുന്ന നിറങ്ങളിലെത്തുന്ന ഈ ട്രക്കുകള്‍.
തീവണ്ടികള്‍ ചെന്നെത്താത്തിടത്തൊക്കെ, കീലോമീറ്ററുകള്‍ താണ്ടി, കിലോക്കണക്കിനു അവശ്യ സാധനങ്ങളുമായി പോകുന്ന ഈ വണ്ടി അതിന്റെ വലുപ്പം കൊണ്ടല്ല ഒരുക്കം കൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ മാത്രമല്ല, പാകിസ്ഥാന്റെ ട്രക്കുകളും ലോക പ്രശസ്തമാണ്.
നന്നായി ചമഞ്ഞൊരുങ്ങിയാല്‍ ബിസിനസ് കൊഴുപ്പിക്കാനാകുമെന്നൊരു ചിന്തയാണ് ട്രക്കുകള്‍ക്ക് ഈ രൂപം നല്‍കിയത്. ഹ്രസ്വമായ ഇടവേളകള്‍ മാത്രമെടുത്ത് മാസങ്ങളാണ് ഈ വണ്ടികള്‍ നിരത്തിലൂടെ പായുന്നത്. ലോറിയിലെ ഡ്രൈവര്‍ക്കും സഹായികള്‍ക്കും അതുകൊണ്ടു തന്നെ അത് വെറുമൊരു വാഹനം മാത്രമല്ല, രണ്ടാം വീടുകൂടിയാണ്. ജീവിതത്തിന്റെ താളമാണ്. അതെന്നും ഭംഗിയോടെ നിലനിര്‍ത്താനാകുമല്ലോ മനസ്സെപ്പോഴും പറയുക. അങ്ങനെ തുടങ്ങിയ ഒരുക്കമാണ് ഇന്ത്യന്‍ ട്രക്കുകളുടെ മുഖമായി മാറിയ ചമയത്തിനു പിന്നില്‍.
കാലം മുന്നോട്ടു പോകും തോറും ചമയത്തിനും മാറ്റം വരുകയാണ്. ബോളിവുഡ് താരങ്ങളുടെ ചിത്രമാണ് വണ്ടികളുടെ വീലുകള്‍ക്കിടയിലെത്താറ്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഹോണ്‍ മുഴക്കണമെന്ന് മറ്റു ഡ്രൈവര്‍മാരോട് അഭ്യര്‍ഥിക്കുന്ന, ആചാരമെന്നോണം വച്ചിരിക്കുന്ന ബോര്‍ഡില്‍ വരെ വളരെയധികം രസിപ്പിക്കുന്ന ചിത്രപ്പണികളാണുള്ളത്. 2013ല്‍ പുറത്തിറങ്ങിയ, ശന്തനു സുമന്റെ ഹോണ്‍ പ്ലീസ് എന്ന ഡോക്യുമെന്ററി നിരത്തിലെ ഈ സുന്ദര കാഴ്ചകളെ കുറിച്ചാണ് പറയുന്നത്. യൂറോപ്പിലേയും അമേരിക്കയിലേയുമൊക്കെ ഫോട്ടോഗ്രാഫര്‍മാരാണ് ഏഷ്യയിലെ ട്രക്കുകളുടെ ഭംഗിയെ ലോകത്തെ അറിയിച്ചത്.
ഇന്ത്യന്‍ ചരക്കു തീവണ്ടികളേക്കാള്‍ കുറച്ചു കൂടി അണിഞ്ഞൊരുക്കം കൂടുതലാണ് പാക്കിസ്ഥാനിലെ ചരക്കു ലോറികള്‍ക്ക്. പാകിസ്ഥാന്റെ നാടന്‍ കലകൾ, സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട സിനിമാ താരങ്ങൾ, ചിന്തിപ്പിച്ച രാഷ്ട്രീയ സാമൂഹിക മുഖങ്ങളേത് എന്നൊക്കെ അറിയാന്‍ നിരത്തിലോട്ട് ഒന്നിറങ്ങിയാല്‍ മതി. അത്രമാത്രം ചിത്രപ്പണികളും ഛായാചിത്രങ്ങളുമാണ് ഈ വാഹനങ്ങളിലൊക്കെയുള്ളത്. എങ്കിലും പണ്ടത്തെ അത്രയും ആവേശം ഇപ്പോഴുണ്ടോയെന്നു സംശയമാണ്. കൈ കൊണ്ട്, വണ്ടിയുടെ ടയറിനെ പോലും വെറുതെയിടാതെ, ചിത്രം വരയ്ക്കുന്ന രീതി അല്‍പം മങ്ങിപ്പോയിട്ടുണ്ട്. സ്റ്റിക്കറുകളാണ് ഇപ്പോള്‍ അധികവും ഉപയോഗിക്കാറ്.
മഞ്ഞെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാതെ, ഇടുങ്ങിയ റോഡുകളിലും വമ്പന്‍ ദേശീയ പാതകളിലുമൊക്കെ കൂടെ, ടണ്‍ കണക്കിന് ഭാരവും വഹിച്ച്, മാസങ്ങളോളം നീളുന്ന യാത്രയുടെ കഠിനത ഡ്രൈവര്‍മാരില്‍ നിന്ന് കുറേ നേരത്തേയ്‌ക്കെങ്കിലും മായ്ച്ച് കളയുവാന്‍ ഈ ചമയങ്ങള്‍ക്കു കഴിയുന്നുണ്ട്. റോഡിലെ തണലിടങ്ങളില്‍ കിടന്നൊന്ന് ഉറങ്ങിയെഴുന്നേറ്റ് കഴിയുമ്പോള്‍ നിറംമങ്ങിയ ഇടത്തൊക്കെ അറിയാവുന്ന പോലെ ചായം തേച്ച് അവര്‍ മിനുക്കുന്നതും അതുകൊണ്ടാണ്.