ലോക സമാധാനത്തിനായുള്ള ഉച്ചകോടിക്കാണ് സിംഗപ്പൂർ വേദിയാകുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും സിംഗപ്പൂരിൽ കൂടിക്കാണുമ്പോൾ ഇരുവരുടേയും സരക്ഷയ്ക്കായി സർവ്വസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എയർ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരിൽ വന്നിറങ്ങിയത്. ട്രംപ് എത്തിയതാകട്ടെ എയർഫോഴ്സ് വണ്ണിലും. ഇരുപതിൽ അധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് കിം വിമാനത്താവളത്തിൽ നിന്നു പുറത്തുകടന്ന് താമസ സ്ഥലത്തെത്തിയത്. ട്രംപിന് അകമ്പടിയായത് അമ്പതിൽ അധികം വാഹനങ്ങളാണ്. അതിസുരക്ഷാ വാഹനങ്ങളിലായിരുന്നു ഇരുവരുടേയും സഞ്ചാരം. ഇരുനേതാക്കളും തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളുമായിട്ടാണ് സിംഗപ്പൂരിൽ ലാൻഡ് ചെയ്തത്.
ട്രംപിന്റെ ബീസ്റ്റ്
അമേരിക്കൻ വാഹന നിർമാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് നിർമിച്ചു നൽകിയ പ്രത്യേക വാഹനത്തിലാണ് ട്രംപിന്റെ യാത്ര. കാഡിലാക് വൺ അല്ലെങ്കിൽ ബീസ്റ്റ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അതിസുരക്ഷ കാറിലാണ് ട്രംപ് സഞ്ചരിക്കുന്നത്. ഇത്തരം രണ്ടെണ്ണം സിംഗപ്പൂരിലെത്തിച്ചിട്ടുണ്ട്. ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റുകള്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ മീഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്.
ബാലിസ്റ്റിക് മിസൈല്‍, ഐഇഡി, രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ബീസ്റ്റിലുണ്ട്. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. പ്രസിഡന്റിന്റെ സീറ്റിനു സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്. വെടിയുണ്ടയേല്‍ക്കാത്ത എട്ടിഞ്ചു കനത്തിലുള്ള വാതിലുകളാണ് കാറിന്റേത്. ബോയിങ് 757 ജെറ്റ് വിമാനത്തിന്റെ വാതിലിന്റെ തൂക്കമാകും ഇതിന്റെ ഡോറിനും.
കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറുതോക്കുകളും ടിയര്‍ ഗ്യാസും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റീല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചറാകാത്ത തരത്തിലുള്ള ടയറുകളാണിവ. കാറിന് 18 അടി നീളവും അഞ്ചടി പത്തിഞ്ച് ഉയരവും എട്ടു ടണ്‍ ഭാരവുമാണുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവും. 15 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗം കൈവരിക്കാനും കഴിയും.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ വിന്‍ഡോ മാത്രമാണ് മൂന്നിഞ്ചുവരെ തുറക്കാന്‍ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റും സംസാരിക്കുന്നതിന് ആണിത്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും, അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്.
കിമ്മിന്റെ ബെൻസ്
ഇന്ത്യൻ പ്രസിഡന്റ് ഉൾപ്പടെ നിരവധി രാജ്യത്തലവന്മാർ ഉപയോഗിക്കുന്ന മെഴ്സഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് തന്നെയാണ് കിം ജോങ് ഉന്നും ഉപയോഗിക്കുന്നത്. എന്നാൽ അതിലെ മാറ്റങ്ങൾ എന്തൊക്കെയെന്നത് രഹസ്യമാണ്. രണ്ട് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ് ഉത്തരകൊറിയ സിംഗപ്പൂരിലെത്തിച്ചത്. ഒന്നിൽ കിം സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ ബെൻസിൽ കിംമിന്റെ സഹോദരി സഞ്ചരിക്കും.
സുരക്ഷയ്ക്ക് അതീവ പരിഗണന നൽകി നിർമിച്ചിരിക്കുന്ന വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ്. രാജ്യ തലവന്മാരും വിശിഷ്ട വ്യക്തികളും ഉപയോഗിക്കുന്ന ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യൻ വില ഏകദേശം 25 കോടി രൂപയാണ്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർസെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.
കാഴ്ചയിൽ നിന്ന് എസ് 600 പുൾമാൻ ലിമോയിൽ നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്ടീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിലധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു.
സുരക്ഷയ്ക്ക് മാത്രമല്ല അത്യാഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും കൂടാതെ മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. പിൻസീറ്റ് യാത്രക്കായി കാറിന്റെ റൂഫിൽ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗം എന്നിവ കാണിക്കുന്ന ഡിസ്പ്ലെയുണ്ട്. കൂടാതെ ജി.പി.എസ് സാറ്റ്ലൈറ്റ് നാവിഗേറ്റര്‍, നിരവധി എയർബാഗുകൾ എന്നിവയുണ്ട്. മെബാക്ക് എസ് 600 പുൾമാൻ ഗാർഡ് ലിമോയെ ചലിപ്പിക്കുന്നത് 6 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും നൽകും ഈ എൻജിൻ.