അന്ന് തൂപ്പുകാരൻ, ഇന്ന് വിമാന കമ്പനി ഉടമ

വിമാനത്താവളത്തിലെ തൂപ്പുകാരനായി ജോലി ആരംഭിച്ച് അത്തർ വിൽപ്പനയിലൂടെ പണക്കാരനായി മാറിയ 32 കാരൻ ഒരു വിമാന കമ്പനി ഉടമയാകുക, അതും മദ്യം വിളമ്പാത്ത, ജീവനക്കാരുടെ വസ്ത്രധാരണത്തിന് കണിശമായ ചിട്ടകളുള്ള വിമാന കമ്പനി. ജന്മം കൊണ്ട് ബംഗ്ലാദേശുകാരനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഷഫീഖുർ റഹ്മാനാണ് ഈ കഥയിലെ നായകൻ. 19 പേർക്ക് ഇരിക്കാവുന്ന ജെറ്റ് സ്ട്രീം 32 വിമാനം വാടകയ്ക്കെടുത്ത് ബ്രിട്ടനിലെ നഗരങ്ങൾക്കിടെ ഏതാനും മാസങ്ങൾക്കകം ഫിർനാസ് എയർവേസ് വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഗൾഫ് നാടുകളിലേക്ക് ബ്രിട്ടനിൽ നിന്നും തന്റെ വിമാനം പറന്നുയരുന്നതാണ് ഷഫീഖുറിന്റെ സ്വപ്നം.

1997ലാണ് പതിനൊന്നുകാരനായ ഷഫീഖുർ ബംഗ്ലാദേശിൽ നിന്നും കിഴക്കൻ ലണ്ടനിലെത്തിയത്. മാതാപിതാക്കൾക്കും രണ്ട് സഹോദരിമാർക്കും അഞ്ച് സഹോദരൻമാർക്കുമൊപ്പം കിഴക്കൻ ലണ്ടനിൽ താമസമാക്കിയ ഷഫീഖുർ സ്റ്റെപ്നി ഗ്രീൻ സ്കൂളിൽ പഠനം തുടർന്നെങ്കിലും കാര്യമായ നേട്ടങ്ങളില്ലാതെ 2000ത്തിൽ പഠനം അവസാനിപ്പിച്ചു. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിൽ തൂപ്പുകാരനായി ജോലി ആരംഭിച്ച ഷഫീഖുറിന്റെ ജീവിതം മാറ്റി മറിച്ചത് അത്തർ വിൽപ്പനയിലേക്ക് തിരിയാനുള്ള തീരുമാനമായിരുന്നു. ഈജിപ്തിൽ താമസമാക്കിയ സഹോദരനാണ് ലണ്ടനിൽ വിൽപ്പനക്കായി അത്തർ എത്തിച്ചു നൽകിയത്. വൈറ്റ് ചാപ്പൽ പള്ളിയുടെ മുൻവശത്തായിരുന്നു വിൽപ്പനയുടെ തുടക്കം. വൈകാതെ വില്‍പ്പന മെച്ചപ്പെട്ടു. തെരുവോരങ്ങളിൽ തുടങ്ങിയ വിൽപ്പന കിഴക്കൻ ലണ്ടനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് അത്തർ എത്തിക്കുന്നതിലേക്ക് നീണ്ടു.

അത്തർ വ്യാപാരം പെട്ടെന്ന് വളർന്നു. 2009ൽ സുന്നമസ്ക് എന്ന അത്തർ കമ്പനി സ്ഥാപിതമായി. കേവലം 600 പൗണ്ട് പോക്കറ്റ് മണിയുമായി ഷഫീഖുർ ആരംഭിച്ച കച്ചവടം അഞ്ച് കടകളായി വളർന്നു. ഇതോടെയാണ് ചെറുപ്പം മുതൽ തന്റെ ഇഷ്ടമേഖലയായ വ്യോമയാന രംഗത്തേക്ക് കടക്കാൻ ഷഫീഖുർ തീരുമാനിച്ചത്. എടിആർ 72 വിമാനം ലീസിനെടുക്കാനായിരുന്നു ആദ്യ ശ്രമം. ഒരു മില്യൺ പൗണ്ട് വാടകയ്ക്കൊരു വിമാനം എന്നത് സാമ്പത്തികമായി ഏറെ ഉലയ്ക്കുന്ന വിഷയമായിരുന്നു.

സ്വന്തം വിമാന കമ്പനി എന്ന തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെന്ന് ഷഫീഖുർ പറയുന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനായിരുന്നു തീരുമാനം. വിപണന തന്ത്രങ്ങളും പലപ്പോഴും തിരിഞ്ഞുകുത്തി. ചിലത് വിവാദങ്ങളുടെ പൂത്തിരി കത്തിച്ചു. എന്നാൽ വിവാദങ്ങൾ ശ്രദ്ധാകേന്ദ്രമാക്കുമെന്നും ശരിയായ രീതിയിൽ ഇതുപോലും വിപണനം ചെയ്യാമെന്നും ഷഫീഖുര്‍ റഹ്മാൻ പറയുന്നു. അതാണ് തന്റെ അനുഭവമെന്ന് വ്യക്തമാക്കുന്ന ഈ യുവസംരംഭകൻ മൂന്നോ നാലോ വർഷങ്ങള്‍ക്കകം തന്റെ വിമാന കമ്പനിയായ ഫിർനാസ് എയർവേസ് യുഎഇയിൽ പറന്നിറങ്ങുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.