കൊച്ചി∙ കേരളത്തിലേക്കു വൻകിട കമ്പനികളുടെ നിക്ഷേപം കൊണ്ടുവരാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിലുള്ള മലയാളികളെ തന്നെ പ്രയോജനപ്പെടുത്തണമെന്ന് നിസാൻ കോർപ്പറേഷൻ വൈസ് പ്രസിഡന്റും ഐടിയുടെ ചുമതലയുള്ള ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ (സിഐഒ) ടോണി തോമസ്. കമ്പനികൾ നമ്മെ കണ്ടെത്തി ഇങ്ങോട്ടു വരണമെന്ന മനോഭാവമല്ല വേണ്ടത്, അങ്ങോട്ടു പോയി നമ്മുടെ ശക്തികൾ ബോധ്യപ്പെടുത്തി അവരെ ക്ഷണിച്ചു കൊണ്ടു വരികയാണു വേണ്ടത്. മറ്റു സംസ്ഥാനങ്ങൾ അതാണു ചെയ്യുന്നത്.
ഐടി പാർക്കുകളിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുന്നോട്ടു പോയെങ്കിലും ഇനിയും ഒരുപാടു മാറ്റങ്ങൾ വരാനുണ്ടെന്നും പാലാ മുത്തോലിൽ പരിന്തിരിക്കൽ ആന്തണി തോമസ് എന്ന ടോണി തോമസ് പറയുന്നു. എന്തുകൊണ്ടാണ് വൻ ബഹുരാഷ്ട്ര ഐടി കമ്പനികൾ കേരളത്തിലേക്കു വരാത്തത്, അതിനായി എന്തു ശ്രമാണു നടത്തേണ്ടത്, എന്തു മാറ്റമാണു വരുത്തേണ്ടത്...???
കോളജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം (സിഇടി) പൂർവവിദ്യാർഥി കൂടിയായ ടോണി സംസാരിക്കുന്നു:
ഇൻഫൊസിസ്, വിപ്രോ പോലുള്ള ഇന്ത്യൻ കമ്പനികളും ഇവിടെ തന്നെ ജനിച്ചു വളർന്ന യുഎസ്ടി, ഐബിഎസ് പോലുള്ള കമ്പനികളുമാണ് കേരളത്തിലെ ഐടി പാർക്കുകളിൽ. ബഹുരാഷ്ട്ര ഐടി കമ്പനികൾ ഓറക്കിളും ഇവൈയും മാത്രം. ഇപ്പോൾ നിസാൻ. എന്തുകൊണ്ട് ഗൂഗിളും ആപ്പിളും പോലുള്ള കമ്പനികൾ കേരളത്തിലേക്ക് എത്തിനോക്കുന്നില്ല ?
∙ അത്തരം കമ്പനികളുടെ റഡാറിൽ കേരളം ഒരു ചെറിയ പൊട്ട് ആയിട്ടു പോലും ഇല്ലെന്നതാണു വസ്തുത. ബിസിജി പോലുള്ള കൺസൽട്ടൻസികളുടെ റഡാറിലും കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും വരുന്നില്ല. അത്തരം കൺസൽട്ടൻസികളെ അങ്ങോട്ടു സമീപിച്ചു കേരളത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുകയാണു വേണ്ടത്. അവരാണ് പുതിയ നിക്ഷേപം എവിടെ നടത്തണെന്നു മിക്ക കമ്പനികളേയും ഉപദേശിക്കുന്നത്. നമ്മളാണ് ആവശ്യക്കാർ. ആന്ധ്രയും തെലുങ്കാനയും പോലുള്ള സംസ്ഥാനങ്ങൾ സ്വയം മാർക്കറ്റ് ചെയ്യുന്നു. ഇവിടെ ഐടി ബിസിനസ് നടത്തി വിജയിച്ച കമ്പനികളുടെ സിഇഒമാരുടെ അനുഭവ കഥകൾ അവതരിപ്പിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് ആത്മവിശ്വാസം നൽകണം. അല്ലാതെ കെട്ടുവള്ളവും കഥകളിയും കാണിച്ചിട്ടല്ല.
ടൂറിസത്തിലൂടെ ഐടി നിക്ഷേപം പ്രായോഗികമാണോ?
∙ഐടിയിൽ കേരള ബ്രാൻഡ് വളർത്താൻ ടൂറിസത്തെ ഉപയോഗിക്കാൻ കഴിയും. ഉബർ സ്ഥാപകൻ ട്രവിസ് കലാനിക്ക് ഉബർ ടാക്സി പദ്ധതി നടപ്പാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ കോഡ് എഴുതിയത് വർക്കലയിലെ റിസോർട്ടിൽ താമസിച്ചിട്ടാണ്. അതിനു പ്രചാരണം കൊടുക്കണ്ടേ? അതുപോലെ വേറേ അനുഭവങ്ങളും കാണും. ഇവിടുത്തെ പരസ്പരപൂരകമായ ഐടി–ടൂറിസം അന്തരീക്ഷം പ്രയോജനപ്പെടുത്താം. സർക്കാർ വകുപ്പുകളിൽ നിന്നു നിക്ഷേപകർക്കു വേഗത്തിൽ തീരുമാനങ്ങളുണ്ടാവണം.
അതിലുപരി ബഹുരാഷ്ട്ര ഐടി കമ്പനികളിലെ ഉയർന്ന സ്ഥാനങ്ങളിലുള്ള മലയാളികളെ പ്രചാരണത്തിനായി ഉപയോഗിക്കണം. അത്തരം വ്യക്തികൾക്ക് അവരുടെ കമ്പനികളുടെ നിക്ഷേപം കേരളത്തിലേക്കു കൊണ്ടു വരാൻ സ്വാധീനം ചെലുത്താൻ കഴിയും. കേരളത്തിലെ മിക്ക വൻകിട കമ്പനികളും അങ്ങനെ വന്നിട്ടുള്ളതാണെന്നതു ശ്രദ്ധിക്കുക.
ഇവിടെ നിക്ഷേപം നടത്താനെത്തുന്നവരുടെ ആശങ്കകൾ എന്തല്ലാം?
∙ സാമൂഹിക സൗകര്യങ്ങൾ ആവശ്യത്തിനുണ്ടോ എന്നതൊരു വൻ ആശങ്കയാണ്. ബംഗളൂരുവിനെക്കുറിച്ചോ, മുംബൈയെക്കുറിച്ചോ അതില്ല. ജോലി കഴിഞ്ഞു റിലാക്സ് ചെയ്യാൻ സൗകര്യങ്ങളുണ്ടോ. ബാറുകളും ബ്രൂവറികളും മറ്റും അതിൽ പ്രധാനമാണ്. നമ്മൾ സദാചാരം പ്രസംഗിച്ചിട്ടു കാര്യമില്ല. ഗോൾഫ് കോഴ്സും ടെന്നിസ് ഉൾപ്പടെ സ്പോർട്സ് സൗകര്യങ്ങളുമുള്ള നഗരങ്ങളാവണം. ഇന്റർനാഷനൽ സ്കൂളുകൾ, മികച്ച ആശുപത്രികൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, പാർപ്പിട സൗകര്യം, ക്ളബ്ബുകൾ ഇവയൊക്കെ സാമൂഹിക സൗകര്യങ്ങളിൽപ്പെടും. അല്ലാതെ വിമാനത്താവളവും ഐടി പാർക്കും ബ്രോഡ്ബാൻഡും ഉണ്ടെന്നതുകൊണ്ടു മാത്രം ബഹുരാഷ്ട്ര കമ്പനികൾ വരില്ല. കാരണം മികച്ച പ്രതിഭകളെ ആ നഗരത്തിലേക്കും ജോലിയിലേക്കും ആകർഷിക്കാൻ കഴിയണം. ഇത്തരം സൗകര്യങ്ങൾ കൂടിയുണ്ടെങ്കിൽ മാത്രമേ പ്രതിഭകൾ ഇവിടേക്കു റീലൊക്കേറ്റ് ചെയ്യൂ.
നിസാന്റെ വരവ് ഇത്തരം ആശങ്കകൾക്കൊരു മറുപടിയല്ലേ ?
∙ വർഷം 60 ലക്ഷത്തോളം കാറുകൾ വിൽക്കുന്ന നിസാൻ മാത്രമല്ല നിസാനും റെനോയും മിറ്റ്സ്ബുഷിയും ചേരുന്ന ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ വാഹന നിർമ്മാണ ഗ്രൂപ്പാണ്. വർഷം ഒരു കോടി കാറുകൾ. നിസാന് 1,40000 ജീവനക്കർ. സുമാർ എട്ടുലക്ഷം കോടി രൂപ വരുമാനം. 160 രാജ്യങ്ങളിൽ നിസാൻ വാഹനങ്ങൾ വിൽക്കുകയും 22 നഗരങ്ങളിൽ അവ നിർമ്മിക്കുകയും ചെയ്യുന്നു. ഓട്ടോണമസ് കാറുകളിലെ ഏറ്റവും പ്രമുഖ ബ്രാൻഡ് നിസാൻ ലീഫാണ്. മൈക്രോസോഫ്റ്റും സാപും പോലുള്ള വമ്പൻമാർ നിസാന്റെ സപ്ളയർമാരാണ്. ഇന്ത്യയിൽ ടെക്ക് മഹീന്ദ്രയും ഇൻഫൊസിസും ടിസിഎസുമെല്ലാം ഇടപാടുകാർ. നിസാൻ ഹബ് വരുന്നത് ഇത്തരം കമ്പനികൾക്കു കേരളത്തിലേക്കു വരാൻ പ്രചോദനമാകും. ടെക് മഹിന്ദ്ര ടെക്നോപാർക്കിൽ വരുന്നെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്രൈവർ ഇല്ലാതെ ഓടുന്ന ഓട്ടോണമസ് കാർ എന്നു നിരത്തിലിറങ്ങും?
∙ഓട്ടോണമസ് കാറുകൾക്ക് 360 ഡിഗ്രി ക്യാമറയും ഉപഗ്രഹ ബന്ധവും മികച്ച റഡാർ സാങ്കേതികവിദ്യയും വേണം. അപ്പപ്പോൾ ലഭിക്കുന്ന ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ നിർമ്മിത ബുദ്ധിയും അനലിറ്റിക്സ് സാങ്കേതികവിദ്യയും വേണം. നിസാന്റെ ഇത്തരം കാറുകൾ സിലിക്കൺ വാലിയിലും ജപ്പാനിലും ഓടിച്ച് വിവരശേഖരണം നടത്തുന്നുണ്ട്. ഓട്ടോണമസ് കാറുകൾ ടെസ്‌ല പോലുള്ള കമ്പനികളും പരീക്ഷിക്കുന്നു. ഏതു സാഹചര്യത്തിലും അപകടമില്ലാതെ ഓടണം എന്നതിനാൽ എന്നു പുറത്തിറങ്ങുമെന്നു പറയാനാവില്ല.
കേരളത്തിലെ സ്റ്റാർട്ടപ് അന്തരീക്ഷം എങ്ങനെ?
∙ മൂന്നു കാര്യങ്ങളുണ്ട്. സർക്കാർ പിന്തുണയും സൗകര്യങ്ങളും ഒന്നാന്തരം. എന്നാൽ കേരളത്തിൽ നിന്നു വന്നു ശ്രദ്ധിക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ അപൂർവം. കാര്യമായ ഫണ്ടിംഗ് കിട്ടിയവയും അപൂർവം. യുണികോൺ എന്നു വിളിക്കാവുന്നത് ഒന്നുപോലുമില്ല. സ്റ്റാർട്ടപ്പിന് ആശയവും സാങ്കേതികവിദ്യയും മാത്രം പോരാ. അത് വ്യവസായ അടിസ്ഥാനത്തിൽ നടപ്പാക്കാൻ കഴിയണം. ഉപയോഗിക്കുന്നവർ വേണം. റവന്യൂ മോഡൽ വേണം. അതൊന്നും ഇല്ലാതെ, സാങ്കൽപ്പിക ആവശ്യത്തിന് സൊല്യൂഷൻ ഉണ്ടാക്കിയിട്ടു കാര്യമില്ല. പ്രായോഗികതയ്ക്കായിരിക്കണം പ്രധാന്യം. ടെക്കികൾ മണ്ണപ്പം ചുട്ടുകളിച്ചിട്ടു കാര്യമില്ല.
സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള മാധ്യമ വാർത്തകളും ശരിയായ ദിശയിലല്ല. സ്ഥാപകരെ അവതരിപ്പിക്കുകയാണു മീഡിയ. പുതിയ ഇന്ധനം കണ്ടുപിടിച്ചെന്നും വിമാനം കണ്ടുപിടിച്ചെന്നും മറ്റുമുള്ള അവകാശവാദങ്ങളിലെ പൊള്ളത്തരം തിരിച്ചറിയണം. വെറുതേ കൗതുക വാർത്ത മാത്രമായിട്ടെന്തു കാര്യം.