ഭരണകർത്താക്കളുടെയും അധികാരം കയ്യാളുന്നവന്റെയും കൈകളിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവന് തൃണതുല്യമായ അവസ്ഥയാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു മുപ്പതാണ്ടുകൾക്കിപ്പുറവും ഈ വിമാനതകർച്ച. 290 മനുഷ്യജീവനുകൾ, യാത്രാവിമാനമെന്നു പോലും കണക്കിലെടുക്കാതെ...അത് തിരിച്ചറിയാനുള്ള യാതൊരു മാര്ഗങ്ങളുമുപയോഗിക്കാതെ തച്ചുതകർത്തപ്പോൾ നഷ്ടപ്പെട്ടത് കുറെ മനുഷ്യജീവനുകൾ. ഒരു ഖേദപ്രകടനത്തിലൂടെ അമേരിക്ക തങ്ങളുടെ ഭാഗത്തെ ന്യായീകരിച്ചെങ്കിലും ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അതുകൊണ്ടു എന്തുമെച്ചം? യുദ്ധങ്ങൾ, അത് മാനവശാരിക്ക് മേൽവീണ ശാപമാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ഇറാൻ എയർ 655 എയർബസ് എന്ന യാത്രാവിമാനത്തെ തകർത്തെറിഞ്ഞ സംഭവം.
ഗൾഫ് യുദ്ധം കൊടുമ്പിരിക്കൊണ്ട എൺപതുകളുടെ അവസാനം (1988 ജൂലൈ മൂന്നിന്) ഇറാനിലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഇറാൻ എയർ 655 എയർബസ് A300 വിമാനം സമുദ്രത്തിൽ തകർന്നു വീണ് 290 പേരാണ് മരിച്ചത്. യുദ്ധം രൂക്ഷമായപ്പോൾ ഇറാനും ഇറാഖും പരസ്പരം വാണിജ്യതാൽപര്യങ്ങളെ ഹനിക്കുവാൻ തുടങ്ങി. സ്വാഭാവികമായും ഇത് ഇരുവർക്കും സ്വാധീനമുള്ള പ്രദേശവും ലോകത്തിന്റെ ഓയിൽ സപ്ലൈയുടെ ചെക്ക് പോയിന്റുമായ ഹോമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ താറുമാറാക്കി. ഒമാൻ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.
മൂന്ന് കപ്പലുകൾ
കപ്പൽ ചാലുകളിൽ മൈനുകൾ വിതറുക, മർച്ചന്റ് വെസലുകളെ പിന്തുടർന്ന് ആക്രമിക്കുക മുതലായ പ്രവൃത്തികൾ ഇരുഭാഗത്തു നിന്നും ഉണ്ടായി. ഈ സാഹചര്യത്തിൽ അമേരിക്കൻ നേവി ഹോമുസ് കടലിടുക്കിലേക്ക് നീങ്ങാൻ നിർബന്ധിതരായി. ഇന്ധന വിതരണത്തിന് ഭംഗം വരാതെ നോക്കാനും അതുവഴി അമേരിക്കയുടെ ദേശീയതാൽപര്യങ്ങളെ സംരക്ഷിക്കാനുമായിരുന്നു നേവി അവിടെ നിയോഗിക്കപ്പെട്ടത്. ഇന്ധന കപ്പലുകളെ അനുഗമിക്കുകയും സുരക്ഷിതമായി അവരെ പേർഷ്യൻ കടൽ കടത്തി വിടുകയുമായിരുന്നു അമേരിക്കൻ നേവിയുടെ ദൗത്യം. ഇതിനായി നിയോഗിക്കപ്പെട്ട മുപ്പതോളം നേവി കപ്പലുകളിൽ മൂന്നെണ്ണമാണ് (1. USS VINCENNS, 2, USS SIDES, 3. USS MONTGOMERY) വിമാനാപകടത്തിന് കാരണമായ സംഭവവികാസങ്ങളിൽ പങ്കാളികളായത്.
മോണ്ട്ഗോമറിയും സൈഡ്‌സുമാണ് ഈ ദൗത്യത്തിനായി ആദ്യം നിയോഗിക്കപ്പെട്ട പടക്കപ്പലുകൾ. ഇവ രണ്ടും പഴക്കം ചെന്നവയായിരുന്നു. ചരക്കുകപ്പലുകളെ ഒരു വ്യൂഹമാക്കി എസ്‌കോർട്ട് നൽകി സുരക്ഷിതമായി കടത്തിവിടുന്ന ജോലി അവർ വളരെ ഭംഗിയായി നിർവഹിക്കുന്ന സമയത്താണ് അമേരിക്ക അക്കാലത്തെ അവരുടെ ഏറ്റവും ആധുനികമായ മിലിട്ടറി സാങ്കേതികവിദ്യകൾ പേറുന്ന വിൻസെൻസ് എന്ന പടക്കപ്പലിനെ ഈ ദൗത്യത്തിലായി നിയോഗിച്ചത്. അമേരിക്കൻ നേവിയുടെ ഫ്‌ളീറ്റിൽ പെട്ട മറ്റൊരു ചെറിയ പടക്കപ്പൽ ആയിടെ ഇറാന്റെ കടൽമൈൻ തട്ടി തകർന്നിരുന്നു. ഇതൊരു കാരണമായി. (ഇറാൻ അവരുടെ എഫ് 14 ഫൈറ്ററിലെ മിസൈലുപയോഗിച്ചു അക്രമിച്ചതാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്റെ എഫ് 14 ഫൈറ്ററുകൾക്ക് അന്ന് ഭൂതലത്തിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. എയർ ടു എയർ യുദ്ധത്തിനുള്ള സാങ്കേതികവിദ്യകൾ മാത്രം ഉൾക്കൊള്ളിച്ചാണ് ഇറാന് ഈ യുദ്ധവിമാനങ്ങൾ കൈമാറിയത്).
അമേരിക്കൻ കപ്പൽ ആക്രമിച്ചതിനു പ്രതികാരമായി ഇറാൻ നേവിയുടെ പകുതിയോളം കപ്പലുകളെ അമേരിക്ക ആക്രമിച്ചു കടലിൽ മുക്കിക്കളഞ്ഞു. (ഇറാന്റെ കടലിലെ ചില ഓയിൽ പ്ലാറ്റ്‌ഫോമുകളടക്കം). സാഹചര്യം ഒരൽപം ഗുരുതരമായിരുന്നു. ഒരേസമയം നൂറുകണക്കിന് ലക്ഷ്യങ്ങളെ ടാർഗറ്റ് ചെയ്ത് തകർക്കാൻ പ്രാപ്തിയുള്ള പടക്കപ്പലായിരുന്നു വിൻസെൻസ്. അക്കാലത്തെ ഒരു എൻജിനീയറിങ് അദ്ഭുതമായിരുന്നു അത്. ഏറ്റവും മികച്ച റഡാർ സംവിധാനമായിരുന്നു വിൻസെൻസിൽ ഉണ്ടായിരുന്നത്. റോബോ ക്രൂസർ എന്ന ഓമനപ്പേരിൽ ആയിരുന്നു അമേരിക്കൻ നാവികർക്കിടയിൽ ഈ കപ്പൽ അറിയപ്പെട്ടിരുന്നത്. അതിന്റെ ക്യാപ്റ്റൻ വില്ല്യംസ് റോജേഴ്‌സ് ഒരൽപം അഗ്രസ്സീവായ ആളുമായിരുന്നു.
ഓയിൽ ടാങ്കറുകൾക്കും മറ്റു വാണിജ്യകപ്പലുകൾക്കും പ്രധാന ഭീഷണിയായിരുന്നത് ഇറാനിയൻ റെവല്യൂഷനറി ഗാർഡ്‌സ് എന്ന പാരാമിലിട്ടറി സംഘടനയുടെ ചെറു സ്പീഡ് ബോട്ടുകളായിരുന്നു. റോക്കറ്റ് ലോഞ്ചറുകളും ചെറുകിട യന്ത്രത്തോക്കുകളും ഘടിപ്പിച്ച ബോട്ടുകൾ. ഇറാനിയൻ ബോട്ടുകളെ പ്രകോപിപ്പിക്കുകയോ അവരുമായി യുദ്ധം ചെയ്യുകയോ അമേരിക്കൻ നേവിയുടെ ലക്ഷ്യമായിരുന്നില്ല. പടക്കപ്പലുകളുടെ സാന്നിധ്യം വഴി അക്രമകാരികളെ ഭയപ്പെടുത്തി മാറ്റിനിർത്താനായിരുന്നു തീരുമാനം. ബോട്ടുകളിലെ, വാർഹെഡോ ഗൈഡൻസ് സിസ്റ്റമോ ഇല്ലാത്ത റോക്കറ്റുകൾക്ക് കപ്പലുകൾക്കു കാര്യമായ അപകടം വരുത്താനുള്ള ശേഷി ഇല്ലായിരുന്നു.
സ്ഫോടന റിപ്പോർട്ട്
വിൻസെൻസ് ആ മേഖലയിൽ എത്തിച്ചേർന്നതിന് അടുത്തൊരു ദിവസമാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. മോണ്ട്ഗോമറിയും സൈഡ്‌സും അന്നേദിവസം വാണിജ്യ കപ്പൽ വ്യൂഹങ്ങളെ അപകടമേഖലയായ പേർഷ്യൻ കടലിനു പുറത്തേക്ക് എസ്‌കോർട്ട് ചെയ്യുന്ന ജോലിയിൽ വ്യാപൃതരായിരുന്നു. 1988 ജൂലായ് രണ്ടിന് രാത്രിയിൽ ഒരു വലിയ സ്ഫോടനം നടന്നതായി വിൻസെൻസ് അവരുടെ മിഡിൽ ഈസ്റ്റിലെ സർഫസ് കമാൻഡറെ അറിയിച്ചു. ഈ സമയത്തു സൈഡ്സ് ഒരു എസ്‌കോർട്ട് മിഷനുമായി ബന്ധപ്പെട്ട് ഹോമുസ് കടലിടുക്കിന് പുറത്തായിരുന്നു. മോണ്ട്ഗോമറി ആ സമയത്തു സ്ഫോടനങ്ങൾ നടന്നതായി പറയപ്പെടുന്ന പ്രദേശത്തുണ്ടായിരുന്നു. പക്ഷേ സർഫേസ് കമാൻഡർക്ക് വിൻസൻസ് നൽകിയ സ്ഫോടന വിവരത്തെക്കുറിച്ചു മോണ്ട്ഗോമറിയിലെ ക്രൂവിന് അറിവില്ലായിരുന്നു. റിപ്പോർട്ട് വ്യാജമാണോ അല്ലയോ എന്നത് ഇന്നും വ്യക്‌തമല്ല.
എന്തായാലും സ്ഫോടനം നടന്നുവെന്ന റിപ്പോർട്ട് അമേരിക്കൻ നാവികസേനാ നേതൃത്വത്തെ ജാഗരൂഗരാക്കി. വളരെ ആസൂത്രിതമായ ആക്രമണം ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയുണ്ട് എന്നൊരു ധാരണ വരാൻ ഈ സംഭവം ഇടയാക്കി. ജൂലായ് മൂന്നിനാണ് സംഭവപരമ്പരകളുടെ തുടക്കം. കരാമാ മായേഴ്‌സ്‌ക് എന്ന ഓയിൽ ടാങ്കർ, ഇറാനിയൻ റവല്യൂഷണറി ഗാർഡുകളുടെ ആക്രമണം നേരിടുന്നതായി സന്ദേശം പുറപ്പെടുവിച്ചു. ഏറ്റവും അടുത്തുണ്ടായിരുന്ന അമേരിക്കൻ പടക്കപ്പൽ മോണ്ട്ഗോമറി ആയിരുന്നു. എസ്‌കോർട്ട് മിഷനിൽ ആയിരുന്ന സൈഡ്സ് അൽപസമയത്തിനു ശേഷമാണു ഹോമുസ് കടലിടുക്കിൽ തിരിച്ചെത്തിയത്.
സ്പീഡ് ബോട്ടുകളെ തകർക്കാൻ നിരന്ന പടക്കപ്പലുകൾ
മോണ്ട്ഗോമറി ഉടനെ പ്രതികരിക്കുകയും കരാമാ മായേഴ്‌സ്‌കിന്റെ സഹായത്തിന് എത്തുകയും ചെയ്തു. ഇറാനിയൻ സ്പീഡ് ബോട്ടുകൾ മോണ്ട്ഗോമറിയെ കണ്ട ക്ഷണത്തിൽ പിന്മാറി. എന്നാൽ ഏതാനും മൈലുകൾ പുറകിലായി പിന്തുടരുകയും ചെയ്തു. കരാമ മയേഴ്‌സ്‌കിനെ മോണ്ട്ഗോമറി സുരക്ഷിതമായി പേർഷ്യൻ ഉൾക്കടൽ കടത്തി വിട്ടു. ഈ സമയത്തു മദർഷിപ്പായ വിൻസെൻസ് പ്രദേശത്തുണ്ടായിരുന്ന ഓയിൽ ടാങ്കറുകളെയും മറ്റു വാണിജ്യക്കപ്പലുകളെയും അങ്ങോട്ട് വിളിച്ചു എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ സഹായം ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചെങ്കിലും അവരെല്ലാം തങ്ങൾ സുരക്ഷിതരാണ് എന്ന മറുപടിയാണ് ലഭിച്ചത്. കരാമ മായേഴ്‌സ്‌കിനെ പിന്തുടർന്ന ഇറാനിയൻ സ്പീഡ് ബോട്ടുകൾ പ്രദേശം വിട്ടുപോകാതെ ചുറ്റിത്തിരിഞ്ഞത് ഭീഷണിയായി കണ്ട റോജേഴ്‌സ് ഇവരെ പിന്തുടരാൻ തുടങ്ങി. ഈ സമയത്തു വിൻസെൻസും ബോട്ടുകളും ഒമാന്റെ ജലാതിർത്തിക്കുള്ളിൽ ആയിരുന്നു. ഒമാൻ നേവിയെ ഇത് പ്രകോപിപ്പിച്ചു. ബോട്ടുകളും വിൻസെൻസും പ്രദേശം വിട്ടുപോകാൻ ഒമാൻ നേവി ആവശ്യപ്പെട്ടു.
ഒമാന്റെ ജലാതിർത്തി വിട്ട വിൻസെൻസ് നേരെ മോണ്ട്ഗോമറിയുടെ അടുത്തേക്ക് പോയി. ചില സ്പീഡ് ബോട്ടുകൾ അപ്പോഴും മോണ്ട്ഗോമറിക്ക് ചുറ്റുമുണ്ടായിരുന്നു. ബോട്ടുകൾ വാർഷിപ്പുകൾക്ക് നേരെ വെടിയുതിർക്കുകയൊന്നും ഉണ്ടായില്ലെങ്കിലും ബോട്ടുകളുടെ സാന്നിധ്യവും ചലനങ്ങളും വൻഭീഷണിയാണെന്ന വിവരമാണ് അമേരിക്കൻ നേവിയുടെ മിഡിൽ ഈസ്റ്റ് സർഫേസ് കമാൻഡർക്ക് നൽകിയത്. ഇതനുസരിച്ചു വിൻസെൻസിലെ ഹെലികോപ്റ്ററായ ഓഷ്യൻ ലോർഡിനെ ബോട്ടുകളെ നിരീക്ഷിക്കാൻ പറഞ്ഞയക്കാൻ കമാൻഡർ അനുവാദം കൊടുത്തു. ഹെലികോപ്റ്റർ അടുത്തു ചെന്നപ്പോൾ ബോട്ടുകളിൽനിന്ന് മെഷീൻ ഗണ്ണുപയോഗിച്ചു വെടിവെയ്പുണ്ടായി. ഹെലികോപ്റ്റർ ഉടനെ തിരിച്ചു പറന്നു.
സൈഡ്‌സിന്റെ ക്യാപ്റ്റനായിരുന്ന ഡേവിഡ് കാൾസന്റെ അഭിപ്രായത്തിൽ, അതൊരു മുന്നറിയിപ്പായിരുന്നു. മുൻപും ന്യൂസ് ഹെലികോപ്റ്ററുകളും മറ്റും അടുത്തു ചെല്ലുമ്പോൾ ഭയപ്പെടുത്താൻ ബോട്ടുകളിൽനിന്ന് വെടിവെപ്പ് ഉണ്ടായിട്ടുണ്ടായിരുന്നു. വിൻസെൻസിന്റെ ഹെലികോപ്ടറിന് വെടിയേറ്റിട്ടുമില്ലായിരുന്നു. എന്നാൽ ഈ സംഭവം ഊതിപ്പെരുപ്പിച്ചു വിൻസൻസ് വീണ്ടും റിപ്പോർട്ട് ചെയ്തു. സ്പീഡ് ബോട്ടുകൾ സ്ഥലം വിട്ടു പോകുന്നില്ലെന്നും പ്രകോപനപരമായി കപ്പലിനടുത്തേക്ക് വരികയാണെന്നും സാഹചര്യം യുദ്ധസമാനമാണെന്നും റിപ്പോർട്ട് സേനാനേതൃത്വത്തിന് കിട്ടി.
അന്നത്തെ ധാരണകൾ പ്രകാരം, ഇങ്ങോട്ടു വെടിയുതിർക്കുന്നവരെ സ്വയരക്ഷയെ മുൻനിർത്തി തിരിച്ചും ആക്രമിക്കാമായിരുന്നു. ഇതനുസരിച്ചു ബോട്ടുകളെ മെഷീൻ ഗൺ ഉപയോഗിച്ച് ആക്രമിക്കാൻ വിൻസെൻസിന് അനുമതി കിട്ടി. അത്യന്താധുനിക ആയുധശേഖരം പേറുന്ന വിൻസൻസിനൊപ്പം സൈഡ്സും മോണ്ട്ഗോമറിയും ഒത്തുചേർന്നു. അവരുടെ കോണ്ടാക്ടുകൾ പൂർണ്ണമായും മദർഷിപ്പായ വിൻസെൻസിന്റെ നിയന്ത്രണത്തിലേക്ക് വന്നു. രണ്ട് കപ്പലുകളോടും ബോട്ടുകൾക്ക് നേരെ വെടിയുതിർക്കാൻ വിൻസെൻസ് നിർദേശിച്ചു. അടുത്തുണ്ടായിരുന്ന അമേരിക്കൻ എയർക്രാഫ്റ്റ് കാരിയറിൽ നിന്ന് ബോട്ടുകളെ നിരീക്ഷിക്കാൻ രണ്ട് ഫൈറ്റർ ജെറ്റുകളെയും നിയോഗിച്ചു.
മിസൈൽ വച്ച് തകർത്ത യാത്രാ വിമാനം
ഈ സമയത്താണ് ഏകദേശം നൂറു കിലോമീറ്റർ അകലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് 290 യാത്രക്കാരുമായി ഇറാൻ എയറിന്റെ 655 എയർബസ് A300 വിമാനം പറന്നുയരുന്നത്. ഇറാൻ എയറിന്റെ ദുബായിലേക്കുള്ള സ്ഥിരം സർവീസുകളിൽ ഒന്നായിരുന്നു. ഏകദേശം 28 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫ്‌ളൈറ്റ്. ഈ വിമാനം സഞ്ചരിക്കേണ്ട വിമാനപാതയുടെ നേരെ താഴെ കടലിലായിരുന്നു വിൻസെൻസ് ഇറാനിയൻ സ്പീഡ്‌ബോട്ടുകളെ തുരത്തി വെടിവെച്ചു കൊണ്ടിരുന്നത്.
ടേക് ഓഫ് ചെയ്ത വിമാനം പെട്ടെന്ന് തന്നെ പടക്കപ്പലുകളുടെ റഡാറിൽ പ്രത്യക്ഷപ്പെട്ടു. വിമാനത്തിന്റെ 'ആൾട്ടിറ്റ്യുഡോ', 'ക്ലൈംബിങ് റേറ്റോ' പരിഗണിക്കാതെ അതൊരു ഇറാനിയൻ F14 ഫൈറ്റർ ജെറ്റാണെന്ന് വിൻസൻസ് തീരുമാനിച്ചു. ഇരുപതു മൈൽ ദൂരപരിധിക്കുള്ളിലേക്ക് വന്നാൽ മിസൈലുപയോഗിച്ചു വിമാനത്തെ തകർക്കാനുള്ള അനുമതിയും സർഫസ് കമാൻഡറിൽനിന്ന് ലഭിച്ചു.
തിരിച്ചറിയാനാവാത്ത വിധം റഡാറിൽ പ്രത്യക്ഷപ്പെടുന്ന എയർക്രാഫ്റ്റുകൾ ഫൈറ്റർ ആണോ അതോ സിവിലിയൻ ആണോ എന്ന് മനസ്സിലാക്കാൻ മാർഗ്ഗങ്ങളുണ്ട്. ആദ്യം IFF (Identification Friend or Foe) എന്ന സംവിധാനമാണ് പ്രയോജനപ്പെടുത്തേണ്ടത്. പ്രദേശം യുദ്ധമേഖലയായി നേരത്തെ പ്രഖ്യാപിച്ചതിനാൽ ആ റൂട്ടിൽ പറക്കുന്ന സിവിലിയൻ എയർക്രാഫ്റ്റുകൾ IFF നിർബന്ധമായും ഉപയോഗിക്കണമെന്ന് യുഎൻ നിർദേശമുണ്ടായിരുന്നു.
എയർസ്പീഡ്, അൾട്ടിറ്റ്യൂഡ് എന്നീ ഘടകങ്ങൾ പരിഗണിച്ചും വിമാനമേതെന്ന് തിരിച്ചറിയാം. റഡാറിൽ തുടർച്ചയായി ലഭ്യമാകുന്ന വിവരങ്ങൾ വഴി വിമാനത്തിന്റെ വേഗം, ഉയരം എന്നിവ നിർണയിക്കാം. മാത്രമല്ല, വിമാനം പറന്നുയരുകയാണോ അതോ ഭൂതലത്തിനു സമാന്തരമായി സഞ്ചരിക്കുകയാണോ താഴേക്ക് കൂപ്പുകുത്തുകയാണോ എന്നതൊക്കെ അപഗ്രഥിക്കാം. ഇവ മനസ്സിലാക്കി യാത്രവിമാനമാണോ യുദ്ധവിമാനമാണോ എന്നത് നിർണയിക്കാം. ഇതൊന്നും കൂടാതെ നേരത്തെ ബോട്ടുകളെ നിരീക്ഷിക്കാൻ ലോഞ്ച് ചെയ്ത ഫൈറ്ററുകളിലെ പൈലറ്റുമാർക്ക് വിമാനത്തിനടുത്തേക്ക് പറന്നു ചെന്ന് വിമാനത്തെ തിരിച്ചറിയാമായിരുന്നു. പക്ഷേ ക്യാപ്റ്റൻ വിൽ റോജേഴ്‌സ് ഏത് നിമിഷവും മിസൈലുകൾ ലോഞ്ച് ചെയ്തേക്കാം എന്നറിയാമായിരുന്ന വിമാന കാരിയറിലെ കമാൻഡർമാർ ഇതനുവദിച്ചില്ല. സ്വന്തം പൈലറ്റുമാരെ അപകടമേഖലയിലെക്ക് വിടാൻ അവർക്ക് താല്പര്യമില്ലായിരുന്നു.
ഇറാനിയൻ റെവല്യൂഷനറി ഗാർഡ്സിന്റെ ബോട്ടുകളെ തങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെ അകറ്റി നിർത്താമായിരുന്നിട്ടും അവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്തിനായിരുന്നു എന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. വാർഷിപ്പിലെ ക്രൂ മുഴുവനും ബാറ്റിൽ സ്റ്റേഷനിൽ നിലയുറപ്പിക്കുക ("General Quarters") എന്ന യുദ്ധപ്രഖ്യാപനം ക്യാപ്റ്റൻ റോജേഴ്‌സ് ആ സാഹചര്യത്തിൽ ചെയ്യേണ്ടിയിരുന്ന കാര്യമേ അല്ലയിരുന്നു.
റഡാറിൽ കണ്ട വിമാനം ഇറാന്റെ എഫ് 14 ഫൈറ്റർ ആണെന്ന പ്രഖ്യാപനം മോണ്ട്ഗോമറിക്കും സൈഡ്‌സിനും അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പക്ഷേ സൈഡ്സ് കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു. അവരുടെ ഫയർ കൺട്രോൾ റഡാർ ഉപയോഗിച്ച് പടക്കപ്പലിന്റെ സാന്നിധ്യം വിമാനത്തെ അറിയിക്കാനും അവർ ശ്രമിച്ചു. ഇതിനും വിമാനത്തിൽനിന്നു പ്രതികരണമുണ്ടായില്ല. വിമാനം കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.
വിൻസെൻസ് അയച്ച സന്ദേശങ്ങൾ മിക്കവാറും മിലിട്ടറി ഫ്രീക്വൻസിയിൽ ആയതിനാൽ യാത്രാവിമാനമായ 655 ൽ ലഭിച്ചു കാണില്ല. മാത്രമല്ല, ടേക്ക് ഓഫിന് ശേഷമുള്ള നിമിഷങ്ങളായതിൽ 655 പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്ന തിരക്കിലും ആയിരുന്നു. സൈഡ്‌സിന്റെ അവസാനത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച വിമാനം വഴിതിരിഞ്ഞെങ്കിലും ഇതിനകം വിൻസെൻസ് രണ്ട് മിസൈലുകൾ തൊടുത്തിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.
അൽപസമയത്തിനകം എമർജൻസി ഫ്രീക്വൻസിയിൽ ഇറാൻ നേവിയുടെ സന്ദേശം വന്നു. ഒരു എയർബസ് വിമാനം തകർന്നതായും സമീപത്തുള്ള കപ്പലുകൾ സഹായിക്കണമെന്നും അഭ്യർഥിച്ചു. ഈ സന്ദേശം കേട്ടതിന് ശേഷമാണു വിൻസെൻസിലെ നാവികർക്ക് ബോധം ഉണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും വിൻസെൻസ് തന്നെയായിരുന്നു. അമേരിക്കൻ നേവിയുടെ ടിവി ക്രൂ ഈ ഓപ്പറേഷൻ മുഴുവനും കവർ ചെയ്തിട്ടുണ്ട്. വിമാനം തകർക്കുന്നതിന് മുൻപും ശേഷവും നടന്ന സംഭവങ്ങളും റേഡിയോ വിനിമയങ്ങളും ഈ വിഡിയോയിലുണ്ട്. ക്ലാസ്സിഫൈ ചെയ്ത ദൃശ്യങ്ങൾ ഏറെക്കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ബിബിസി നേടിയെടുത്തത്.
അടുത്ത ദിവസം അമേരിക്കൻ നേവിയുടെ തലവനായിരുന്ന അഡ്മിറൽ വില്ല്യം ക്രോ പത്രസമ്മേളനം വിളിച്ച് ഈ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. ഇറാനെ കുറ്റപ്പെടുത്താനും ഉത്തരവാദിത്തം അവരിൽ അടിച്ചേൽപ്പിക്കാനും അദ്ദേഹം മറന്നില്ല. മുന്നറിയിപ്പുകൾക്ക് വിമാനത്തിൽനിന്നു മറുപടി ലഭിച്ചില്ലെന്നതായിരുന്നു അമേരിക്കയുടെ മുഖ്യവാദം. സന്ദേശങ്ങൾ വേണ്ട രീതിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടില്ല എന്നതായിരുന്നു സത്യം.
സത്യം തെളിഞ്ഞ വിൻസെൻസിന്റെ കംപ്യൂട്ടർ
മുന്നറിയിപ്പ് കിട്ടിയിട്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു ഇറാനിയൻ വിമാനത്തിന്റെ ലക്ഷ്യം എന്ന അമേരിക്കയുടെ വാദം താൽക്കാലികമായി നിലനിന്നു. എന്നാൽ ഗുരുതരമായ പിഴവുകൾ പിന്നീട് വിൻസെൻസിന്റെ കംപ്യൂട്ടർ രേഖകളിൽ കത്തെത്തി.
1. ഇറാന്റെ യാത്രവിമാനത്തിനു നേരെ വെടിയുതിർത്ത സമയത്തു വിൻസെൻസ് ഇറാന്റെ ജലാതിർത്തിക്കുള്ളിൽ ആയിരുന്നു. വിമാനം തകർന്നു വീണതും ഇറാന്റെ അധികാരപരിധിയിലുള്ള സമുദ്രത്തിലായിരുന്നു. രാജ്യാന്തര സമാധാനകരാറുകളുടെ പച്ചയായ ലംഘനമാണിത്.
2. ആക്രമിക്കാനുള്ള ഉദ്ദേശ്യത്തിൽ വിമാനം വിൻസൻസിനടുത്തേക്ക് കൂപ്പുകുത്തി എന്നതായിരുന്നു അമേരിക്കൻ വാദം. വിൻസെൻസിന്റെ കോംബാറ്റ് സെന്ററിലെ കംപ്യൂട്ടർ രേഖകൾ ഈ വാദത്തിനു കടകവിരുദ്ധമായിരുന്നു. വിമാനം ടേക് ഓഫിന് ശേഷം ക്രൂയിസിങ് ആൾട്ടിറ്റ്യുഡിലേക്ക് ക്രമമായി ഉയർന്നു പോവുകയായിരുന്നു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളെക്കുറിച്ചുള്ള റിപ്പോർട്ട് പൂഴ്ത്തിയും പല തവണ നിലപാടുകളിൽ വെള്ളം ചേർത്തും ആഭ്യന്തരവകുപ്പിന്റെ അന്വേഷണങ്ങൾ രഹസ്യമാക്കിയും അമേരിക്ക ഈ വിഷയത്തിൽ അവരുടെ സൽപ്പേര് നിലനിർത്തി. ഇറാൻ എയർലൈൻസ് ഇപ്പോഴും 655 എന്ന പേരിൽ അതേ എയർറൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
സിവിൽ ഏവിയേഷൻ, മിലിട്ടറി സാങ്കേതികവിദ്യകൾ അതിന്റെ പാരമ്യത്തിലേക്ക് വളർന്ന പുതിയ കാലത്തും ഇത്തരം സംഭവങ്ങൾക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. യുക്രെയ്നിനു മുകളിലെ എയർറൂട്ടിൽ പറന്ന മലേഷ്യൻ എയർലൈൻസ് യാത്രാവിമാനം ഷൂട്ട് ചെയ്തു വീഴ്ത്തിയത് 2014ൽ ആയിരുന്നു. കൊല്ലപ്പെട്ടത് ഏകദേശം 300 പേർ. സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി കോടികൾ ചെലവാക്കി, ദശാബ്ദങ്ങളോളം പഠനം നടത്തി ഉണ്ടാക്കിയ സാങ്കേതികവിദ്യകൾ ചില നിക്ഷിപ്ത താൽപര്യങ്ങൾക്കും പിടിവാശികൾക്കും മുന്നിൽ പാടെ തോറ്റു പോകാറുണ്ട് എന്നതിന്റെ അവസാനത്തെ ഉദാഹരണം.