കാറുകൾ പോസ്റ്റ് മോഡേണിസവും പിന്നിട്ടു പായുകയാണ്. അത്യാധുനിക സാങ്കേതികതകൾ വാഹനങ്ങളിലേക്ക് കടന്നു വരുമ്പോൾ ആഹ്ലാദത്തിനൊപ്പം ഗവേഷകരെ കുഴക്കുന്ന ഒരേ ഒരു കാര്യമുണ്ട്. സേഫ്റ്റി. സുരക്ഷയിൽ വിട്ടു വീഴച്ച ചെയ്യാതെ എങ്ങനെ ഒരു വെഹിക്കിൾ കംപ്യൂട്ടർ സൃഷ്ടിക്കാം എന്നതിലാണ് ഏറ്റവും ചൂടു പിടിച്ച ചർച്ച നടക്കുന്നത്. സ്വയം ഓടുന്ന (സെൽഫ് ഡ്രൈവിങ് )കാറുകൾ എത്രയോ മുൻപു തന്നെ അതിന്റെ കഴിവു തെളിയിച്ചു കഴിഞ്ഞതാണ്. കയറി ഇരുന്ന് സ്ഥലം അറിയിച്ചാൽ അത് നമ്മളെ അവിടെ ഇറക്കി സ്വയം പാർക്കു ചെയ്യാൻ പ്രാപ്തരാണ്. എന്നിട്ടും എന്തു കൊണ്ട് സ്വയം നിയന്ത്രിത കാറുകൾ പൂർണതോതിൽ വരുന്നില്ല എന്നതിന് ഒരേ ഒരു കാരണം തന്നെ. സുരക്ഷ. ഒരിക്കൽ സോഫ്റ്റവെയർ ജാം ആയാൽ കാർ ഇടിച്ചു നിൽക്കുമോ? ആരെങ്കിലും ഹാക്ക് ചെയ്താൽ ഉടമയുടെ വീട്ടിൽ പോകേണ്ട കാർ ഹാക്കറുടെ വീട്ടിലേക്കായിരിക്കും പോകുന്നത്.
ആഗോള വിശ്വാസം
ലോകം മുഴുവൻ വിശ്വാസം നേടുക എന്ന വലിയ കടമ്പയാണ് അത്യാധുനിക കാറുകൾ നേരിടുന്നത്. സിംഗിൾ ഇസിയു സിസ്റ്റത്തിലേക്ക് മാറി ഒറ്റ കേന്ദ്രം എല്ലാം നിയന്ത്രിച്ചാൽ ഒന്നു ഹാങ് ആയാൽ, ക്രാഷ് ആയാൽ. പിന്നെ ജനമനസ്സിലേക്ക് തിരിച്ചു വരാൻ അത്യാധുനിക കാലത്ത് എളുപ്പമല്ല. അതുകൊണ്ടു തന്നെ എല്ലാ ടെസ്റ്റുകളിലും വിജയിച്ചു കഴിഞ്ഞിട്ടും പരീക്ഷണവുമായി ആയിരക്കണക്കിനു കാറുകൾ ലോകം മുഴുവൻ പരീക്ഷണ ഓട്ടത്തിലാണ്. ഒരു സ്ക്രീനിൽ നോക്കി ഗെയിം കളിക്കും പോലെ ഓടുന്ന കാറുകൾ ഉണ്ടാക്കുന്നതിൽ വിജയിച്ചെങ്കിലും നമ്മുടെ കൈകളിലേക്ക് വിശ്വസിച്ചേൽപ്പിക്കാവുന്ന പരുവം ആയിട്ടില്ല.
റിയൽ ടൈം എന്ന വെല്ലുവിളി
റിയൽ ടൈം ഓപറേഷറ്റിങ് സിസ്റ്റം(RTOS, ആർടോസ്) ഉപയോഗിച്ചു മാത്രമേ വാഹനത്തിലെ എമർജൻസി കംപോണന്റ്സ് പ്രവർത്തിക്കാൻ പാടുള്ളു. ബ്രേക്ക്, സ്റ്റീയറിങ് വീൽ, എബിഎസ്, ക്രൂയിസ് കൺഡ്രോൾ തുടങ്ങിയവയ്ക്കൊന്നും രണ്ടാമത് ഒരു ചാൻസ് ഇല്ല. മറ്റ് ഓപറേറ്റിങ് സിസ്റ്റങ്ങിളിൽ നിന്നു പ്രധാനമായും ആർടോസ് വേറിട്ടു നിൽക്കും. ഇൻപുട്ട് എന്തായാലും ഔട്ട്പുട്ട് പ്രഡിക്ടീവ് ആയിരിക്കും എന്നതാണ് പ്രധാന സവിശേഷത. ഇടത്തോട്ട് സ്റ്റീയറിങ് ഇത്ര ദൂരം തിരിച്ചാൽ ടയർ ഇത്രയേ തിരിയൂ എന്ന് അത്രമേൽ കത്യമായി പ്രോഗ്രാം ചെയ്തു വയ്ക്കും. അത് അണുകിട മാറിയാൽ സിസ്റ്റം ഫെയിലിയർ എന്ന് വിധിവരും.
ഒരു സമയം ഒരു കാര്യം
പ്രോസസറുകൾക്ക് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാൻ സാധിക്കൂ. അതു കൊണ്ടു തന്നെ പാട്ടുകേട്ടുകൊണ്ട് അല്ലെങ്കിൽ ജിപിഎസ് പ്രവർത്തിച്ചുകൊണ്ട് ബ്രേക്ക് ചെയ്യുമ്പോൾ പ്രോസസറിന് അത് ശരിക്ക് ഒരുമിച്ചു ചെയ്യാൻ കഴിയുന്നില്ല. അത് ‘ഷെഡ്യൂളർ’ കൃത്യമായി മാനേജ് ചെയ്യുകയാണ്. ആ ഡിലേ ഡ്രൈവർക്കും എന്തിന് വാഹനത്തിനു പോലും മനസിലാകാതെയാണ് പ്രവർത്തിക്കുക.
ഇടയിൽ എങ്ങനെ വിനിമയം
കാറിനുള്ളിൽ നമ്മൾ അറിയാതെ ഒരു വമ്പൻ നെറ്റ് വർക്ക് പ്രവർത്തിക്കുന്നുണ്ട്. ഇടത്തേക്കാലുകൊണ്ട് ക്ലച്ച് ചെയ്താൽ വലത്തേക്കാലിനടിയിലെ ബ്രേക്ക് അതറിയുന്നു എന്നു ചുരുക്കം. CAN ( Controller area network ) ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. ഓരോ സെൻസറുകളും അത്രമേൽ ബന്ധപ്പെടുകയും നിരന്തരം ഡേറ്റ കൈമാറുകയും ചെയ്യുന്നുണ്ട്.
നമുക്കെന്ത് നേട്ടം?
നമ്മൾ പോലും അറിയാതെ എന്തിനാണ് ഇത്രയധികം സങ്കേതങ്ങൾ ഇതിൽ വയ്ക്കുന്നു എന്നു തോന്നുന്നില്ലേ? അതിനു കാരണമുണ്ട്. പഴയ റേഡിയോകൾ ഓർമയില്ലേ? കുറച്ചു കാലം വെറുതെ ഇടുമ്പോഴേക്കും കപ്പാസിറ്ററുകളൊക്കെ പൊട്ടി ഒലിച്ചു നശിച്ചു പോകുന്നത്? ഇന്ന് ഒരു പഴയ മൊബൈൽ പോലും അങ്ങനെ പെരുമാറുന്നുണ്ടോ? 50–60 വർഷം കഴിഞ്ഞാലും ഇതുപോലെ തന്നെ പ്രവർത്തിക്കാൻ ഇലക്ട്രോണിക് സിസ്റ്റം സഹായിക്കും. കൃത്യത അത്രയും പ്രധാനമാണ് വാഹനത്തിൽ. കൃത്യത വർധിപ്പിക്കാനാണ് പ്രധാനമായും സാങ്കേതികതയിൽ ചെലവേറുന്നത്.
പണം കവരാൻ മാത്രമോ?
നമ്മുടെ പണം കവരാനാണോ ഈ പരിപാടിയൊക്കെ എന്നു ചിലർക്കെങ്കിലും തോന്നാം. എന്നാൽ ഉറപ്പിച്ചു പറയാം അല്ല. ഒരു കാറിന്റെ ഇസിയു തകരാറിലായാൽ ചിലപ്പോൾ 30000 മുതൽ മുകളിലേക്ക് ചെലവായേക്കാം. എന്നാൽ അതു തരുന്ന ഗുണങ്ങൾ വച്ചു നോക്കുമ്പോൾ അതൊരു തുകയല്ല. വണ്ടി അധികം ചൂടാവുമ്പോൾ നമുക്ക് തരുന്ന ഒരു വാണിങ് ലൈറ്റിന് നമ്മുടെ ജീവനോളം വിലയുണ്ട്. പുക വന്നാൽ മാത്രം മനസിലാക്കിയിരുന്ന കാലത്തു നിന്ന് നമുക്ക് വഴികാട്ടിയാവുന്ന മോട്ടോറിങ്ങാണ് ഇലക്ട്രോണിക് സിസ്റ്റം സംഭാവന ചെയ്യുന്നത്.
വെറും വണ്ടിയല്ല, ഒരു സഹായി
സീറ്റിലേക്കു കയറി ഇരുന്ന് 20 കിലോമീറ്റർ സ്പീഡ് പിന്നിട്ടാൽ ഉടനെ സീറ്റ് ബെൽറ്റ് അലാം മുഴങ്ങും. അടുത്ത നിമിഷം ഡോർ അജാർ വാണിങ് മുഴങ്ങുന്നു. വണ്ടി നമ്മൾ വിടുന്നതിന് അനുസരിച്ച് പായുകയല്ല. അത് നമ്മളെയും വഹിച്ചു കൊണ്ട് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയാണ്. ഒൻപതു മണിക്ക് റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി എത്തണം എന്നു നമ്മൾ കരുതിയാൽ നമ്മൾ ചവിട്ടി വിടും? അല്ലേ? എന്നാൽ പുതുകാല കാറുകൾ നമുക്കൊപ്പം നിൽക്കും. നമ്മുടെ ഒരു അപ്രന്റിസ് പോലെ.