വരാനിരിക്കുന്നത് ചെറു എസ് യു വികളുടെ പൂരം

compact-suv
SHARE

എസ് യു വി ചന്തമുള്ള വാഹനങ്ങള്‍ളോട് എക്കാലത്തും നമുക്ക് പ്രിയമാണ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കുകളെപ്പോലെ മലകയറ്റം നടക്കില്ലെങ്കിലും കാഴ്ച്ചപകിട്ടില്‍ എസ് യുവിയെന്നു തോന്നിപ്പിക്കുന്ന വാഹനങ്ങള്‍ നിരത്തു വാഴുന്നു. അവയില്‍ പ്രധാനിയാണ് കോംപാക്റ്റ് എസ് യു വി വിഭാഗം. നാലു മീറ്ററില്‍ താഴെ നീളമുള്ള ഈ ചെറിയ എസ് യു വികള്‍ വിപണിയില്‍ താരതമ്യേന പുതിയൊരു വിഭാഗമാണ്. മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ അടക്കി വാഴുന്ന കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനങ്ങള്‍.

മഹീന്ദ്ര എക്‌സ് യുവി 300

മാരുതിയുടെ ഏറ്റവും വില്‍പനയുള്ള യു വിയായ വിറ്റാര ബ്രെസയെ ലക്ഷ്യം വെച്ച് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കി നിര്‍മിച്ച എക്‌സ് യു വി 300 ഉടന്‍ പുറത്തിറങ്ങും. അഞ്ചു സീറ്റ്, ഏഴു സീറ്റ് വകഭേദങ്ങളില്‍ എക്‌സ്‌യുവി 300 പുറത്തിറക്കാനാണ് പദ്ധതി. നാലുമീറ്ററില്‍ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റര്‍ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവരുമായി മത്സരിക്കും. പെട്രോള്‍ പതിപ്പില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. 6ഏഴു മുതല്‍ 10 ലക്ഷം വരെയായിരിക്കും വില.

ഹ്യുണ്ടേയ് കാര്‍ലിനോ

ക്യുഎക്‌സ്‌ഐ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാര്‍ലിനോ ഉടന്‍ വിപണിയിലെത്തും. മാരുതി സുസുക്കി ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ വാഹനങ്ങളുള്ള നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവി വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാകാനാണ് കാര്‍ലിനോയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം രൂപയില്‍ താഴെ വില ഒതുക്കേണ്ടതിനാല്‍ കമ്പനി നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍, സിആര്‍ഡിഐ ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും ക്യുഎക്‌സ്‌ഐയിലും. 

ഹോണ്ട വിഷന്‍ എക്‌സ് എസ്-1 കണ്‍സെപ്റ്റ്

ഇന്ത്യയിലെ വിപണി വിഹിതം ഉയര്‍ത്താന്‍ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹോണ്ട ശ്രമിക്കുന്നത്. പ്രീമിയം എസ് യുവിയായ സിആര്‍-വിയുടെ പുതിയ പതിപ്പിന് ശേഷം ഈ വാഹനം പുറത്തിറക്കും. അമെയ്‌സിലൂടെ അവതരിപ്പിച്ച ടു യു എ പ്ലാറ്റ്‌ഫോമാണ്് പുതിയ എസ് യു വിക്ക് അടിത്തറയേകുക.  വിഷന്‍ എക്‌സ് എസ്-1 കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എസ് യു വിയുടെ നിര്‍മാണം. പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ പ്രതീക്ഷിക്കാം. 

ജീപ്പ് കോംപാക്റ്റ് എസ് യു വി

മാരുതി ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയാണ് ജീപ്പ് 526 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കോംപാക്റ്റ് എസ് യു വി. റെനഗേഡിന് ശേഷം ജീപ്പ്, ഇന്ത്യയില്‍ പുറത്തിറക്കുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീല്‍െ്രെഡവുമായി എത്തുന്ന മോഡലായിരിക്കും ഇത്. കോംപാക്റ്റ് എസ് യു വി സെഗ്മെന്റിന് ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച പ്രതികരണം തങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജീപ്പ് പുതിയ വാഹനത്തെ പുറത്തിറക്കുന്നത്. എന്‍ജിന്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

കിയ ചെറു എസ് യു വി

അടുത്ത വര്‍ഷം ഹ്യുണ്ടേയ് അവതരിപ്പിക്കുന്ന കോംപാക്ട് എസ് യു വിയായ കാര്‍ലിനൊ അടിസ്ഥാനമാക്കിയാവും കിയയുടെ ചെറു എസ് യുവി പുറത്തിറങ്ങുക. പ്ലാറ്റ്‌ഫോം ഒന്നാവുമെങ്കിലും കാഴ്ചയില്‍ കാര്‍ലിനൊയും കിയയുടെ കോംപാക്ട് എസ് യു വിയുമായി സാമ്യമുണ്ടാവില്ല. കിയയുടെ മുഖമുദ്രയായ ടൈഗര്‍ ഗ്രില്‍, ഇ ഡി ലൈറ്റിങ് തുടങ്ങിയവയൊക്കെ ഈ വാഹനത്തിലും പ്രതീക്ഷിക്കാം. 118 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം വികസനഘട്ടത്തിലുള്ള, ബി എസ് ആറ് നിലവാരം പാലിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും കാര്‍ലിനൊയ്ക്കു കരുത്തേകാനുണ്ടാവുമെന്നാണു പ്രതീക്ഷ. 

ഡാറ്റ്‌സണ്‍ ഗോക്രോസ്

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ വാഹനങ്ങള്‍ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റില്‍ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാനാണ് ഗോ ക്രോസ് എത്തുക. ഡാറ്റ്‌സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിര്‍മിക്കുന്ന ഗോ ക്രോസിന്റെ വില 6.5 ലക്ഷത്തില്‍ ആരംഭിക്കും. ക്രോസ് ഓവര്‍ വിപണിയിലേക്ക് ഡാറ്റ്‌സണ്‍ പുറത്തിറക്കുന്ന ആദ്യമോഡലാണ് ഗോ ക്രോസ്. ഡാറ്റ്‌സണിന്റെ ലൈനപ്പിലേക്ക് നാലാമത്തെ മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ിക്കുന്നത്. ഗോ, ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന 'വി' പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഗോ ക്രോസിന്റേയും നിര്‍മാണം. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോണ്‍സെപ്റ്റിലുള്ളത്. എന്നാല്‍ ഫീച്ചറുകളും രൂപകല്‍പനയും ഗോ പ്ലസില്‍ നിന്നു വ്യത്യസ്തം. ഗോയില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാകും ഗോ ക്രോസിലും. 5000 ആര്‍പിഎമ്മില്‍ 64 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA