ടിപ്പറും ജീപ്പും രക്ഷകരായപ്പോൾ

ദുരിതം പെയ്തിറങ്ങിയപ്പോൾ രക്ഷകർക്ക് ബോട്ടും ഹെലികോപ്റ്ററും മാത്രമല്ല ടിപ്പറും ജീപ്പും ജെ സി ബിയും സഹായികളായി. കാറും ബസും ചെറു ലോറികളും പണിമുടക്കിയിടത്ത് എങ്ങനെ ഈ വാഹനങ്ങൾ സുരക്ഷിതമായി മറുകര കണ്ടു? മുഖ്യ കാരണം രൂപകൽപനാ സവിശേഷതകൾ തന്നെ. പരിചയസമ്പന്നരായവർ പ്രവർത്തിപ്പിച്ചതും മികവായി. എന്തുകൊണ്ട് ടിപ്പറുകളും ജീപ്പും ജെ സി ബിയും ജയിച്ചു വന്നു എന്നതു പോലെ അറിഞ്ഞിരിക്കേണ്ടതാണ് റസ്ക്യൂ ഒാപ്പറേഷൻ കഴിഞ്ഞാൽ ഈ വാഹനങ്ങൾക്കു സംഭവിക്കാവുന്ന തകരാറുകളും പരിഹാരങ്ങളും.

∙ ടോറസാണു താരം: ഉയർന്ന എക്സ്ഹോസ്റ്റ്, മോശം റോഡുകളിലൂടെയും കയറാനുള്ള കഴിവ്, കൂടിയ കരുത്ത്, ഉയർന്ന ബോഡി എന്നിവയാണ് ടിപ്പറുകളെയും വലിയ ലോറികളെയും രക്ഷാവാഹനങ്ങളാക്കി മാറ്റുന്നത്. ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ ടോറസ് എന്നറിയപ്പെടുന്ന വലിയ ടിപ്പറുകളായിരുന്നു ആയിരങ്ങളെ സുരക്ഷിതത്വത്തിലേക്കെത്തിച്ചത് (ടോറസ് എന്നത് ലെയ്​ലൻഡ് വാഹനമാണെങ്കിലും എല്ലാ ഭാരവാഹക ശേഷി കൂടിയ ടിപ്പറുകളുടെയും പേര് ഇതാണിപ്പോൾ).

∙ െവള്ളത്തിലോടിയാൽ? വലിയ ലോറികളാണെങ്കിലും ചിലപ്പോൾ പണി കിട്ടും. എൻജിനു തകരാറില്ലെങ്കിൽപ്പോലും 60,000 രൂപയുടെ അറ്റകുറ്റപ്പണി വന്നേക്കാം. സാധാരണ വരാവുന്ന തകരാറുകളും പരിഹാരവും ഇതൊക്കെ: ബ്രേക് സിസ്റ്റം തുരുമ്പെടുക്കാൻ സാധ്യത. അഴിച്ച് ക്ലീൻ ചെയ്യേണ്ടിവരും. ലൂബ്രിക്കെന്റുകൾ പോകും. വെള്ളത്തിലൂടെ കൂടുതൽ സമയം ഒാടുന്നതിനാൽ ഗ്രീസ് നഷ്ടമായി ബെയറിങ്ങുകൾക്ക് തേയ്മാനം സംഭവിക്കും. ചിലപ്പോൾ മാറേണ്ടിയും വരും. ആക്സിൽ ഓയിലും ഗിയർബോക്സ് ഓയിലും മാറ്റണം. ചിലപ്പോൾ എൻജിൻ ഓയിലും മാറേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ എൻജിൻ ശുദ്ധിയാക്കണം. 

∙ െെലറ്റണച്ചാൽ രക്ഷയില്ല: ഇലക്ട്രിക്കൽ ഘടകങ്ങൾക്ക് വിശദ പരിശോധന വേണം. പല െെഡ്രവർമാരും തകരാറു കുറയ്ക്കാൻ െെലറ്റുകൾ പ്രവർത്തിപ്പിക്കാതെയാണ് ഒാടിയത്. എന്നാൽ സി ആർ ഡി െെഎ എൻജിനുകൾക്ക് ഇലക്ട്രിക്കൽ ഘടകങ്ങൾ ഇല്ലാതെ പ്രവർത്തിക്കാനാവാത്തതിനാൽ ഇതുകൊണ്ടു വലിയ പ്രയോജനമില്ല. എക്സ്ഹോസ്റ്റിൽ വെള്ളം കയറിയാൽ മഫ്ളർ, കാറ്റലിക്ക് കൺവർട്ടർ എന്നിവ ശ്രദ്ധിക്കണം. ചില സാഹചര്യങ്ങളിൽ കാറ്റലിക് കൺവർട്ടർ മാറ്റിവെക്കേണ്ടിവരും. 

∙ ഫോർ വീൽ െെഡ്രവ്: ജീപ്പുകളും എസ് യു വികളും അടക്കമുള്ള നാലു വീൽ െെഡ്രവ് വാഹനങ്ങൾക്ക് വെള്ളം വലിയ പ്രശ്നമല്ല. ഓഫ് റോ‍ഡ് ടയറുകൾ, ഉയർത്തിയ എയർ ഇൻടേക്ക് (സ്നോർക്കൽ‌), എക്സ്ഹോസ്റ്റ് പൈപ്പ്, സസ്പെൻഷൻ എന്നിവയുള്ളതിനാലാണ് ജീപ്പുകൾ വെള്ളത്തിൽ കുടുങ്ങാത്തത്. പുറമെ കുടുങ്ങിയാൽ വലിച്ചുകയറ്റാനുള്ള വിഞ്ച്, സുരക്ഷയ്ക്കായി റോൾ കേജ്, നാലു പോയിന്റ് സീറ്റ് ബെൽറ്റുകൾ, കരുത്തുള്ള എൻജിൻ, ബ്രേക്ക്. ഇതിനൊക്കെപ്പുറമെ ഒാഫ് റോഡിങ് നടത്തി പരിചയമുള്ളവരുടെ കയ്യിൽ സ്റ്റിയറിങ് വീൽ വരുന്നതിെൻറ നേട്ടം.

∙ പണി വരും: ഫിൽറ്ററുകളെല്ലാം മാറേണ്ടി വരും. ഡിഫ്രൻഷ്യൽ ഓയിൽ, ഗിയർബോക്സ് ഓയിൽ, എൻജിൻ ഓയിൽ എന്നിവയും മാറ്റണം. സ്റ്റാർട്ടർ, ക്ലച്ച് എന്നിവ തകരാറിലാവാനുള്ള സാധ്യത കൂടുതലാണ്. ബ്രേക്ക് പാഡുകൾ മാറണം. സ്റ്റിയറിങ് റോഡുകൾക്ക് തകരാർ സംഭവിച്ചേക്കാം. ഓയിലുകളും ഫിൽറ്ററുകളും മാത്രം മാറുന്നതിനായി കുറഞ്ഞത് 15000 രൂപ. ക്ലച്ച് 8000 രൂപ മുതൽ 25000 രൂപ വരെ. പരമാവധി 50000 രൂപ വരെയാകും.

∙ വെള്ളത്തിലാശാൻ: ജെ സി ബിയും ട്രാക്ടറുകളുമാണ് വെള്ളത്തില്‍ ഇറക്കാൻ ഏറ്റവും അനുയോജ്യ വാഹനങ്ങൾ. ജീപ്പുകളും ഓഫ് റോഡ് വാഹനങ്ങളും 3 അടി വെള്ളത്തിൽ വരെ ഇറങ്ങുമ്പോൾ ജെസിബികൾക്ക് 5 അടിക്ക് മുകളിൽ വെള്ളമുള്ള സ്ഥലങ്ങളിൽ വരെ ഇറങ്ങാൻ സാധിക്കും. വെള്ളത്തിൽ കുടുങ്ങിപോകാനുള്ള സാധ്യത കുറവാണ്. താരതമ്യേന തകരാറുകളും കുറയും. ഹൈഡ്രോളിക് സർക്യൂട്ടുകളിൽ വെള്ളം കയറിയേക്കാം. അതുകൊണ്ട് അവ ക്ലീൻ ചെയ്യേണ്ടി വരും.