രാജ്യത്തെ പ്രധാന ഓഫ്‌റോഡ് മത്സരങ്ങളിലെല്ലാം ഇവര്‍ പങ്കെടുത്തിട്ടുണ്ട്. മനസാന്നിധ്യവും ഡ്രൈവിങ് മികവും മുന്നിട്ട് നിന്നപ്പോള്‍ നിരവധി മത്സരങ്ങളില്‍ കിരീടം ചൂടിയിട്ടുമുണ്ട്. കാനനപാത മുതല്‍ ഒരിഞ്ചുതെറ്റിയാല്‍ അപകടങ്ങള്‍ നടക്കുന്ന മലഞ്ചെരുവിലൂടെ നിരവധി സാഹസിക യാത്രകള്‍ നിരന്തരം നടത്തുന്നുമുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നേരിട്ട യാത്ര ഏതെന്ന് ചോദിച്ചാല്‍ ഇവരെല്ലാം ഒറ്റ വാക്കില്‍ പറയും ഓഗസ്റ്റ് 16 മുതല്‍ 20 വരെ നടത്തിയ രക്ഷാപ്രവര്‍ത്തനം. ഇവര്‍ ആരെന്നല്ലെ... ഇവരാണ് കെടിഎം ജീപ്പേഴ്‌സ്.
കെടിഎം ജീപ്പേഴ്‌സ് അംഗം സാം കുര്യന്‍ കളരിക്കലിന്റെയും ക്ലബിലെ 14 മറ്റംഗങ്ങളുടെയും കൂട്ടായ്മയിൽ ചെങ്ങന്നൂരിലും തിരുവല്ലയിലുമായി ജീവിതത്തിലേക്ക് തിരികെ എത്തിയത് നൂറിലധികം പേരാണ്. നാലടി വരെ പൊങ്ങിയ വെള്ളത്തിലും മുട്ടോളം മൂടുന്ന ചെളിയിലും കിതയ്ക്കാതെ കയറിച്ചെന്ന 15 ഓഫ് റോഡ് ജീപ്പുകളാണ് ഇവരെ ഈ യാത്രയില്‍ സഹായിച്ചത്.
പ്രളയ ബാധിതരെ സഹായിക്കാന്‍ തയാറാണെന്ന് കാണിച്ച് ഓഗസ്റ്റ് 14 ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ ഇത്രമാത്രം സഹായം ചെയ്യാന്‍ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല - സാം കുര്യന്‍ കളരിക്കല്‍ പറയുന്നു. ഓഗസ്റ്റ് 15 മുതലാണ് സഹായം തേടിയുള്ള വിളികള്‍ വര്‍ദ്ധിച്ചത്. ഓഗസ്റ്റ് 16 മുതല്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി. കോട്ടയം ജീപ്പേഴ്‌സിലെ എല്ലാം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നേവിയുടെ ബോട്ടുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കടന്ന് ചെല്ലാന്‍ പറ്റാത്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വഴിമുട്ടി നില്‍ക്കുമ്പോളായിരുന്നു കെ.ടി.എം ജീപ്പഴ്‌സ് ഉള്‍പ്പടെയുള്ള ഓഫ് റോഡ് ജീപ്പുകളുടെ രംഗപ്രവേശം.
ബോണിറ്റിന് മുകളിൽ വരെ വന്ന വെള്ളത്തിലൂടെ ജീപ്പോടിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടിപ്പറിനും മിലറ്ററി ട്രക്കിനും എത്തിപ്പെടാൻ പറ്റാത്ത ചെറുവഴികളിൽ മഹീന്ദ്ര ജീപ്പാണ് രക്ഷക്കനായതെന്ന് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട സംഘാംഗം മോഹൻ സമുഷ് ശർമ്മ പറയുന്നു. ചെറു ബോട്ടുകളും രക്ഷാ ദൗത്യത്തിനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങളുമായിട്ടാണ് കെടിഎം ജീപ്പേഴ്‌സ് ദുരന്ത മേഖലകളിലേക്ക് എത്തിയത്. കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ റാഫ്റ്റിങ് നടത്തി പരിചയമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നത് ദൗത്യത്തിന് സഹായകരമായി. മുങ്ങല്‍ വിദഗ്ധരെയും സംഘത്തിലുള്‍പ്പെടുത്തി എല്ലാവിധ തയാറെടുപ്പുകളുമായിട്ടായിരുന്നു ഇവരുടെ യാത്ര. കൂടാതെ ഒരാള്‍ ഫോണ്‍ വഴി രക്ഷാ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തു. പ്രദേശവാസികളുടെയും, മറ്റു വോളന്റിയര്‍മാരുടെയും, മത്സ്യത്തൊഴിലാളികലുടെയും സഹകരണവും ഉറപ്പു വരുത്തി.
കുത്തിയൊലിക്കുന്ന നദിയുടെ കരയിലെ വീട്ടില്‍ അകപ്പെട്ട വികലാംഗനായ ഒരാളെ രക്ഷിച്ചതാണ് തന്റെ നാലു ദിവസത്തെ ദൗത്യത്തിലെ ഏറ്റവും വെല്ലുവിളി നേരിട്ട സമയമെന്ന് സംഘാംഗമായ സുജിത് പറയുന്നു. നേരത്തെ ബോട്ടുകള്‍ ഉള്‍പ്പെടെ രക്ഷിക്കാന്‍ എത്തിയിട്ടും മുതിര്‍ന്ന പൗരന്‍കൂടിയായ ഇദ്ദേഹം വീട് വിട്ടു വരാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഒഴുക്ക് വീണ്ടും വര്‍ദ്ധിച്ചതോടെ ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം ആവശ്യപ്പെട്ടു. വെള്ളത്തിലൂടെ ഏതാണ്ട് 15 കിലോമീറ്റര്‍ ജീപ്പോടിച്ചാണ് ഇവര്‍ സ്ഥലത്തെത്തിയത്. അപ്പോഴേക്കും വാഹനത്തിന്റെ ബോണറ്റോളം വെള്ളം ഉയര്‍ന്നിരുന്നു. ഒഴുക്കിന്റെ ശക്തി വര്‍ദ്ധിച്ചതോടെ വാഹനം നിയന്ത്രിക്കാനും വിഷമമായി. ഏതായാലും ഇക്കുറി വീട്ടുടമ വാഹനത്തില്‍ കയറാന്‍ തയാറായി. ഇവര്‍ യാത്രതിരിച്ച് വൈകാതെ തന്നെ വീട് തകര്‍ന്ന് വീഴുകയും ചെയ്തു.
തന്റെ ജീപ്പിനോടുള്ള സ്‌നേഹം സമയം പോക്കായി മാത്രം കണ്ട ഗീരീഷ് മത്തായി എന്ന കെടിഎം ക്ലബ്ബ് അംഗം തിരിച്ചറിവിന്റെ സമയമായാണ് ഈ രക്ഷാ ദൗത്യത്തെ വിശേഷിപ്പിച്ചത്. കുത്തിയൊലിച്ചെത്തുന്ന പ്രളയ ജലത്തില്‍ നിന്ന് ഗിരീഷ് രക്ഷിച്ചത് ഒരു പറ്റം സ്‌കൂള്‍ കുട്ടികളെയാണ്. പത്തു കുട്ടികളെയും കയറ്റി വെള്ളപ്പൊക്കമേഖലയില്‍ നിന്ന് തിരികെ പോകുമ്പോള്‍ ജീപ്പ് എന്നത് മത്സരങ്ങളില്‍ വിജയം നേടാനുള്ള വാഹനം മാത്രമല്ലെന്ന് താന്‍ തിരിച്ചറിഞ്ഞെന്ന് ഗിരീഷ് പറയുന്നു. കുട്ടികളെ കൂടാതെ 90വയസ്സുള്ള ആസ്മ രോഗിയായ സ്ത്രീയെ രക്ഷിച്ചതും ഗിരീഷ് വിവരിച്ചു. മരണത്തോട് മല്ലിട്ടിരുന്ന ഇവരിപ്പോൾ തിരുവല്ല ജനറല്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.
തിരുവല്ല ജനറല്‍ ആശുപത്രിയില്‍ വച്ച് തന്നെ മരണമടഞ്ഞ ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി വീട്ടിലേക്ക് പോയതായിരുന്നു ഈ അമ്മൂമ്മ. തിരികെ വരാനാകാതെ രണ്ടു ദിവസത്തോളം വെള്ളത്തിന് നടുവില്‍ ഒറ്റപ്പെട്ടു. അപ്പോഴാണ് ഗിരീഷും സംഘവും ഈ അമ്മൂമ്മയെ കണ്ടെത്തുന്നതും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.
വാട്സാപ്പും ഫെയ്സ്ബുക്കും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൃത്യമായി ഉപയോഗിച്ച് കെടിഎം ജീപ്പേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് കുര്യന്‍ എന്ന കെടിഎം അംഗമാണ്. രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് നിരവധി കോളുകളാണ് എത്തിയത്. മിക്കവയും അപകടസ്ഥലത്തിന് പുറത്തുള്ള ബന്ധുക്കളുടെതായിരുന്നു. ഭൂരിഭാഗം പേരും വിദേശത്തുള്ളവര്‍. തിരക്കു വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഫോണ്‍നമ്പറുകളില്‍ വിളിച്ചിട്ട് കിട്ടാത്ത അവസ്ഥയായി. ഈ സമയത്ത് മറ്റു രക്ഷാമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചവര്‍ക്കെല്ലാം കെടിഎം ജീപ്പേഴ്‌സ് സഹായഹസ്തമായി.
തങ്ങള്‍ക്ക് കഴിയാത്ത സമയങ്ങളില്‍ നേവിയുടെ സഹായം തേടിയ കാര്യവും കുര്യന്‍ വിവരിക്കുന്നു. ഗള്‍ഫില്‍ നിന്നുള്ള യുവതി ചെങ്ങന്നൂരില്‍ നദിക്കരയിലുള്ള അച്ഛനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കരഞ്ഞു കൊണ്ടാണ് വിളിച്ചത്. അവിടേക്ക് ജീപ്പു മാര്‍ഗ്ഗം എത്തിപ്പെടുക സാധ്യമായിരുന്നില്ല. ഒടുവില്‍ എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അദ്ദേഹത്തെ രക്ഷിച്ചുവെന്നും കുര്യന്‍ പറയുന്നു. സോഷ്യല്‍ മീഡിയ ആണ് ഇക്കുറി കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായതെന്നും കുര്യന്‍ ഉറപ്പിച്ച് പറയുന്നു.
കോട്ടയത്തെ ഓഫ് റോഡ് പ്രേമികളുടെ കൂട്ടായ്മയായ കെടിഎം ജീപ്പേഴ്‌സ് 2007 ലാണ് രൂപികരിക്കുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതുവരെ ഓഫ് റോഡ് റൈഡുകള്‍ മാത്രമായിരുന്നു സംഘത്തിന്റെ ലക്ഷ്യമെങ്കില്‍ ഇനി അതല്ലെന്ന് അവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കെടിഎം ജീപ്പേഴ്‌സ് ഉണ്ടാകും. നല്ലൊരു ഓഫ് റോഡ് മത്സരം കഴിഞ്ഞു വന്ന ത്രില്ലിലാണ് കെടിഎം ജീപ്പേഴ്‌സ്. ഇത്തവണ കൂടെ കൊണ്ടുവന്നത് ട്രോഫികളല്ല... ഒരു ജനതയുടെ കണ്ണിലെ തിളക്കമാണ്.