ചൂട് പേടി വേണ്ട, ഈ ഹെല്‍മറ്റ് എസിയാ...എസി

helmet
SHARE

ഇരുചക്രവാഹനയാത്രികരെ ഏറ്റവുമധികം വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് മഴയും വെയിലും. മഴയെ പ്രതിരോധിക്കാന്‍ മഴക്കോട്ടും ബൈക്കിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റിന്റെ മേല്‍ക്കൂരയും ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ചൂടിനെ പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. ഈ കുറവ് നികത്തുകയാണ് ഹവായിയിൽ നിന്നുള്ള സ്റ്റീവ് ഫെഹറിന്റെ എ.സി ഹെല്‍മറ്റ്. 

വിപണിയിലിറങ്ങുന്ന ഹെല്‍മറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തി അവയില്‍ എസി ഘടിപ്പിക്കുന്ന പതിവ് നേരത്തെയുണ്ട്. എന്നാല്‍ ഇതൊന്നും ഒരു റൈഡര്‍ എന്ന നിലയില്‍ സംതൃപ്തി തരാത്ത സഹചര്യത്തിലാണ് സ്റ്റീവ് ഫെറര്‍ എസി ഹെല്‍മറ്റ് എന്ന പുതിയ കണ്ടുപിടുത്തം. പ്രശസ്ത ഹെല്‍മറ്റ് നിര്‍മാതാക്കളുമായി സഹകരിച്ചാണ് സ്റ്റീവ് ഈ ഹെല്‍മറ്റ് നിര്‍മിച്ചത്. എസി ഹെല്‍മറ്റ് 1 എന്നര്‍ത്ഥം വരുന്ന  ACH-1 എന്നതാണ് ഈ ഹെല്‍മറ്റിന് നല്‍കിയിരിക്കുന്ന പേര്. എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന ആദ്യ ഹെല്‍മറ്റാണ് ACH-1.

ഹെല്‍മറ്റിലെ എസിയുടെ പ്രവര്‍ത്തനം

ആഡംബര  കാറുകളില്‍ സീറ്റ് തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോഇലക്ട്രിക് സാങ്കേതിക വിദ്യയാണ് എസി ഹെല്‍മറ്റിലും ഉപയോഗിക്കുന്നത്. വലുപ്പക്കുറവാണ് എന്നതാണ് ഈ ടെക്നോളജി ഹെല്‍മറ്റിനു വേണ്ടി സ്വീകരിക്കാന്‍ കാരണം. ഈ ടെക്നോളജി ഹെല്‍മറ്റില്‍ ഉപയോഗിക്കുന്നതിനായി സ്റ്റീവ് ഫെഹര്‍ രൂപം നല്‍കിയ ടര്‍ബുലര്‍ സ്പെസര്‍ ഫാബ്രിക് സഹായിക്കുന്നു. ഈ ഫാബ്രിക് വഴി തണുത്ത ശീതീകരിച്ച കാറ്റ് ഹെല്‍മറ്റിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ സാധിക്കും.

helmet-1
Feher ACH-1

ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുക. അതായത് തണുത്ത ഐസ്ക്രീം കഴിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള തലവേദന ഈ ഹെല്‍മറ്റ് സൃഷ്ടിക്കില്ലെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. തണുപ്പിക്കുക എന്നതിലുപരി തലയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുക എന്നതായിരക്കും എസിഎച്ച് 1 ഹെല്‍മറ്റിന്റെ ലക്ഷ്യം. 

ഹെല്‍മറ്റിന്റെ മുന്‍വശത്ത് കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്. ഹെല്‍മറ്റിന്റെ പുറകു വശത്തായാണ് എസിയുടെ എക്സ്ഹോസ്റ്റ് ഭാഗം ഘടിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് കയറുന്ന വായു ഇവിടെത്തി ശീതീകരിച്ച ശേഷമാണ് ഉള്ളിലേക്ക് പോവുക. എക്സ്ഹോസ്റ്ററില്‍ നിന്ന് ചൂട് ഹെല്‍മറ്റിന്റെ പുറക് വശത്ത് താഴെയുള്ള പൈപ്പിലൂടെ പുറന്തള്ളുകയും ചെയ്യും. 

Feher Helmets 2018 ACH 1 Overview

ബാറ്ററി

സ്വാഭാവികമായും എസി പ്രവര്‍ത്തിക്കണമെങ്കില്‍ ഉയര്‍ന്ന ക്ഷമതയുള്ള ബാറ്ററികള്‍ വേണ്ടി വരും. 3000 mAh ബാറ്ററിയില്‍ 2 മണിക്കൂറും, 6000 mAh ബാറ്ററിയില്‍ 4 മണിക്കൂറും 12000mAh ബാറ്ററിയില്‍ 6 മണിക്കൂറും ഹെല്‍മറ്റിലെ എസി പ്രവര്‍ത്തിക്കും. ബാറ്ററി ഹെല്‍മറ്റിന് പുറത്ത് വാഹനത്തില്‍ ഘടിപ്പിക്കാന്‍ തക്ക രീതിയിലാണ് ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഹെല്‍മെറ്റിന്റെ ഭാഗമായി ബാറ്ററി കൂടി ഘടിപ്പിക്കാനും കഴിയുമെന്നും സ്റ്റാവ് ഫെഹര്‍ പറയുന്നു. ഹെല്‍മറ്റിന് അനുയോജ്യമായ 12000 mAh ന്റെ ബാറ്ററിയും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഇത് ഹെല്‍മറ്റിനൊപ്പം പ്രത്യേകം വില കൊടുത്ത് വാങ്ങണം. നിലവില്‍ 549.99 ഡോളറാണ് ഹെല്‍മറ്റിന്റെ വില, ഏതാണ്ട് 38600 രൂപ.  ഹെല്‍മറ്റ് എപ്പോൾ വിപണികളേക്ക് എത്തുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA