എന്താണ് റഫാൽ, 670 കോടിയുടെ ഈ യുദ്ധവിമാനം എന്തിന്?

ആരോപണ പ്രത്യാരോപണങ്ങളുടെ പേരിൽ റഫാൽ വിമാനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. റഫാൽ കരാർ ഇന്ത്യയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി എന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ ലാഭം മാത്രമാണെന്ന് ബിജെപി പറയുന്നു. എന്താണ് റഫാൽ, എന്തിനാണ് റഫാൽ വിമാനങ്ങൾ....

Rafale Fighter Plane

പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതൽ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്.  ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ തീരുമാനമെടുത്തത്. 

Rafale Fighter Plane

റഫാൽ

എൺ‌പതുകളിൽ വികസനം ആരംഭിച്ച റഫാൽ  2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 165 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.

Rafale Fighter Plane

വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.  ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക.  രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.